കൊലച്ചതി മറക്കില്ല വിശ്വാസത്തിനേറ്റ മുറിവ്: അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

Thursday 3 January 2019 3:28 am IST

കോഴിക്കോട്: ശബരിമലയില്‍ ഇടതുസര്‍ക്കാര്‍ പോലീസ് സംരക്ഷണയില്‍ നടത്തിയ ആചാരലംഘനം വിശ്വാസത്തിനേറ്റ മുറിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. ഈ മുറിവ് ഉണങ്ങില്ല. 

സിപിഎമ്മും സംസ്ഥാന സര്‍ക്കാരും നടത്തിയ ഈ കൊലച്ചതി വിശ്വാസികള്‍ മറക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

നിരീശ്വരവാദം പ്രചരിപ്പിച്ച് ക്ഷേത്രവിശ്വാസം തകര്‍ക്കാനാണ്  സിപിഎമ്മിന്റെ ശ്രമം. ശബരിമലയില്‍ ആചാരലംഘനം നടക്കുമെന്ന കൊലച്ചതി മുന്നില്‍ക്കണ്ടാണ് ബിജെപി സമരത്തിന് നേതൃത്വം നല്‍കിയത്.

സിപിഎമ്മിന്റെ കൊലച്ചതിയും നേതാക്കളുടെ കൊലച്ചിരിയും സമൂഹം തിരിച്ചറിയും. മല കയറിയ യുവതിയുടെ സഹോദരന്‍ തന്നെ ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ കുടുംബം സിപിഎം കുടുംബമാണ്. സിപിഎം നേതാവിന്റെയും ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും പേരും യുവതിയുടെ സഹോദരന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കണം.

കൊലച്ചിരി നടത്തുന്നവര്‍ക്ക് വിശ്വാസികള്‍ രാഷ്ട്രീയമായി മറുപടി പറയും. ഒരു ഭരണകൂടത്തിന്റെ ആണത്തമില്ലായ്മയാണ് കണ്ടത്. അതിനാലാണ് പിന്‍വാതിലിലൂടെ യുവതികളെ കയറ്റിയത്. ഒരു സ്ഥിരതയും ഇല്ലാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. 

ആചാരലംഘനത്തിനെതിരെ ശബരിമല കര്‍മസമിതി നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.