നവോത്ഥാനത്തിലേക്ക് കുറുക്കുവഴികളില്ല

Friday 4 January 2019 1:33 am IST
ഒരു മുസ്ലീം പള്ളിക്കോ, ക്രിസ്ത്യന്‍ പള്ളിക്കോ എതിരായിട്ടാണ് പിണറായിയുടെ നീക്കമെങ്കില്‍ ഇവരെല്ലാം ഇങ്ങനെയാണോ പ്രതികരിക്കുക?. അങ്ങനെ നീക്കം നടത്താന്‍ പിണറായി മുതിരില്ലെന്ന് ഇപ്പോള്‍ ബോധ്യവുമായല്ലോ. ക്രിസ്ത്യന്‍ സഭാ തര്‍ക്കത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച സര്‍ക്കാരാണ് അതേ കോടതിയുടെ ശബരിമല വിധി നടപ്പിലാക്കാന്‍ ഒരു ചര്‍ച്ചയും കൂടിയാലോചനയും നടത്താതെ ധാര്‍ഷ്ട്യത്തിന്റെയും കയ്യൂക്കിന്റെയും വഴി സ്വീകരിക്കുന്നത്.

കേരളത്തിലെ നവോത്ഥാന ചരിത്രം പോരാട്ടങ്ങളുടേതാണ്. സഹനസമരത്തിലൂടെ നേടിയെടുത്ത നവോത്ഥാനമൂല്യങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരികവും സാമൂഹ്യവുമായ വളര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്നു. വൈക്കത്തും ഗുരുവായൂരും നടന്ന സമരങ്ങള്‍ കേരളത്തിന്റെ നവോത്ഥാന പോരാട്ടചരിത്രത്തിലെ നാഴികക്കല്ലുകളാണ്. എന്നാല്‍ അന്നത്തെ വൈക്കത്തിനും ഗുരുവായൂരിനും സമമാണ് ഇന്നത്തെ ശബരിമലയിലെ യുവതീപ്രവേശനം എന്ന് വാദിക്കുന്നവരുടെ തലപരിശോധിക്കണം. കേരളത്തിലെ നവോത്ഥാന ജീവിതത്തിലേക്ക് ഇന്നത്തെ ശബരിമല യുവതീ പ്രവേശനത്തിന് കാര്യമായ സംഭാവനയൊന്നും നല്‍കാനില്ലെന്ന തിരിച്ചറിവുണ്ടാകുകയാണ് വേണ്ടത്. ശബരിമലയില്‍ അനാചാരങ്ങള്‍ പാലിക്കപ്പെടുന്നില്ല. ആരെയെങ്കിലും അകറ്റി നിര്‍ത്തുന്നുമില്ല. സ്ത്രീകള്‍ക്ക് പ്രവേശനം തടഞ്ഞിട്ടുമില്ല. ശബരിമലയുടെ ആചാരങ്ങളുടെയും ആരാധനയുടെയും ഭാഗമായ ചില നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഇത്തരം നിയന്ത്രണങ്ങള്‍ പലതരത്തിലായി ഇപ്പോഴുണ്ട്. 

വൈക്കത്തും ഗുരുവായൂരും നടന്നത് അയിത്തത്തിനെതിരായ സമരമാണ്. 1924 മാര്‍ച്ച് 30നു തുടങ്ങി 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യഗ്രഹ പ്രസ്ഥാനം പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു. വൈക്കം മഹാദേവക്ഷേത്രം കേന്ദ്രീകരിച്ചുനടന്ന സത്യഗ്രഹത്തിന് ഗാന്ധിജിയുടെ പിന്തുണയുണ്ടായിരുന്നു. യാഥാസ്ഥിതികവാദികളുടെ എതിര്‍പ്പുകളെ മറികടന്ന് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അന്തസ്സും അഭിമാനവും അവകാശവും സ്ഥാപിച്ചെടുക്കാന്‍ കേരളത്തില്‍ നടന്ന ആദ്യത്തെ ഐതിഹാസിക സമരമായിരുന്നു വൈക്കത്തേത്. എല്ലാത്തരം എതിര്‍പ്പുകളെയും അവഗണിച്ച്് നിരവധിപേരുടെ ത്യാഗോജ്ജ്വലമായ ചെറുത്തുനില്‍പ്പിലൂടെയാണ് ജാതിയുടെയും നിറത്തിന്റെയും വേര്‍തിരിവുകളെ മറികടന്ന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും വഴിനടക്കാനുള്ള അവകാശം സ്ഥാപിച്ചെടുത്തത്. 

