ഷീല ദീക്ഷിത് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയാകുമെന്ന് സൂചന

Saturday 5 January 2019 4:57 pm IST

ന്യൂദല്‍ഹി : ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മുന്‍ കേരള ഗവര്‍ണറും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് എത്തുമെന്ന് സൂചന. അജയ് മാക്കന്‍ രാജി വെച്ചതിന് പിന്നാലെയാണ് ഷീല ദീക്ഷിത് ആ പദവി ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ എഎപി സഖ്യത്തിനെതിരെ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ഷീല ദീക്ഷിത് പാര്‍ട്ടി തീരുമാനിച്ചാല്‍ എഎപിയുമായുള്ള സഖ്യം അംഗീകരിക്കാമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ അത് അംഗീകരിക്കുമെന്നും ഷീല ദീക്ഷിത് അറിയിച്ചു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അജയ് മാക്കന്റെ രാജി. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു രാജി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനാണ് രാജിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. നാലു വര്‍ഷം മുമ്പാണ് അജയ് മാക്കന്‍ ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. 

ദല്‍ഹിയില്‍ 15 വര്‍ഷം നീണ്ട ഭരണം നഷ്ടമായപ്പോള്‍ മാക്കന്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും തുടരാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.