മുഖ്യമന്ത്രി കേരളത്തെ സംഘര്‍ഷത്തിലേക്ക് നയിക്കുന്നു: ആര്‍എസ്എസ്

Friday 4 January 2019 2:15 am IST

കോഴിക്കോട്: ഇരുൡന്റെ മറവില്‍ ശബരിമലയില്‍ അവിശ്വാസികളായ സ്ത്രീകളെ കയറ്റി ആചാരം ലംഘിച്ചതിന്റെയും പന്തളത്ത് ചന്ദ്രന്‍ ഉണ്ണിത്താന്‍ എന്ന അയ്യപ്പ ഭക്തന്‍ കൊലചെയ്യപ്പെട്ടതിന്റെയും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവും ആസൂത്രണവുമുണ്ടെന്ന്  ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരും മുമ്പ് ചന്ദ്രന്റെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച മുഖ്യമന്ത്രി വസ്തുതകളെ വളച്ചൊടിക്കുകയാണ്. പോലീസിനെയും ആരോഗ്യ സംവിധാനത്തെയും സമ്മര്‍ദ്ദത്തിലാക്കി പ്രതികളെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സിപിഎം ഓഫീസിനു മുന്നിലൂടെ പ്രകടനം നടത്താന്‍ പാടില്ലെന്ന പോലീസ് ഉദ്യോഗസ്ഥന്റെ നിലപാട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണോ എന്ന് വ്യക്തമാക്കണം.

മാവോയിസ്റ്റ് ബന്ധമുള്ളവരെ പോലീസ് സംരക്ഷണയില്‍ ശബരിമലയിലേക്ക് ഒളിച്ചുകടത്തിയതിന്റെ പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ്. മാവോയിസ്റ്റുകളെ താലോലിക്കുന്ന സര്‍ക്കാര്‍ നിലപാട് രാജ്യദ്രോഹപരമാണ്. അരാജകത്വം സൃഷ്ടിക്കുന്ന സാമൂഹ്യ വിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഭരണാധികാരികളില്‍ നിന്ന് ഉണ്ടാവുന്നത് അപലപനീയമാണ്. വിശ്വാസികളായ സ്ത്രീകള്‍ ആചാരം ലംഘിക്കില്ലെന്നുറപ്പുള്ളതുകൊണ്ടാണ് മാവോയിസ്റ്റു ബന്ധമുള്ളവരെ സര്‍ക്കാര്‍ ശബരിമലയിലെത്തിച്ചത്.  സിപിഎമ്മിലെ  വിശ്വാസികളായ സ്ത്രീകളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. 

 ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമായാണ് ശബരിമല കര്‍മ്മസമിതി  ഹര്‍ത്താല്‍  ആഹ്വാനം ചെയ്തത്. ഇതിനെ പോലീസിനെ ഉപയോഗിച്ച് സിപിഎമ്മിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സഹായത്തോടെ അടിച്ചമര്‍ത്താന്‍ നടത്തിയ നീക്കമാണ് കേരളത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചത്.-മാവോയിസ്റ്റ്- തീവ്രവാദ സംഘങ്ങളുമായുള്ള സര്‍ക്കാരിന്റെ ചങ്ങാത്തം അവസാനിപ്പിക്കണം. വ്യക്തിപരമായ വാശിയും സിപിഎമ്മിന്റെ രാഷ്ട്രീയ ദുരുദ്ദേശവും വിജയിപ്പിക്കാന്‍  സംസ്ഥാനത്തിന്റെ  വിശാല താല്‍പ്പര്യങ്ങളെ തകര്‍ക്കുകയും സമൂഹത്തെ വിഭജിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ വഴിപിഴച്ച പോക്കിനെ നിലക്ക് നിര്‍ത്താന്‍ ജനാധിപത്യ കേരളം ഒറ്റക്കെട്ടായി രംഗത്തു വരണം അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.