സുരക്ഷ ഉറപ്പാക്കാന്‍ 70,000 കോടി വേണം - റെയില്‍‌ മന്ത്രാലയം

Friday 22 July 2011 3:25 pm IST

ന്യൂദല്‍ഹി: വര്‍ദ്ധിച്ചു വരുന്ന റെയില്‍ അപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും റെയില്‍‌വേ മന്ത്രാലയം റിപ്പോര്‍ട്ട് തയാറാക്കി. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ 70,000 കോടിയുടെ ചെലവ് റെയില്‍‌വേയ്ക്ക് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടങ്ങള്‍ തടയുന്ന ആന്റി കൊളിഷന്‍ സംവിധാനം സ്ഥാപിക്കുക, ട്രെയിന്‍ പ്രൊട്ടക്ഷന്‍ മുന്നറിയിപ്പു സംവിധാനം, ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കല്‍, ട്രാക്കുകളുടെ അറ്റകുറ്റപ്പണി, സിഗ്നല്‍- ടെലി കമ്യൂണിക്കേഷന്‍ സംവിധാനം പരിഷ്കരിക്കല്‍, എല്‍എച്ച്ബി കോച്ചുകള്‍ വാങ്ങല്‍, ലോക്കോമൊട്ടീവുകള്‍ പരിഷ്കരിക്കല്‍ എന്നിവ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുള്ള പണം ബജറ്റില്‍ ഉള്‍പ്പെടുത്താതെ തരാന്‍ മന്ത്രാലയം ആവശ്യപ്പെടും. ട്രാക്കുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി വഷളായതിനെത്തുടര്‍ന്ന് അടിസ്ഥാന സൗകര്യവികസനത്തിനു നീക്കിവയ്ക്കുന്ന തുകയില്‍ സാരമായ കുറവ് വരുത്തിയിരുന്നു. സുരക്ഷാ ക്യാറ്റഗറിയില്‍ 1,26,044 ഒഴിവുകള്‍ നികത്താതെ കിടക്കുന്നു. ഇതുകൂടാതെ ആളില്ലാ ലെവല്‍ ക്രോസിലേക്കു 14,896 പേരെ നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൗറ-കല്‍ക്ക മെയ്ല്‍ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷിത യാത്രയ്ക്കുള്ള സംവിധാനം നടപ്പിലാക്കുന്നതിനുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് റെയില്‍‌വേ റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറിയതായി റെയില്‍‌വേ മന്ത്രാലയം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.