കെ. കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ഫലമായി ഗുരുവായൂര്‍ ക്ഷേത്രം ഉടനടി അവര്‍ണര്‍ക്ക് തുറന്നുകൊടുത്തില്ല. എന്നാല്‍ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെതിരായ പൊതുബോധം സജീവമാക്കാന്‍ ഈ സത്യഗ്രഹത്തിന് സാധിച്ചു എന്നതാണ് ഗുരുവായൂര്‍ സത്യഗ്രഹത്തെ പ്രധാനപ്പെട്ടതാക്കുന്നത്. ശ്രീ ചിത്തിര തിരുനാളിന്റെ ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് നയിച്ചത് ഗുരുവായൂര്‍ സത്യഗ്രഹമാണെന്ന് പറയാം.

വൈക്കത്തും ഗുരുവായൂരും സമരം നടക്കുന്ന കാലഘട്ടത്തിലെ സാമൂഹ്യാവസ്ഥകളല്ല ഇന്ന് നിലനില്‍ക്കുന്നത്. ശ്രീനാരായണഗുരുദേവന്‍, മന്നത്ത് പത്മനാഭന്‍, അയ്യങ്കാളി തുടങ്ങിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ശ്രമഫലമായി അയിത്തവും തീണ്ടലുമെല്ലാം ഇല്ലാതായി. കേരളത്തിലെ ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്കുള്ളതാണെന്ന പൊതുബോധം സമൂഹത്തിലുണ്ടായി. ശബരിമലയും അങ്ങനെതന്നെയാണ്. എന്നാല്‍ ആചാരങ്ങളും ആരാധനാരീതികളും ഓരോയിടത്തും വ്യത്യസ്തമായതിനാല്‍ അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ എല്ലാ ആരാധനാലയങ്ങളിലും പാലിക്കപ്പെടേണ്ടതുണ്ട്. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് വിശ്വാസത്തിന്റെ ഭാഗമാണ്. വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടാത്ത സമൂഹം അരാചകത്വത്തിലേക്ക് നീങ്ങും. ഏത് മതത്തില്‍പ്പെട്ടയാളുടെയും വിശ്വാസങ്ങള്‍ക്ക് പ്രസക്തിയും വിലയും കല്‍പ്പിക്കപ്പെടേണ്ടതുണ്ട്. അത് ഹനിക്കുന്ന സമൂഹം കലാപകാരികളുടെ കൂടാരമാകും.  

വൈക്കം സത്യഗ്രഹത്തിലൂടെയും ഗുരുവായൂര്‍ സമരത്തിലൂടെയും നേടിയെടുത്ത നവോത്ഥാനമൂല്യങ്ങള്‍ക്ക് സമമായി തനിക്കും ചിലതെല്ലാം ചെയ്യാനുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തോന്നലാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇത്രകണ്ട് വഷളാക്കിയത്. ആധുനിക കാലത്തെ നവോത്ഥാന നായകനാകാനുള്ള പിണറായി വിജയന്റെ ശ്രമം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിവന്ന ശേഷം പലതവണ സന്നിധാനത്തെത്താന്‍ ചില 'ആക്ടിവിസ്റ്റുക'ളായ യുവതികള്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഭക്തരുടെ ശക്തമായ എതിര്‍പ്പായിരുന്നു കാരണം. തന്ത്രിയുടെയും പന്തളം കൊട്ടാരത്തിന്റെയും ശബരിമല കര്‍മസമിതി, എന്‍എസ്എസ് തുടങ്ങിയ സംഘടനകളുടെയും സുചിന്തിതമായ തീരുമാനവുമായിരുന്നു പിന്‍ബലം. ആചാരം ലംഘിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് വളഞ്ഞവഴിയിലൂടെയാണെങ്കിലും ഹൈന്ദവ വിശ്വാസികളുടെ മനസ്സിനെ മുറിവേല്‍പ്പിക്കണമെന്ന തീരുമാനം പിണറായി വിജയനെടുത്തത്. അതിന്റെ ഭാഗമായാണ്, മലകയറാനുള്ള ആദ്യശ്രമത്തില്‍ പരാജയപ്പെട്ട രണ്ട് തീവ്ര ഇടതുപക്ഷക്കാരായ ആക്ടിവിസ്റ്റുകളെ പോലീസ് സംരക്ഷണയില്‍ രണ്ടാഴ്ചയിലധികം താമസിപ്പിച്ചശേഷം, രാത്രിയുടെ മറവില്‍ മോഷ്ടിക്കാന്‍ വരുന്നതുപോലെ, ശിഖണ്ഡിയുടെ വേഷം കെട്ടിച്ച്, പോലീസ് സംരക്ഷണയില്‍ വളഞ്ഞ വഴികളിലൂടെ ഭഗവാന്റെ മുന്നിലെത്തിച്ചത്. അവര്‍ ക്ഷേത്രദര്‍ശനം നടത്തിയെന്നതിന് തെളിവായി വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാക്കിയ വ്യക്തമായ തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നു എല്ലാം. 

