സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥ: കേന്ദ്രം റിപ്പോര്‍ട്ട് തേടി

Saturday 5 January 2019 2:06 pm IST
സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥയില്‍ അടിയന്തിര നടപടി എടുക്കാനും സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ്‌ പറഞ്ഞു.

ന്യൂദല്‍ഹി : ശബരിമല ഹര്‍ത്താലിന്റെ മറവില്‍ കേന്ദ്രത്തിലുണ്ടായ സംഘര്‍ഷങ്ങളെപ്പറ്റി അടിയന്തിരമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥയില്‍ അടിയന്തിര നടപടി എടുക്കാനും സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെയും അക്രമങ്ങള്‍ക്കെതിരെയും ബിജെപി എംപിമാര്‍ വെള്ളിയാഴ്ച രാജ്‌നാഥ് സിങ്ങിനെ കണ്ട് പരാതി നല്‍കിയിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ളവരെ ശബരിമലയില്‍ കയറ്റി ദര്‍ശനം നടത്തിച്ചെന്നും ഇതുസംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും വി. മുരളീധരന്‍ എംപി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് തന്നെ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സന്ദേശം കൈമാറി. എന്നാല്‍ സംസ്ഥാനം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടര്‍നടപടികള്‍ സ്വീകരിക്കും.

ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ പ്രകടനങ്ങളും ഹര്‍ത്താലും നടത്തിയിരുന്നു. ഇതിന്റെ മറവില്‍ പല സ്ഥലങ്ങൡും സിപിഎം ഗുണ്ടകളുടെ അക്രമ പരമ്പരകള്‍ അരങ്ങേറുകയാണ്. ബിജെപി ആര്‍എസ്എസ് നേതാക്കളുടെ വീടുനേരെയും സിപിഎം ഗുണ്ടകള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. ക്രമസമാധാന പാലകരായ സര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. ഇതിനിടെയാണ് കേന്ദ്രമന്ത്രിയുടെ കര്‍ശ്ശന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. 

വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണങ്ങളില്‍ വി. മുരളീധരന്‍ എംപിയുടെതുള്‍പ്പടെ നിരവധി വീടുകളാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരിദാസ് എന്നിവരുടെ വീടുകള്‍ സിപിഎം സംഘം തകര്‍ത്തിരുന്നു. ചന്ദ്രശേഖരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.