വിജയനും മാവോയിസ്റ്റുകളും തമ്മിലെന്ത്

Saturday 5 January 2019 4:03 am IST
ശബരിമലയെ മതേതരസ്ഥാപനമാക്കണം. പിന്നെ പൊതുസ്ഥലമാക്കണം. പൊതുസ്ഥലത്ത് സോഷ്യലിസം വേണമെന്ന് മുദ്രാവാക്യം വിളിക്കണം. ചുംബനമായും താലിപൊട്ടിക്കലായും പോത്തിറച്ചിമഹോത്സവമായുമൊക്കെ കേരളീയ ജീവിതത്തെ വെല്ലുവിളിച്ച ആഭാസസമരക്കാരുടെ ആവശ്യങ്ങള്‍ സ്ഥിതിസമത്വത്തിന്റെയും പുരോഗമനത്തിന്റെയും പട്ട് പുതപ്പിച്ച് നടപ്പാക്കാനുള്ള ഒളിസേവയാണ് വിജയന്റെ വാണിഭ തന്ത്രം.

സിപിഎം നേതാവ് പിണറായി വിജയന്‍ എന്തിനും ഒരുമ്പെട്ട രണ്ട് സ്ത്രീകളെ ശബരിമലയിലേക്ക് ഒളിച്ചുകടത്തിയിട്ട് കേരളത്തെ നോക്കി ചങ്ക്‌വിരിക്കുന്ന കാലമാണിത്. നാളിതുവരെ ശബരിമലയുടെ വിശ്വാസത്തിനെതിരെ മാത്രം നിലപാടെടുത്ത ഒരുകൂട്ടം മാധ്യമങ്ങളും വിജയന്റെ അടിമപ്പണിയുടെ സുഖം വല്ലാണ്ട് പിടിച്ചുപോയ ചില പോലീസുകാരും ചേര്‍ന്നാണ് ഒളിസേവയ്ക്ക് മറപ്പുര പണിഞ്ഞത്.

കല്ലുവെച്ച കള്ളം ഉളുപ്പില്ലാതെ എവിടെയും പറയുന്നതില്‍ അഗ്രഗണ്യനാണ് വിജയനെന്ന് പലതവണ കേരളം കണ്ടതാണ്. മാവോയിസ്റ്റുകള്‍ക്കും അരാജകവാദികള്‍ക്കും വേണ്ടി ശബരിമല സന്നിധാനത്തെ അശുദ്ധമാക്കിയ വിജയന്റെ നടപടിയില്‍ മനംനൊന്ത് നിരത്തിലിറങ്ങിയ പന്തളത്തെ ഒരു അയ്യപ്പഭക്തനെ ഏരിയാകമ്മറ്റി ഓഫീസിന്റെ മുകളില്‍ ഒളിച്ചിരുന്ന് കല്ലെറിഞ്ഞുവീഴ്ത്തിയിട്ട് വിജയന്‍ നാട്ടുകാരോട് പെരുംനുണ വിളിച്ചു പറഞ്ഞത് കേരളം മറക്കരുതാത്തതാണ്. 

മാര്‍ക്‌സിസ്റ്റ് നേതാവ് വിജയന്‍ ജനങ്ങളുടെ ഔദാര്യത്തില്‍ കിട്ടിയ ഭരണത്തിന്റെ ബലത്തില്‍ കേരളീയജീവിതത്തെ മാവോയിസ്റ്റുകള്‍ക്കും തീവ്രവാദികള്‍ക്കും തീറെഴുതാനാണ് പദ്ധതിയിടുന്നത്. ശബരിമലയെ തകര്‍ക്കാന്‍ ഇറങ്ങിയ 'അതി തീവ്രഭക്ത'യുവതികള്‍ക്കെല്ലാം അത്തരമൊരു ബന്ധമുണ്ട്. എല്ലാവരെയും സന്നിധാനത്തേക്ക് എത്തിക്കാനുള്ള ഉറപ്പ് നല്‍കിയത് വിജയനാണ് താനും. ചുംബനസമരക്കാരിയായാലും മാവോയിസ്റ്റ് മനിതിയായാലും കടപ്പാട് രേഖപ്പെടുത്തുന്നത് വിജയനും പോലീസിനുമാണെന്നത് കാണാതെ പോകരുത്. 

ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത് അകത്തിടുമ്പോള്‍ വിജയന്റെ പോലീസ് സ്വന്തം കുപ്പായമൂരി അവര്‍ക്ക് നല്‍കുന്നു. തമിഴ്‌നാട്ടില്‍ പോയി അവരെ കുളിപ്പിച്ചൊരുക്കി ആനയിക്കുന്നു. സന്നിധാനത്തെത്തിക്കാം എന്ന് വാക്കുപറഞ്ഞ് നിഗൂഢമായ വഴികളിലൂടെ മല ചവിട്ടിക്കുന്നു. ഇതേ കാലയളവില്‍തന്നെ മനിതികളുടെ കൂട്ടുകാര്‍ കണ്ണൂരില്‍ തോക്കുമായി നിരത്തിലിറങ്ങുന്നു.

പോസ്റ്റര്‍ പതിക്കുന്നു. മലചവിട്ടല്‍ പരാജയപ്പെട്ട മനിതികള്‍ 'പ്രിയപ്പെട്ട' വിജയനെ കാണാന്‍ തിരുവനന്തപുരത്തിന് വണ്ടി കയറുന്നു. എന്താണിതിന്റെയൊക്കെ സാമാന്യമായ അര്‍ത്ഥം. വിജയനും മാവോയിസ്റ്റുകളും തമ്മിലെന്ത് എന്ന അന്വേഷണത്തിന് രാജ്യസുരക്ഷയെക്കുറിച്ച് ആശങ്കയുള്ളവര്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതാണ്.

മാര്‍ക്‌സിസ്റ്റ് നേതാവ് വിജയന്‍ മാവോയിസ്റ്റുകള്‍ക്ക് മാത്രമല്ല, അന്താരാഷ്ട്ര ഭീകരസംഘടനകള്‍ക്കെല്ലാം താവളമൊരുക്കുന്ന തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കശ്മീരില്‍ നിന്നുപോലും രക്ഷയില്ലാതെ പായുന്ന ഭീകരക്കൂട്ടങ്ങള്‍ വിജയന്റെ തട്ടകമെന്ന് കരുതപ്പെടുന്ന കണ്ണൂരിലാണ് അഭയം തേടുന്നത്.

ശബരിമലയിലേക്ക് മാവോയിസ്റ്റുകളെയും ആഭാസസമരക്കാരെയും ആട്ടിത്തെളിക്കുന്നതില്‍ ബദ്ധശ്രദ്ധരായ വിജയന്റെ പോലീസ് കണ്ണൂരില്‍ നിന്നും മറ്റും ദിനംപ്രതി ഐഎസിലേക്ക് ചേക്കേറുന്നവരെക്കുറിച്ച് മിണ്ടുന്നേയില്ല. വിജയന്‍ കസേരയിട്ടിരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഒരു കോളേജില്‍ ഓണമായാലും ക്രിസ്തുമസായാലും പിള്ളേര് ആഘോഷിക്കുന്നത് ഐഎസ്, അല്‍ഖ്വയ്ദ കൊടികളും ബിന്‍ലാദന്റെ ചിത്രവുമായാണ്. അത്ര മേല്‍ സുതാര്യമാണ് വിജയന്റെ ഭരണത്തില്‍ ഭീകരസംഘടനകള്‍ക്ക് കേരളത്തില്‍ കാര്യങ്ങള്‍. 

ശബരിമല തകര്‍ത്തിട്ട് ഈ മാര്‍ക്‌സിസ്റ്റ് നേതാവിന് എന്ത് കിട്ടാന്‍ എന്ന ചോദ്യം ചില ഭാഗങ്ങളില്‍ നിന്ന് ഉയരുന്നത് കേള്‍ക്കാതെയല്ല. ഭൂതപ്രേതാദികളില്‍ മാത്രം വിശ്വാസമുള്ള പിണറായി വിജയന്‍ അഞ്ച് ഭൂതങ്ങള്‍ക്കും അപ്പനായ അയ്യപ്പനെ കാണാന്‍ പോയ കാലം ആരും മറന്നിട്ടുണ്ടാവില്ല. ദേവസ്വം ബോര്‍ഡ് ഭാരവാഹികളെയും ഉദ്യോഗസ്ഥരെയും വട്ടമിരുത്തി വിജയന്‍ അന്ന് ചോദിച്ചത് 365 ദിവസവും നട തുറന്നുവെച്ചാലെന്താ തകരാറ് എന്നാണ്. 