ചന്ദ്രനില്‍ ആദ്യമായി മനുഷ്യന്‍ കാലുകുത്തിയതു പ്രഖ്യാപിച്ച അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ മുഖത്തെ സന്തോഷമായിരുന്നു ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ച പിണറായി വിജയന്റെയും മുഖത്തുണ്ടായത്. തന്റെ ജീവിതലക്ഷ്യം ഇതുതന്നെയാണെന്ന് സ്ഥാപിക്കും പോലെയായിരുന്നു അത്. കേരളത്തിലെ ഭാവിതലമുറ തന്നെ നവോത്ഥാന നായകനാക്കി വാഴ്ത്താന്‍ മറ്റൊരുവഴിയും അദ്ദേഹത്തിന് സ്വീകരിക്കാനുണ്ടായില്ല. ശബരിമലയിലെ ആചാരവും വിശ്വാസവും തകര്‍ക്കുന്നതിലൂടെ നവോത്ഥാനകേരളത്തിന്റെ കിരീടം തലയില്‍ വെക്കാമെന്ന് അദ്ദേഹം മോഹിച്ചു. ഭാവികേരളം ഒരിക്കലും പിണറായി വിജയനെ നല്ലമുഖ്യമന്ത്രിയായി വാഴ്ത്തില്ല. ആ സ്ഥിതിക്ക് ചരിത്രത്തില്‍ ഇടംപിടിക്കാന്‍ അദ്ദേഹം സ്വീകരിച്ച കുറുക്കുവഴിയായിരുന്നു ഇത്.

അവിശ്വാസികളായ രണ്ട് പെണ്ണുങ്ങളെ പാര്‍ട്ടിക്കാരുടെയും പോലീസിന്റെയും സംരക്ഷണയില്‍ പാര്‍പ്പിച്ചിട്ട്, വേഷം കെട്ടി ശിഖണ്ഡികളെപ്പോലെ ഇരുട്ടിന്റെ മറവില്‍ കൊണ്ടുവന്ന് ഭഗവാന്റെ മുന്നില്‍ നിര്‍ത്തിയ ശേഷം ഞങ്ങള്‍ ആചാരം ലംഘിച്ചേ എന്ന് വീമ്പ് പറയുന്നതാണ് നവോത്ഥാനം എന്നദ്ദേഹം തെറ്റിധരിച്ചു. പക്ഷേ സഖാവേ, അതിന് മലയാളത്തില്‍ വേറെ പേരാണ് വിളിക്കുക. ഇപ്പോള്‍ ശബരിമലയിലെ ആചാരം തകര്‍ക്കാനായി കച്ചകെട്ടി ഇറങ്ങി ഗൂഢാലോചന നടത്തുന്നവരും അതിനെ പിന്തുണച്ച് സോഷ്യല്‍മീഡിയയിലും അല്ലാതെയും ചടച്ചിരിക്കുന്നവര്‍ക്കും ഉദ്ദേശ്യങ്ങള്‍ പലതുണ്ടാകും. ചിലര്‍ക്ക് വിശ്വാസത്തെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം. മറ്റുചിലര്‍ക്ക് വര്‍ഗീയ ലക്ഷ്യങ്ങളാണ്. ഹൈന്ദവീകമായതിനെയെല്ലാം തച്ചുതകര്‍ക്കുക എന്നതാണത്.

