ബ്രഹ്മത്തിന്റെ അപരഭാവം

Saturday 5 January 2019 3:39 am IST

സര്‍വാനനശിരോഗ്രീവഃ

സര്‍വഭൂത ഗുഹാശയഃ

സര്‍വവ്യാപീ സ ഭഗവാന്‍

തസ്മാത് സര്‍വഗതഃ ശിവഃ

ആ പുരുഷന്‍ എല്ലാ മുഖങ്ങളോടും തലകളോടും കഴുത്തുകളോടും കൂടിയവനും എല്ലാ ജീവികളുടേയും ഹൃദയഗുഹയില്‍ വസിക്കുന്നവനും സര്‍വവ്യാപിയും ഭഗവാനും മംഗളദായകനുമാണ്. ബ്രഹ്മത്തിന്റെ അന്തര്യാമി ഭാവത്തേയും എല്ലാമായി നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയേയും വിവിരിക്കുന്നുണ്ട് ഇതില്‍.

പ്രപഞ്ചാതീതമായി നേരത്തേ പറഞ്ഞ ബ്രഹ്മം തന്നെയാണ് പ്രപഞ്ചമായിത്തീര്‍ന്നിരിക്കുന്നത് എന്ന് ഓര്‍മിപ്പിക്കുന്നു.

 ബ്രഹ്മം തന്നെയാണ് പരവും അപരവുമായി തീര്‍ന്നിരിക്കുന്നതെന്നറിയണം. എല്ലാ ജീവികളുടേയും മുഖങ്ങളിലൂടെയും തലകളിലൂടെയും കഴുത്തുകളിലൂടെയും പ്രവര്‍ത്തിക്കുന്നത് ഒരേ ബ്രഹ്മം തന്നെയാണ്. അതിനാല്‍ അവയവങ്ങളായി പറഞ്ഞു. എല്ലാ ജീവികളുടേയും ഹൃദയത്തില്‍ കുടികൊണ്ട് അവയെ പ്രവര്‍ത്തിപ്പിക്കുന്നതും ഇതേ ബ്രഹ്മം തന്നെ.

ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്നീ ആറ് ഭഗങ്ങളുള്ളയാളാണ് ഭഗവാന്‍.

മഹാന്‍ പ്രഭുര്‍വൈ പുരുഷഃ

സത്വസൈ്യഷ പ്രവര്‍ത്തകഃ

സുനിര്‍മ്മലാമിമാം പ്രാപ്തി -

മീശാനോ ജ്യോതിരവ്യയഃ

ഈ പുരുഷന്‍  മഹാനും പ്രഭുവും ജീവികളുടെ പ്രവര്‍ത്തകനുമാണ്. ഏറ്റവും നിര്‍മലമായ സ്ഥാനത്തെ ദാനം ചെയ്യുന്നവനും

നാശമില്ലാത്ത ജ്യോതിസ്വരൂപനുമാണ്. സര്‍വജ്ഞത്വം മുതലായ ഗുണങ്ങളുള്ളതിനാലാണ് മഹാന്‍ എന്ന് വിശേഷിപ്പിച്ചത്. സൃഷ്ടി, സ്ഥിതി സംഹാരം എന്നിവയെ ചെയ്യുന്നതിനാലാണ് പ്രഭു എന്ന് പറഞ്ഞത്. എല്ലാത്തിന്റെയും നിയന്താവായതിനാലാണ് പ്രവര്‍ത്തകന്‍ എന്നറിയപ്പെടുന്നത്. ബന്ധനങ്ങളൊന്നുമില്ലാത്ത സ്ഥാനമയതിനാലാണ് പരമപദത്തെ നിര്‍മലസ്ഥാനമായി കല്‍പ്പിക്കുന്നത്.

അംഗുഷ്ഠമാത്രഃ പുരുഷോളന്തരാത്മാ

സദാ ജനാനാം ഹൃദയേ സന്നിവിഷ്ടഃ

ഹൃദാ മനീഷാ മനസാഭി ക്ലപ്‌തോ

യ ഏതദ് വിദൂരമൃതാസ്‌തേ ഭവന്തി

പെരുവിരലോളം വലുപ്പമുള്ള  പുരുഷന്‍ അന്തര്യാമിയായി എല്ലാ ജനങ്ങളുടേയും ഹൃദയത്തില്‍ കുടികൊള്ളുന്നു. മനസ്സിനെ നിയന്ത്രിക്കുന്നതും ഹൃദയത്തിലിരിക്കുന്നതുമായ ബുദ്ധിയാലും മനനത്താലും അത് പ്രകാശിക്കപ്പെടുന്നു. അതിനെ അറിയുന്നവര്‍ അമൃതസ്വരൂപരായിത്തീരുന്നു, ഈ മന്ത്രം രണ്ട് ഭാഗങ്ങളിലായി കഠോപനിഷത്തില്‍ കാണാം. ഹൃദയം തള്ളവിരല്‍ പോലെ ചെറുതായതിനാലാണ് അതിലെ പുരുഷന്റെ വലുപ്പത്തെ അങ്ങനെ വിശേഷിപ്പിച്ചത്. മനനത്താലും വിവേകബുദ്ധിയാലും ആത്മാവിനെ അറിയുന്നവര്‍ക്ക് പിന്നെ ജനന മരണങ്ങള്‍ ഉണ്ടാകില്ല.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.