ബഹിഷ്‌കരണം: മാധ്യമനിലപാട് വിമര്‍ശിക്കപ്പെടുന്നു

Friday 4 January 2019 5:19 am IST

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഎം ഫ്രാക്ഷന്‍ ഘടകമുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയോടുള്ള പകപോക്കലും സര്‍ക്കാര്‍ സമ്മര്‍ദ്ദവുമാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ബിജെപി വാര്‍ത്ത ബഹിഷ്‌കരിക്കാന്‍ കാരണമെന്ന് സൂചന.  മുമ്പും മാധ്യമ പ്രവര്‍ത്തകരെ പല പാര്‍ട്ടിക്കാരും  ആക്രമിച്ചിട്ടുണ്ടെങ്കിലും യൂണിയന്‍ ഇത്തരത്തില്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുന്നതും വാര്‍ത്താ സമ്മേളനം പ്രസ് ക്ലബ്ബുകളില്‍ വിലക്കുന്നതും ആദ്യമാണ്. 

ഒറ്റ ദിവസത്തേക്കാണ് ബഹിഷ്‌കരണമെന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ മാധ്യമ മാനേജുമെന്റുകളുടെ നിലപാട് അറിയും വരെ മാധ്യമപ്രവര്‍ത്തകള്‍ ക്ഷണിക്കുന്ന പരിപാടികളില്‍നിന്നും ചര്‍ച്ചകൡനിന്നും വിട്ടുനില്‍ക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരില്‍ ചിലരെ ബ്ലാക്‌മെയില്‍ ചെയ്യുന്നുണ്ടെന്ന് ബിജെപിവൃത്തങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ വിവിധ ജില്ലാ ഘടകങ്ങള്‍ക്ക് ബജറ്റില്‍ വകകൊള്ളിച്ച് ധനസഹായം നല്‍കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഏഴ് വര്‍ഷത്തില്‍ 2.34 കോടി രൂപയിലേറെ നല്‍കിയെങ്കിലും കോട്ടയം യൂണിയന്‍ ഒഴികെ ആരും ഇതുവരെ പ്രതിവര്‍ഷം കൊടുക്കേണ്ട കണക്ക് കൊടുത്തിട്ടില്ല. 

ഫണ്ട് ദുര്‍വിനിയോഗം ക്രിമിനല്‍ കേസെടുക്കാമെന്ന കുറ്റമായിരിക്കെ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ അന്വേഷണത്തിന് നിയോഗിച്ചിരിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നീട്ടുകയാണ്. അതുവരുന്നതുവരെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ വരുതിയില്‍ നിര്‍ത്താനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്നുവേണം കരുതാനെന്ന് അവര്‍ വിശദീകരിക്കുന്നു. അതിനിടെ, യൂണിയന്‍ നിലപാട് അപ്രായോഗികവും അസാധാരണവുമാണെന്ന നിലപാട് യൂണിയന്‍ അംഗങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.