ആണും പെണ്ണുമടങ്ങുന്ന കോടാനുകോടി അയ്യപ്പന്മാര്‍ ദര്‍ശനഭാഗ്യം കിട്ടാതെ വലയുന്നതോര്‍ത്ത് മനംനൊന്താണ് വിജയന്‍  ഇത്തരത്തിലൊരു ചിന്ത മുന്നോട്ടുവെച്ചതെന്നോര്‍ത്ത് കോള്‍മയിരണിഞ്ഞ നിത്യവിശുദ്ധന്മാര്‍ ധാരാളമുണ്ട് കേരളത്തില്‍. വ്രതം  പതിന്നാലുദിവസം മതിയെന്നും പതിനെട്ടാം പടിക്ക് വീതി കൂട്ടിയാല്‍ കൂടുതല്‍ പേര്‍ ഒറ്റയടിക്ക് അയ്യനെക്കണ്ട് ആത്മജ്ഞാനം നേടി നിര്‍വൃതിക്കൊണ്ടോളും എന്നുമൊക്കെ സിദ്ധാന്തിച്ചവരെ ആനന്ദത്തിലാറാടിച്ച സംഭവമാണ് വിജയന്‍ മുന്നോട്ടുവെച്ച ഈ വിപ്ലവയുക്തി. 

ദര്‍ശനത്തിന് ആയിരം രൂപ വെച്ച് ഫീസ്, വിഐപികള്‍ക്ക് പ്രത്യേക നിരക്ക്, തീര്‍ത്ഥാടനപാതയില്‍ ഒരോ പത്ത് കിലോമീറ്ററിലും ഹോസ്റ്റല്‍, ടൂറിസ്റ്റുകള്‍ കൂട്ടത്തോടെ വരുമ്പോള്‍ മല കയറാന്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് റോപ്പ്‌വേ തുടങ്ങി പിന്നെയുമുണ്ടായിരുന്നു വിജയന്റെ പാക്കേജില്‍ അന്ന് ഐറ്റങ്ങള്‍.

സന്നിധാനത്ത് മാത്രമല്ല സന്നിധാനത്തേക്ക് പോകുന്ന വഴിക്കെല്ലാം പിരിവിന് വേറെയുമുണ്ട് പദ്ധതികള്‍. അയ്യപ്പന്മാര്‍ക്ക് മാത്രമായി പമ്പയ്ക്ക് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ ആര്‍ക്കും കേറാവുന്ന വിധത്തില്‍ സോഷ്യലിസം നടപ്പാക്കിയും മണ്ഡലകാലത്ത് ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടിയും വിജയന്‍ പണം വരവിന് പുതിയ വഴികള്‍ തുറന്നുകൊണ്ടേയിരുന്നു. കറണ്ടായും വെള്ളമായും പോലീസായും ആശുപത്രിയായും അയ്യപ്പന്മാരില്‍ നിന്ന് പിഴിയാനാവുന്നതിന്റെ പരമാവധി പിഴിഞ്ഞിട്ടും മതിയാകാതെ വന്നപ്പോഴാണ് പുതിയ തന്ത്രങ്ങള്‍ ഉദിച്ചത്. 

പില്‍ഗ്രിം ടൂറിസം എന്നോ മറ്റോ പേര് പറഞ്ഞ് കോടികള്‍ ശബരിമലയ്ക്ക് വേണ്ടി ഒഴുകിയെത്തും എന്ന് കേട്ടപ്പോഴാണ് വിജയന് കന്നിമല കയറാന്‍ മോഹമുദിച്ചത്. അപ്പോള്‍പ്പിന്നെ കച്ചവടത്തിന് പറ്റുന്ന സംഗതികള്‍ ഇനം തിരിച്ച് നടപ്പാക്കുക തന്നെ വേണം. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് വിജയനോട് കെറീച്ച് ഇറങ്ങി പതിനെട്ടാം പടിക്ക് കീഴെ പ്രാര്‍ത്ഥനായജ്ഞം നടത്തിയതും അന്ന് വാര്‍ത്തയായതാണ്. വിജയനും അദ്ദേഹം നയിക്കുന്ന സര്‍ക്കാരിനും ശബരിമല എന്നത് കൈ നനയാതെ മീന്‍പിടിക്കാനുള്ള ഒരിടമാണെന്ന് അറിയാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. 