വിശ്വാസങ്ങളെ ഇല്ലാതാക്കല്‍ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ ലോകമെങ്ങും നടപ്പിലാക്കി വരുന്ന പദ്ധതിയാണ്. ചൈനയിലെ സംഭവങ്ങള്‍ നോക്കൂ, അവിടെ ക്രിസ്തുമസ് ആഘോഷിക്കാനോ റംസാന്‍ നൊയമ്പെടുക്കാനോ കഴിയില്ല. അതെല്ലാം നിരോധിച്ചിരിക്കുന്നു. പള്ളികളെല്ലാം പൂട്ടി സര്‍ക്കാര്‍ സ്വന്തമാക്കിയിരിക്കുന്നു. പിണറായി വിജയനും മറ്റൊരു വഴിക്കല്ല നീങ്ങുന്നത്. പക്ഷേ, അങ്ങനെയൊക്കെ ചെയ്ത ഭരണാധികാരികളെ ജനങ്ങള്‍തന്നെ ചവിട്ടി പുറത്തിറക്കിയിട്ടുണ്ട്. 'ഉദരനിമിത്തം പലവിധ വേഷം കെട്ടുന്ന' സാമൂഹ്യ മാധ്യമ പ്രതികരണ തൊഴിലാളികള്‍ക്ക് അത് പിറകേ മനസ്സിലാകും. ശബരിമല ശാസ്താവ് എന്ന മഹത്തായ വിശ്വാസത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ കൂട്ടത്തില്‍ ചില മുസ്ലീം തീവ്രവാദഗ്രൂപ്പുകളുമുണ്ട്. കമ്മ്യൂണിസ്റ്റുകളും തീവ്രവാദികളും പരസ്പരം കൈകോര്‍ക്കുന്നത് ഇക്കാര്യത്തിലാണ്. 

ഒരു മുസ്ലീം പള്ളിക്കോ, ക്രിസ്ത്യന്‍ പള്ളിക്കോ എതിരായിട്ടാണ് പിണറായിയുടെ നീക്കമെങ്കില്‍ ഇവരെല്ലാം ഇങ്ങനെയാണോ പ്രതികരിക്കുക?. അങ്ങനെ നീക്കം നടത്താന്‍ പിണറായി മുതിരില്ലെന്ന് ഇപ്പോള്‍ ബോധ്യവുമായല്ലോ. ക്രിസ്ത്യന്‍ സഭാതര്‍ക്കത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച സര്‍ക്കാരാണ് അതേ കോടതിയുടെ ശബരിമല വിധി നടപ്പിലാക്കാന്‍ ഒരു ചര്‍ച്ചയും കൂടിയാലോചനയും നടത്താതെ ധാര്‍ഷ്ട്യത്തിന്റെയും കയ്യൂക്കിന്റെയും വഴി സ്വീകരിക്കുന്നത്. അയ്യപ്പവിശ്വാസികളുടെ വികാരങ്ങളെ യാതൊരുതരത്തിലും മാനിക്കാതെ രാത്രിയില്‍ മാത്രം ഇറങ്ങുന്ന ചിലരെകൊണ്ടുവന്ന് ദൈവത്തെ കാണിച്ചിട്ട് ആചാരം ലംഘിച്ചെന്ന് വിളിച്ചുകൂവുന്നത്. തീര്‍ച്ചയായും ഇത്തരം ഭരണാധികാരികള്‍ക്കും ചരിത്രത്തില്‍ സ്ഥാനമുണ്ട്. ചവറ്റുകുട്ടയില്‍! അത് കാലം തെളിയിക്കുക തന്നെ ചെയ്യും. പിണറായി വിജയന്‍ ഈ ജന്മം വിചാരിച്ചാല്‍ നവോത്ഥാന നായകനാകാന്‍ പറ്റില്ല. കാരണം അടിച്ചമര്‍ത്തലിന്റെയും വഞ്ചനയുടെയും വഴി സ്വീകരിക്കുന്നവരെ ലോകം പുറംകാല്‍കൊണ്ട് ചവിട്ടിയരയ്ക്കും. നവോത്ഥാനത്തിലേക്ക് കുറുക്കുവഴികളില്ലെന്ന് ഓര്‍ക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.