ആത്മജ്ഞാനസിദ്ധി ദുര്‍ലഭമല്ല

Saturday 5 January 2019 3:30 am IST

മനുഷ്യാണാം സഹസ്രേഷു കശ്ചിത് 

യതതി സിദ്ധയേ, 

യതതാമപി സിദ്ധാനാം കശ്ചിന്മാം 

വേത്തി തത്ത്വതഃ എന്ന ശ്ലോകം ചൊല്ലി ഒരാള്‍ ഒരു സംശയം ഉന്നയിച്ചു. 

സഹസ്രേഷു എന്നതു ബഹുവചനമാണല്ലോ. അതിന് ആയിരത്തില്‍ ഒരാള്‍ എന്നാണര്‍ഥം പറഞ്ഞത്. കുറഞ്ഞതു മൂന്ന് ആയിരമെങ്കിലും വേണ്ടേ? അപ്പോള്‍ അനേകായിരങ്ങളില്‍ എന്നല്ലേ അര്‍ഥം. കശ്ചിത് എന്നതിന് ഒരാള്‍ നിശ്ചയമായും എന്നര്‍ഥമുണ്ടോ, ഒരുവന്‍ എന്നല്ലേ അര്‍ഥം? നിശ്ചയമായും ഒരുവന്‍ എന്നാണെങ്കില്‍ ഏകഃ  എന്ന  പ്രയോഗം വേണ്ടേ? അനേകായിരങ്ങളില്‍ ഒരുപക്ഷേ ഒരാള്‍ എന്നല്ലേ അര്‍ഥം വരൂ. അപ്പോള്‍ ആത്മജ്ഞാനം കിട്ടുക തീരെ എളുപ്പമല്ലല്ലോ?... ഇതായിരുന്നു ചോദ്യം.

ആയിരത്തിലൊരാള്‍ എന്നു പറഞ്ഞാലും ആയിരങ്ങളിലെങ്ങാനും ഒരാള്‍ എന്നു പറഞ്ഞാലും അത്ര വ്യത്യാസമുണ്ടോ? നമുക്കു നിഷേധമോ വേണ്ടത്, ആശാവഹതയോ? ശാസ്ത്രങ്ങളെന്തും മൂല്യസന്ദേശങ്ങള്‍ നല്കുന്നതാണ്. അതില്‍ വാച്യാര്‍ഥം വെച്ചു പൊതുസന്ദേശത്തെ ഹനിക്കുന്നതു ശരിയല്ല.   

ഈ ശ്ലോകംകൊണ്ട് മനുഷ്യരെ ഉത്സാഹിപ്പിക്കണോ, അതോ നിരുത്സാഹപ്പെടുത്തണമോ? ഉത്സാഹിപ്പിക്കാന്‍ ആയിരത്തിലൊരാള്‍ എന്നു പറയുന്നതാകും നല്ലത്. നിരുത്സാഹപ്പെടുത്താനോ? അനവധി ആയിരങ്ങളിലെങ്ങാനും ഒരാള്‍ എന്നു പറഞ്ഞുനിര്‍ത്താം. വേണ്ടതെന്താണെന്നു ചിന്തിക്കുക. അപൂര്‍വമാണ് ജ്ഞാനേച്ഛുക്കളെന്നു ശരി. പക്ഷേ ജ്ഞാനേച്ഛുക്കള്‍ എന്നുമുണ്ട്, ഉണ്ടാകും എന്നു ഗ്രഹിക്കയാണ് ആവശ്യം. അതില്‍ ഒരുവനാകണമെന്ന തോന്നലും പ്രതീക്ഷയും വേണം.   

ഭഗവദ്ഗീതയില്‍ മറ്റിടങ്ങളിലും അധ്യാത്മജിജ്ഞാസയെക്കുറിച്ചു കൃഷ്ണന്‍ പറയുന്നുണ്ട്. യോഗം പരിശീലിച്ചു സിദ്ധിവരുത്തണമെന്നു കൃഷ്ണന്‍ പറയുന്നില്ല. 

സ്വല്പമപ്യസ്യ ധര്‍മസ്യ

ത്രായതേ മഹതോ ഭയാത് (2.40)

ഈ യോഗാനുഷ്ഠാനത്തിന്റെ അല്‍പമായാലും വലിയ സംസാരഭയത്തില്‍നിന്നു രക്ഷിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 

യഃ തു ഇന്ദ്രിയാണി മനസാ നിയമ്യ 

കര്‍മേന്ദ്രിയൈഃ 

കര്‍മയോഗം ആരഭതേ അസക്തഃ സഃ 

വിശിഷ്യതേ (3.7).

ആരാണോ മനസ്സുകൊണ്ട് ഇന്ദ്രിയങ്ങളെ നിയമനം ചെയ്തു കര്‍മേന്ദ്രിയങ്ങള്‍ വഴി കര്‍മയോഗം ആരംഭിക്കുന്നത്, അവന്‍ മികച്ചവനത്രെ.

