എറിഞ്ഞു കൊല്ലുകയായിരുന്നു അവനേയും...

Saturday 5 January 2019 6:12 am IST

കോഴിക്കോട്: ഓരോ ഉത്സവകാലം വരുമ്പോഴും കണാരപ്പണിക്കരുടെ കണ്ണിലും മനസ്സിലും മകന്റെ രൂപം തെളിയും. കാതില്‍ ചെണ്ടമേളത്തിന്റെ താളം. തിറയാട്ടത്തിനൊപ്പിച്ച് ചെണ്ടയില്‍ മേളം തീര്‍ക്കുന്ന മകന്‍ അനൂപിന്റെ മുഖം.  പ്രായാധിക്യത്തിന്റെ അവശതകളും സാമ്പത്തിക പരാധീനതകളും  ബുദ്ധിമുട്ടിക്കുമ്പോള്‍ കൈത്താങ്ങായി അവനുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു കണാരപ്പണിക്കര്‍ക്കും ഭാര്യ സുശീലയ്ക്കും. അവരുടെ സ്വപ്‌നങ്ങളെ വെള്ളപുതപ്പിച്ചു കിടത്തുകയായിരുന്നു കമ്യൂണിസ്റ്റ് കാപാലികര്‍.  

''എന്റെ മകനെ അവര്‍ കല്ലെറിഞ്ഞുകൊല്ലുകയായിരുന്നു. ബോംബേറുമുണ്ടായി. പകല്‍ വെളിച്ചത്തിലാണ് അവര്‍ മകനെ കൊന്നുകളഞ്ഞത്. ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്തവന്‍. ഇന്നവനുണ്ടായിരുന്നെങ്കില്‍ തിറയാട്ടക്കാവുകളില്‍ കേമനായി മാറുമായിരുന്നു.'' മകനെക്കുറിച്ച് കണാരപ്പണിക്കര്‍ക്ക് പറഞ്ഞുതീരുന്നില്ല. പന്തളത്ത്  ചന്ദ്രന്‍ ഉണ്ണിത്താനെ സിപിഎം ഓഫീസിലുള്ളവര്‍ കല്ലെറിഞ്ഞ് കൊന്നുവെന്ന വാര്‍ത്ത കണാരപ്പണിക്കരും അറിഞ്ഞിട്ടുണ്ട്. ഒരു ഞെട്ടല്‍ പോലുമില്ലാതെയാണ് 65 കാരനായ കണാരപ്പണിക്കര്‍ മരവിപ്പോടെ ആ വാര്‍ത്തയും കേട്ടത്.'' അവര്‍ അതും ചെയ്യും അതിലപ്പുറവും ചെയ്യും '' 

പശ്ചിമ ഘട്ടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിയിലായിരൂന്നു ധര്‍ണ നടന്നത്. മലയോര മേഖലയെ തുരന്ന് വില്‍ക്കാന്‍  ഖനന മാഫിയകള്‍ മേഖലയില്‍ തമ്പടിച്ചിരുന്നു. നിരവധി വന്‍ ക്വാറികളാണ് മേഖലയിലുള്ളത്.  ധര്‍ണയും സമരവും മുന്നോട്ടുപോയാല്‍ ക്വാറി മാഫിയകള്‍ക്ക് തിരിച്ചടി ഉണ്ടാകുമെന്ന തിരിച്ചറിവിലാണ് സിപിഎമ്മിനെ വാടകക്കെടുക്കാന്‍  അവര്‍ തീരുമാനിച്ചത്. ധര്‍ണയില്‍ പങ്കെടുത്തവരെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു.

ക്വാറികള്‍ക്ക് അനുവാദം കൊടുത്ത നേതാക്കളും ജനപ്രതിനിധികളും അതിലുണ്ടായിരുന്നു. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ ടി.പി. പവിത്രന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാട്ടാളി ബാബു, ഒമ്പത് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, പന്ത്രണ്ടോളം മറ്റു നേതാക്കള്‍ തുടങ്ങി 59 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. എന്നാല്‍ പോലീസും പാര്‍ട്ടിയും തയാറാക്കിയ തിരക്കഥയാണ് കുറ്റപത്രമായത്. കോടതിയില്‍ പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതായിരുന്നു അത്.

പകല്‍ വെളിച്ചത്തില്‍ കൊല്ലപ്പെട്ട അനൂപിന്റെ കൊലയാളികള്‍ ഇന്ന് ഈ മേഖലയില്‍ സൈ്വരവിഹാരം നടത്തുന്നു. നിട്ടൂരിലെ വെള്ളൊലിപ്പില്‍ വീട്ടിലേക്കുള്ള കുത്തനെയുള്ള കയറ്റത്തില്‍  കണ്ണും നട്ട് കണാരപ്പണിക്കര്‍ കാത്തിരിക്കുകയാണ്. സിപിഎമ്മുകാര്‍ തകര്‍ത്തെറിഞ്ഞ നൂറുകണക്കിന് വീടുകളിലെപ്പോലെ  കരഞ്ഞുതീരാത്ത ദുഃഖത്തിന്റെ  കട്ടപിടിച്ച മൗനമാണ് ഇവിടെയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.