മലപ്പുറത്ത് സിപിഎമ്മിന്റെയും പോലീസിന്റെയും നരനായാട്ട്

Friday 4 January 2019 5:12 am IST

മലപ്പുറം: ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മലപ്പുറത്ത് സിപിഎമ്മിന്റെയും പോലീസിന്റെയും നരനായാട്ട്. സമാധാനമായി പ്രതിഷേധിച്ച അയ്യപ്പഭക്തര്‍ക്കെതിരെ പോലീസിന്റെ പിന്തുണയോടെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിട്ടു. 

എടപ്പാള്‍ ടൗണില്‍ പ്രകടനം നടത്തിയ അയ്യപ്പഭക്തര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ സിപിഎമ്മുകാര്‍ കല്ലേറ് നടത്തി. സംഭവം വഷളാകുന്നത് വരെ നോക്കിനിന്ന പോലീസ് അല്‍പ സമയത്തിന് ശേഷം ലാത്തിച്ചാര്‍ജ്ജ് തുടങ്ങി. അയ്യപ്പഭക്തരെ തെരഞ്ഞുപിടിച്ചായിരുന്നു മര്‍ദ്ദനം. തവനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലും ഭക്തജനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. തിരൂര്‍ പുറത്തൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊടൂര്‍ ബിജുവിനെ വീട്ടില്‍ കയറി സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

മലപ്പുറം ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. എല്ലാ പ്രധാനകേന്ദ്രങ്ങളിലും കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സംഘടനകളുടെ എതിര്‍പ്പിനെ അവഗണിച്ച് വ്യാപാരികള്‍ കടകളടച്ച് സഹകരിച്ചു. കെഎസ്ആര്‍ടിസി അടക്കം ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ വിവിധ സ്ഥലങ്ങളില്‍ സിപിഎമ്മും പോലീസും ശ്രമിച്ചെങ്കിലും ഭക്തജനങ്ങള്‍ സംയമനം പാലിച്ചതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മഞ്ചേരി എട്ടിയോട്ട് അയ്യപ്പക്ഷേത്രത്തില്‍ ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് ആറുവരെ ഭക്തജനങ്ങള്‍ നാമജപയജ്ഞം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.