വീതരാഗഭയക്രോധാഃ 

മന്മയാ മാമുപാശ്രിതാഃ   

ബഹവോ ജ്ഞാനതപസാ 

പൂതാ മദ്ഭാവമാഗതാഃ  (4.10)

ഇതു പറയുന്നതു നാലാമധ്യായത്തിലാണ്. എന്നെക്കുറിച്ചു നിനച്ചുകൊണ്ട,് അതുവഴി രാഗദ്വേഷഭയങ്ങള്‍ തരണംചെയ്തു പരിശുദ്ധരായി എന്നെപ്പോലെ ആയിത്തീരുന്നു. എത്രപേര്‍, ബഹവഃ -അനവധിപേര്‍. 

ജിജ്ഞാസുരപി യോഗസ്യ 

ശബ്ദബ്രഹ്മ അതിവര്‍തതേ (6.44) 

ഈ സമത്വയോഗത്തെക്കുറിച്ച് അറിയണമെന്ന് അഭിലഷിക്കുന്നവന്‍ പോലും എല്ലാ വേദവിധികളേയും അനുഷ്ഠാനങ്ങളേയും അതിക്രമിക്കുന്നു, അതിജീവിക്കുന്നു. ഇവിടെയൊക്കെ കൃഷ്ണന്‍ പറയുന്നതില്‍ അത്ര വിരളതയോ അപൂര്‍വതയോ ഇല്ലല്ലോ.

ന മാം കര്‍മാണി ലിംപന്തി (4.14), മഹാത്മാന സ്തു മാം പാര്‍ഥ (9.13), അനന്യാശ്ചിന്തയന്തോ മാം (9.22), അപിചേത്സ ദുരാചാരോ ഭജതേ മാമനന്യഭാക് (9.30), യേ തു ധര്‍മ്യാമൃതമിദം (12.20), തേപി ചാതിതരന്ത്യേവ മൃത്യും ശ്രുതിപരായണാഃ (13.25), ഇദം ജ്ഞാനമുപാശ്രിത്യ മമ സാധര്‍മ്യമാഗതാഃ (14.2), ഇങ്ങനെയെത്ര ഇടങ്ങളില്‍ സാമാന്യമായും ബഹുവചനത്തിലും പ്രസ്താവിച്ചിരിക്കുന്നു. 

ഗീതയുടെ ഉദ്ദേശ്യം തന്നെ എത്രയും പേരെ അധ്യാത്മതത്ത്വവിചാരത്തിലേക്കും ആത്മനിഷ്ഠയിലേക്കും കൊണ്ടുവരണമെന്നല്ലേ? ഭഗവദ്ഗീത നിര്‍ദേശിക്കുന്ന യോഗം അപൂര്‍വമാണെന്നതു ശരി. പക്ഷേ, അതു സുഗമവും സര്‍വസാധ്യവുമാണ്.  കര്‍മയോഗം അനിവാര്യമാണ്, പക്ഷേ അനുഷ്ഠാനലളിതമാണ്. കര്‍മങ്ങളെ യോഗമായി ചെയ്താല്‍ത്തന്നെയേ അവ പൂര്‍ണമായും സഫലമാകൂ. വിഷമങ്ങള്‍ അനുഭവിക്കുന്നതോ, സുഗമത അനുഭവിക്കുന്നതോ നമുക്ക് ആവശ്യം? സുഗമതയ്ക്കുവേണ്ടി എല്ലാവര്‍ക്കും ഇതു പരിശീലിക്കാവുന്നതാണ്. അതു ഫലപ്രദവുമാണ്.

ആയിരങ്ങളില്‍ ഒരാളാണ് സിദ്ധിക്കുവേണ്ടി പരിശ്രമിക്കുന്നത്. അങ്ങനെ പരിശ്രമിക്കുന്നവരില്‍പ്പോലും ഒരാള്‍മാത്രമേ തന്നെ വേണ്ടതുപോലെ അറിയുന്നുള്ളു. യോഗാഭ്യാസത്തിന്റേയും ആത്മജ്ഞാനത്തിന്റേയും വിരളതയെ സൂചിപ്പിക്കുന്നുവെന്നേ പറയേണ്ടൂ. അതുകൊണ്ട് എന്തുവേണം? മറ്റെല്ലാ താത്പര്യങ്ങളും ഇടപാടുകളും വിട്ടു സാര്‍വത്രികവും സുഗമവുമായ സമത്വബുദ്ധിയോഗം പിന്തുടരുക.  

