പിണറായി വഞ്ചിക്കുകയായിരുന്നു: പ്രീതി നടേശന്‍

Saturday 5 January 2019 1:35 pm IST

കൊച്ചി: രണ്ടാം നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് പിണറായി സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍. സ്വകാര്യ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രീതി നടേശന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

വനിതാ മതിലിനു പിറ്റേന്ന്, പൊലീസ് സുരക്ഷയില്‍ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ വിഷമമുണ്ടെന്നും അവര്‍ പറഞ്ഞു. പ്രീതി നടേശനും വനിതാ മതിലില്‍ പങ്കെടുത്തിരുന്നു. 

യുവതികള്‍ ശബരിമലയില്‍ കയറിയതിനെ നവോത്ഥാനമെന്നു വിളിക്കാനാവില്ല. ഞങ്ങള്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്നവരാണ്. എസ്എന്‍ഡിപി യോഗം ഭക്തര്‍ക്കൊപ്പമാണ്. വെള്ളാപ്പള്ളി നടേശന്‍ അത് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ യുവതികള്‍ ആരും ശബരിമലയ്ക്കു പോവില്ലെന്ന് സുപ്രിം കോടതി വിധി വന്നതിനു പിന്നാലെ തന്നെ വ്യക്തമാക്കിയതാണ്. വിശ്വാസമുള്ള, ആചാരങ്ങള്‍ പാലിക്കുന്ന ഒരു സ്ത്രീയും ശബരിമലയിലേക്കു പോവില്ല. ആക്ടിവിസ്റ്റുകള്‍ ചിലപ്പോള്‍ പോയേക്കുമെന്നും പ്രീതി പറയുന്നു. 

ഞങ്ങള്‍ ശ്രീനാരായണ ധര്‍മം പാലിക്കുന്നവരാണ്. മാസമുറയ്ക്ക് സ്ത്രീകള്‍ ശുദ്ധി വരുത്തണമെന്നും ഏഴു ദിവസം കഴിഞ്ഞേ ക്ഷേത്രത്തില്‍ കയറാവൂ എന്നും ഗുരുസ്മൃതിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ആരും പല്ലു തേയ്ക്കാതെയും കുളിക്കാതെയും അമ്പലത്തില്‍ പോവാറില്ല. അതുപോലെ തന്നെയാണ് ഇതും. അത് അനാചാരമല്ല. സംസ്‌കാരത്തിന്റെ ഭാഗമാണ്. 

ഇരുട്ടില്‍ രഹസ്യമായല്ല നവോത്ഥാനം സംഭവിക്കേണ്ടത്. സ്ത്രീകളെ രഹസ്യമായി കൊണ്ടുവരുന്നത് നവോത്ഥാനമല്ല. ക്ഷേത്രങ്ങളില്‍ ആചാരങ്ങള്‍ മാറിയിട്ടുണ്ട്. അത് സമയമെടുത്തു സംഭവിക്കുന്നതാണ്. ഭരണഘടനാ ഭേദഗതികള്‍ പോലും ഏറെ ചര്‍ച്ചയ്ക്കും സംവാദത്തിനും ശേഷമാണ് നടപ്പാക്കുന്നത്. ഇപ്പോള്‍ സംഭവിച്ചതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നതില്‍ സംശയമില്ല.

വനിതാ മതില്‍ കെട്ടി പിറ്റേന്നു തന്നെ മുഖ്യമന്ത്രി സ്ത്രീകളെ പ്രവേശിപ്പിച്ചതിലൂടെ അതിന്റെ ബലം ഇല്ലാതാക്കിയെന്നും പ്രീതീ നടേശന്‍ കുറ്റപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.