അവിടേക്കെത്തുന്നവരില്‍ നിന്ന് പണം പിടുങ്ങുക എന്നത് മാത്രമാണ് ലക്ഷ്യം. വിശ്വാസവും വികാരവുമൊക്കെ പാപ്പാത്തിച്ചോലയിലെ കുരിശിന്റെ കീഴില്‍ മാത്രം വിളയുന്ന സാധനമാണെന്നും ശബരിമലയും ഗുരുവായൂരുമടക്കം മറ്റെല്ലായിടത്തും ഇടിച്ചുനിരത്തി കപ്പ നട്ടാല്‍ നല്ല മീന്‍കറി കൂട്ടി ഭേഷായി ഉണ്ടുറങ്ങാനാകുമെന്നും പണ്ടേക്കുപണ്ടേ സിദ്ധാന്തിച്ച് ശീലിച്ചവര്‍ക്കെന്ത് എന്ത് അമ്പലം, എന്ത് ആചാരം, എന്ത് വിശ്വാസം. അതുകൊണ്ട് വിജയന്റെ നോട്ടത്തില്‍ മാളികപ്പുറങ്ങള്‍ അധികമായി വന്നാല്‍ മഹത്വം മാത്രമല്ല, മണിയും ധാരാളം പോരും.

അതിനാദ്യം ശബരിമലയെ മതേതരസ്ഥാപനമാക്കണം. പിന്നെ പൊതുസ്ഥലമാക്കണം. പൊതുസ്ഥലത്ത് സോഷ്യലിസം വേണമെന്ന് മുദ്രാവാക്യം വിളിക്കണം. ചുംബനമായും താലിപൊട്ടിക്കലായും പോത്തിറച്ചി മഹോത്സവമായുമൊക്കെ കേരളീയ ജീവിതത്തെ വെല്ലുവിളിച്ച ആഭാസസമരക്കാരുടെ ആവശ്യങ്ങള്‍ സ്ഥിതിസമത്വത്തിന്റെയും പുരോഗമനത്തിന്റെയും പട്ട് പുതപ്പിച്ച് നടപ്പാക്കാനുള്ള ഒളിസേവയാണ് വിജയന്റെ വാണിഭതന്ത്രം. 

എന്ത് വന്നാലും വിജയന് നവോത്ഥാനനായകനാകണം. ചരിത്രത്തില്‍ കോളറും വലിച്ചിട്ട് ഇരിക്കണം. വടിവാളിനിടയിലൂടെ നടന്നവന്‍ വിജയനെന്ന് പാരിജാതപ്പൂപ്പാട്ടുകാരെക്കൊണ്ട് പാടിക്കണം. കൃഷ്ണനാകണമെന്ന് കൊതിച്ച ഒരു രാജാവുണ്ട് പണ്ട് കേട്ട കഥകളില്‍. പൗണ്ഡ്രകന്‍. അയാള്‍ കൃഷ്ണനെപ്പോലെ മുടിയില്‍ മയില്‍പ്പീലി വെച്ചു, മഞ്ഞപ്പട്ടുടുത്തു. ശരീരത്തിന് ശ്യാമനിറം കിട്ടാന്‍ ചായം തേച്ചു. ഊതാന്‍ അറിയില്ലെങ്കിലും ഓടക്കുഴലൊന്ന് കൈയില്‍ കരുതി. ദാസിമാരെ നിര്‍ബന്ധിച്ച് ചുറ്റും നിരത്തി നിര്‍ത്തി... പൗണ്ഡ്രകവാസുദേവന്‍ ശ്രീകൃഷ്ണനായി ചമഞ്ഞു... പൂര്‍ത്തിയാവണമെങ്കില്‍ കൃഷ്ണന്റെ കയ്യിലെ സുദര്‍ശനചക്രം കൂടി സ്വന്തമാക്കണമെന്ന് നാരദന്‍ ഉപദേശിച്ചു. അതെങ്ങനെ എന്നായി പൗണ്ഡ്രകന്‍. 'ചോദിച്ചാല്‍ മതി, തരും' എന്ന് നാരദന്‍... പടയെടുത്തുപോയി പൗണ്ഡ്രകന്‍ കൃഷ്ണനോട് ആ ചക്രം 'ചോദിച്ചുവാങ്ങി' എന്നാണ് കഥ..... 

ഇരുട്ടത്ത് സ്ത്രീകളെയും കൊണ്ട് ഓടുന്ന നവോത്ഥാനത്തിന് സംവിധായകനാകുന്ന തിരക്കില്‍ ഇത്തരം കഥകള്‍ ആരെങ്കിലും പറഞ്ഞുകൊടുക്കുന്നതുനല്ലതാണ്. അയ്യപ്പനും ചോദിച്ചാല്‍ നല്‍കുന്നവനാണെന്നാണല്ലോ വിശ്വാസികളുടെ മതം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.