ശ്രവണായാപി ബഹുഭിര്‍യോ ന ലഭ്യഃ (2.7) എന്നു കഠോപനിഷത്തില്‍ യമന്‍ പറയുന്നതാണ് കൃഷ്ണന്‍ ആവര്‍ത്തിക്കുന്നത്. ഭഗവദ് ഗീതയില്‍ പലേടത്തും കഠോപനിഷത്‌ശ്ലോകങ്ങള്‍ വരുന്നുണ്ട്. യമന്‍ എന്താണ് പറഞ്ഞത്? ശ്രവണായ അപി ബഹുഭിഃ യഃ ന ലഭ്യഃ. ബ്രഹ്മതത്ത്വമോ ആത്മതത്ത്വമോ പറഞ്ഞുകേള്‍ക്കാന്‍ ഏറെപ്പേര്‍ക്കും പറ്റുന്നില്ല. അതു വേണ്ടതുപോലെ പ്രതിപാദിക്കുന്നവര്‍ വളരെ കുറവാണ്. ഒരാള്‍ പ്രതിപാദിച്ചാല്‍ ആയിരമോ ലക്ഷമോ കോടിയോ ജനങ്ങള്‍ക്കു കേള്‍ക്കാനാവും. 

ആശ്ചര്യോ വക്താ, ആത്മതത്ത്വപ്രവക്താവ് ഏറ്റവും അദ്ഭുതാവഹനാണ്, അപൂര്‍വനും. ആശ്ചര്യോ ജ്ഞാതാ കുശലാനുശിഷ്ടഃ, വേണ്ടതുപോലെ സദ്ഗുരു ഉപദേശിച്ച് അതുവഴി ചിന്തിച്ചു ധ്യാനിച്ചു സത്യം മനസ്സിലാക്കുന്നതും വളരെ അപൂര്‍വമാണ്. 

ഈ വിഷയത്തിന് അപൂര്‍വതയുണ്ടെന്നത് ശരിയാണ്. എന്നാല്‍, സാര്‍വത്രികതയുമുണ്ട്. പലരും ആ വഴിക്കു പോകുന്നില്ലെന്നു വേണം പറയാന്‍. 

പരാഞ്ചിഖാനി വ്യതൃണത് സ്വയംഭൂഃ 

തസ്മാത് പരാങ് പശ്യതി നാന്തരാത്മന്‍ (4.1). ബ്രഹ്മാവ് മനുഷ്യനെ രചിച്ചതു പുറത്തേക്കായുന്ന ഇന്ദ്രിയങ്ങളോടെയാണ്. അതുകൊണ്ട് പുറം ദര്‍ശനം മാത്രമേ മനുഷ്യനു സിദ്ധിക്കുന്നുള്ളു. ആദ്യമേ മുതല്‍  അതു ശീലമായിത്തീരുന്നു. ഉള്‍ദര്‍ശനത്തിനു വേണ്ടി ആരും പരിശ്രമിക്കുന്നില്ല. 

കശ്ചിത് ധീരഃ പ്രത്യഗാത്മാനം ഐക്ഷത് ആവൃത്തചക്ഷുഃ അമൃതത്വം ഇച്ഛന്‍, ധീരനായ ഒരാള്‍ പ്രത്യഗാത്മാവിനെ വേണ്ടതുപോലെ തിരഞ്ഞുപിടിച്ചു സാക്ഷാത്കരിക്കുന്നു, അന്തര്‍മുഖനായി അനശ്വരത അഭിലഷിച്ചുകൊണ്ട്. ഇവയെല്ലാമാണ് ഇതിലുള്ള പ്രമാണവാക്യങ്ങള്‍. 

ആയിരങ്ങളിലെങ്ങാനും ഒരാള്‍ക്കേ സിദ്ധിക്കുവേണ്ടി പരിശ്രമിക്കാന്‍ തോന്നൂ. അങ്ങനെ പരിശ്രമിക്കുന്നവരില്‍ ഒരുവന്‍ മാത്രമാണ് താത്ത്വികമായി എന്നെ മനസ്സിലാക്കുന്നതും എന്ന് പറഞ്ഞ് അതിന്റെ അപൂര്‍വത സൂചിപ്പിക്കാമെന്നല്ലാതെ, ആയിരങ്ങളില്‍ ഒരാള്‍ക്കേ കിട്ടുകയുള്ളൂ, ബാക്കിയുള്ളവര്‍ക്കു കൈവരില്ല എന്നിങ്ങനെ പരിമിതപ്പെടുത്തി, നിരുത്സാഹെപ്പടുത്തേണ്ടതില്ല. അതല്ല ഉദ്ദേശ്യം. തെറ്റോ അനുകൂലമോ ആയ യാതൊന്നിനും ഗീത അനുവാദമോ പ്രേരണയോ നിര്‍ബന്ധമോ ആകുന്നില്ല. 

എന്തു ശാസ്ത്രം പറയുമ്പോഴും അതു ശ്രോതാക്കള്‍ക്കും അനുവാചകര്‍ക്കും പ്രയോജനവും പ്രേത്സാഹനവും നല്‍കുന്നതാകണം. അതിനുതകും വിധം വേണം പ്രതിപാദിക്കാന്‍. ആയിരങ്ങളോ ആയിരമോ എന്നതു തിരുത്തിപ്പറയാവുന്നതാണ്. ആയിരങ്ങളില്‍ ഒരാള്‍ എന്നു പറഞ്ഞ് അതിന്റെ സുദുര്‍ലഭത്വം കാട്ടി ജിജ്ഞാസുക്കളെ നിരുത്സാഹപ്പെടുത്തരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.