കല്ലെറിഞ്ഞ് കൊല; താലിബാനും സിപിഎമ്മിന് മുന്നില്‍ നാണിക്കും

Saturday 5 January 2019 5:09 am IST

ആലപ്പുഴ: തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ അംഗീകരിക്കാത്തവരെ കല്ലെറിഞ്ഞ് കൊല്ലുക എന്ന  താലിബാന്റെ  കാട്ടുനീതി നടപ്പാക്കുന്ന ഏകരാഷ്ട്രീയ സംഘടനയാണ് സിപിഎം. അയ്യപ്പഭക്തനായ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ കൂരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താനെ(55) കല്ലെറിഞ്ഞ് കൊന്നത് ഇതില്‍ അവസാനത്തേതാണ്. അയ്യപ്പവിശ്വാസം സംരക്ഷിക്കാന്‍ തെരുവിലിറങ്ങി നാമം ജപിച്ചു എന്നതാണ് കുറ്റം. 

22 വര്‍ഷം മുന്‍പ്  1996 സപ്തംബര്‍ 17ന് മൂന്ന് വിദ്യാര്‍ത്ഥികളെ കല്ലെറിഞ്ഞ് പമ്പയാറ്റില്‍ മുക്കിക്കൊന്ന സിപിഎം ഭീകരത കേരളം ഇന്നും ഓര്‍ക്കുന്നത് ഞെട്ടലോടെയാണ്. പരുമല ദേവസ്വം ബോര്‍ഡ്  കോളേജിലെ വിദ്യാര്‍ഥികളും  എബിവിപി പ്രവര്‍ത്തകരുമായ മാന്നാര്‍ ആലുംമൂട് കിം കോട്ടേജില്‍ പരേതരായ കരുണാകരന്‍-ലീലാമ്മ ദമ്പതികളുടെ ഏക മകന്‍ കിം കരുണാകരന്‍ (17), കുട്ടമ്പേരൂര്‍ ഇന്ദിരാലയത്തില്‍ ശശിധരന്‍ നായര്‍-ഇന്ദിര ദമ്പതികളുടെ ഏക മകന്‍ പി.എസ്. അനു (20), ചെട്ടികുളങ്ങര കണ്ണമംഗലം ശാരദാഭവനം ശിവദാസന്‍ നായരുടെയും പരേതയായ ശാരദയുടേയും മകന്‍ സുജിത്ത് (17) എന്നിവരാണ് മരിച്ചത്. 

ഗുണ്ടകളുടെ നേതൃത്വത്തില്‍ കോളേജില്‍ കയറി നടത്തിയ ആക്രമണത്തില്‍ നിന്നു രക്ഷ നേടാന്‍ കോളേജിനു സമീപത്തെ  പമ്പാ നദിയിലേക്കു ചാടിയ ഇവരെ ചവിട്ടിയും കല്ലെറിഞ്ഞും വെള്ളത്തില്‍ താഴ്ത്തി കൊല്ലുകയായിരുന്നു. 

കൊലയാളികളെ പിടിക്കുന്നതിനു പകരം കൊല്ലപ്പെട്ടവരെ മോശമായി ചിത്രീകരിക്കാനാണ് നിയമപാലകരും അവരെ നയിക്കുന്നവരും ശ്രമിച്ചത്. തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി അന്വേഷണത്തെയും തുടര്‍നടപടികളെയും നിശിതമായി വിമര്‍ശിച്ചിരുന്നു.

 മാര്‍ക്‌സിസ്റ്റ്  കരാളതയ്‌ക്കെതിരെ പിറ്റേദിവസം  നിയമ സഭയില്‍  ടി.എം ജേക്കബ്ബ് അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന നായനാര്‍ ''മരിച്ചത് ആര്‍എസ്എസ് പിള്ളേരല്ലേ. അതില്‍ ഓനെന്താ കാര്യം'' എന്ന ക്രൂരമായ ചോദ്യമാണ് മറുപടിയായി ഉന്നയിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ അപഹസിച്ചത് പാന്റ്‌സിന്റെ പോക്കറ്റില്‍ വെള്ളം കയറിയാണ് കുട്ടികള്‍ മുങ്ങി മരിച്ചതെന്നായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.