സിപിഎം തിരക്കഥയില്‍ പോലീസ് നടപടി

Saturday 5 January 2019 7:30 am IST

തിരുവനന്തപുരം: ഹര്‍ത്താലില്‍ അക്രമങ്ങളുടെ പേരില്‍ സിപിഎം തിരക്കഥയ്ക്ക് അനുസരിച്ച് നീങ്ങുകയാണ്  പോലീസും. പലയിടത്തും സിപിഎമ്മുകാര്‍  ബോംബെറിഞ്ഞ ശേഷം പോലീസിനെ ഉപയോഗിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നുണ്ട്.  

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പള്ളിച്ചലില്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാനകമ്മറ്റി അംഗം ആകാശിന്റെ കൈയിലിരുന്ന ബോംബ് പൊട്ടി കൈപ്പത്തി അറ്റു. കൂടെയുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കും സാരമായി പരിക്കേറ്റു. ഈ കേസ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്.

സമീപത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്തു. നെയ്യാറ്റിന്‍കരയില്‍ സിപിഎം ഏരിയാകമ്മറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞു എന്ന് വരുത്തിതീര്‍ക്കാനും ശ്രമം നടത്തുന്നു. ഓഫീസിലേക്ക് എറിഞ്ഞതെന്നു പറയുന്ന ബോംബ് പൊട്ടിയിട്ടില്ല.  ബോംബ് കൊണ്ടു വച്ച ശേഷം  പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം അയ്യപ്പന്‍ വിളക്ക് മണ്ഡപം, നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്റെ നേതൃത്വത്തില്‍ അടിച്ചു തകര്‍ത്തു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ്  സിപിഎം ഓഫീസിലെ ബോംബ് നാടകം. 

മലയിന്‍ കീഴ്  ഭാരതീയ വിദ്യാപീഠം സ്‌കൂളിനു സമീപവും സിപിഎമ്മുകാര്‍ ബോംബു കൊണ്ടു വച്ച ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്‍എസ്എസുകാര്‍ ബോംബു കൊണ്ടുവച്ചെന്ന തരത്തില്‍ കേസെടുക്കാനാണ് പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഘപരിവാറിന്റെ സ്‌കൂളില്‍ ആയുധ ശേഖരമെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഈ തിരക്കഥ. 

സംസ്ഥാനവ്യാപകമായി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തുമ്പോള്‍ അക്രമം നടത്തിയ സിപിഎം പ്രവര്‍ത്തകരെ പിടികൂടുന്നതിന് പോലീസ് തയാറാകുന്നില്ല. സിപിഎമ്മുകാര്‍ അക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടും അവര്‍ക്ക് സുരക്ഷയൊരുക്കുന്ന നിലപാടാണ് പോലീസിന്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.