പക്ഷം ചേരാതിരിക്കാം

Saturday 5 January 2019 3:35 am IST

നമുക്കെല്ലാവര്‍ക്കും നമ്മുടേതായ അഭിപ്രായങ്ങളും ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളുമുണ്ട്. നിങ്ങളുടെ ജീവിതാനുഭവങ്ങളും മനസ്സില്‍ പതിഞ്ഞിട്ടുള്ള മുദ്രകളും നിങ്ങള്‍ കാണുന്ന എല്ലാത്തിനെയും സ്വാധീനിക്കുന്നു. ചിലത് ഇഷ്ടപ്പെടുന്നു മറ്റുചിലത് ഇഷ്ടമാകുന്നില്ല. നിങ്ങള്‍ ഒരുവനെ ഇഷ്ടപ്പെടുന്നു. മറ്റൊരുവനെ വെറുക്കുന്നു. നിരന്തരമായി ഒരു നിലപാട് എടുക്കുന്നതാണ് ഇതിനെല്ലാം കാരണം. എന്നാല്‍, വാസ്തവമായും ജീവിതത്തെ അറിയാനാഗ്രഹിക്കുന്നുവെങ്കില്‍, യാതൊരു നിലപാ

ടുകളും കൈക്കൊള്ളാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിശ്ചയമായും, ജീവിതത്തിലെപ്പോഴും തികച്ചും പുതുമയോടെ എല്ലാ കാര്യങ്ങളെയും നോക്കിക്കാണുവാന്‍ തയാറാകുക.

ഇതു മനസ്സിലാക്കാന്‍ ആളുകള്‍ക്കു വളരെ പ്രയാസമാണ്. മുപ്പതു വര്‍ഷത്തിലേറെയായി എന്നോടൊപ്പമുള്ള ആളുകളുണ്ട്. അവര്‍ ദിവസേന എന്നോടൊപ്പം പ്രവര്‍ത്തിക്കുകയും അനേകം കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. എന്നിട്ടും ഞാന്‍ അവരെക്കുറിച്ച് ഒരഭിപ്രായവും പുലര്‍ത്തുന്നില്ല. എന്നാല്‍, എന്തെങ്കിലും ജോലിയുടെ ആവശ്യം വരുമ്പോള്‍ മാത്രമാണ് ഞാനവരുടെ കാര്യക്ഷമതയും മറ്റും പരിശോധിക്കുന്നത്. പക്ഷേ നിങ്ങള്‍ ഇപ്പോഴേ ചില അഭിപ്രായങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞിട്ടുണ്ടാകാം. ഞാന്‍ അങ്ങനെയല്ല. കാരണം, അതാണ് ആത്മാന്വേഷണ പ്രക്രിയയുടെ കാതല്‍. ഓരോ ജീവിതത്തെയും ഒരു സാധ്യതയായി നിരന്തരം നോക്കിക്കാണുക.

തീര്‍ച്ചയായും സാധ്യതയ്ക്കും യാഥാര്‍ഥ്യത്തിനുമിടയില്‍ ഒരു ദൂരമുണ്ട്. ചിലര്‍ക്കൊക്കെ ആ ദൂരം താണ്ടുന്നതിനുള്ള ധൈര്യവും പ്രതിബദ്ധതയുമുണ്ടായിരിക്കുമെങ്കിലും മറ്റു ചിലര്‍ക്ക് അതുണ്ടാകണമെന്നില്ല. എന്നാല്‍, ഓരോ ജീവിതവും ഒരു സാധ്യതയാണ്. ഈ സാധ്യതയെ പ്രത്യക്ഷമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരിക്കലും ആരെക്കുറിച്ചും ഒരുതരത്തിലുള്ള അഭിപ്രായവും രൂപീകരിക്കാതിരിക്കുക.

നല്ലത്, മോശം, വൃത്തികെട്ടത് എന്നിങ്ങനെയുള്ള അഭിപ്രായങ്ങള്‍ കരുപ്പിടിപ്പിക്കാതിരിക്കുക. ഈ നിമിഷത്തില്‍ അവരെ നോക്കിക്കാണുക. ഈ നിമിഷത്തില്‍ അവര്‍ എന്തായിരിക്കുന്നുവെന്നതാണ് എന്റെ നോട്ടത്തില്‍ പ്രധാനം. നിങ്ങള്‍ ഇന്നലെ എന്തായിരുന്നുവെന്നത് എന്റെ വിഷയമല്ല. നിങ്ങള്‍ നാളെ എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം. നാളെയെന്നത് നിശ്ചയമായും സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു, ഇപ്പോള്‍ത്തന്നെ രൂപകല്‍പ്പന ചെയ്യേണ്ടതില്ല.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.