ന്യൂദല്‍ഹി: റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ വായടപ്പിച്ച് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് നടത്തിയ മറുപടി പ്രസംഗത്തിന് സഹപ്രവര്‍ത്തകരുടെ അനുമോദന പ്രവാഹം. കോണ്‍ഗ്രസിന്റെ നുണപ്രചാരണങ്ങളെ നിര്‍മല സീതാരാമന് പൊളിച്ചടുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പ്രസംഗം തീര്‍ച്ചയായും കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നുണകള്‍ക്ക് അല്പായുസ്സാണ് ഉള്ളതെന്നും തെറ്റിദ്ധരിപ്പിച്ചും നുണപരത്തിയും കോണ്‍ഗ്രസ് റഫാല്‍ ഇടപാടിനെക്കുറിച്ച് നടത്തിയ അപവാദപ്രചാരണങ്ങളെല്ലാം വസ്തുതകള്‍ നിരത്തി അസാമാന്യ വാക്ചാതുരിയോടെ പ്രതിരോധമന്ത്രി തകര്‍ത്തെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് വാദങ്ങളെ നിഷ്പ്രഭമാക്കിയ ‘അസാമാന്യ പ്രകടന’ത്തില്‍ അഭിനന്ദനമറിയിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ട്വീറ്റ് ചെയ്തു.
റഫാലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ആരോപണങ്ങളെ തൂത്തെറിയുന്നതായിരുന്നു ലോക്സഭയില്‍ നിര്‍മല സീതാരാമന് നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട മറുപടി പ്രസംഗം. ബോഫോഴ്സ് ഇടപാട് അഴിമതി മാത്രമാണെന്നും എന്നാല്‍ റഫാല്‍ ഇടപാട് മോദിയെ അടുത്ത തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രിയായി വാഴിക്കുമെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: