മനോമാലിന്യങ്ങള്‍ വെടിയാം സദ് വികാരങ്ങളെ ഉണര്‍ത്താം

Sunday 6 January 2019 3:06 am IST

മക്കളേ,

ലോകം ഒരു പുതിയ വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. എല്ലാ മനുഷ്യരും വരാന്‍പോകുന്ന നല്ല കാലത്തെ സ്വപ്‌നം കാണുന്നവരാണ്. കഴിഞ്ഞുപോയ വര്‍ഷത്തേക്കാള്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും കുറഞ്ഞ, സന്തോഷവും സമാധാനവും നിറഞ്ഞ പുതുവര്‍ഷമാകട്ടെ രണ്ടായിരത്തിപ്പത്തൊന്‍പത്. 

  ശോഭനമായ ഭാവിക്കുവേണ്ടിയുള്ള പ്രാര്‍ഥനയും പ്രതീക്ഷയും മാത്രം പോരാ, ദൃഢനിശ്ചയത്തോടെ, ആത്മവിശ്വാസത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാനും നമ്മള്‍ തയാറാകണം. കഴിഞ്ഞുപോ

യ കാലത്തിലെ തെറ്റുകളെ തിരിച്ചറിഞ്ഞ്, അവ തിരുത്തി ഉത്സാഹത്തോടെ നമ്മള്‍ കര്‍മനിരതരാകണം. നമ്മുടെ ഭാഗത്തുനിന്നു പ്രയത്‌നമുണ്ടെങ്കില്‍ തീര്‍ച്ചയായും ഈശ്വരന്റെ ഭാഗത്തുനിന്നു കൃപയും നമുക്കുണ്ടാകും.

  എല്ലാവരും പുതുമയെ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍, എന്താണ് ഏതിനും പുതുമ നല്‍കുന്നത് എന്ന് മക്കള്‍ ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഉള്ളിലെ സ്‌േനഹവും, തുറന്ന ഹൃദയവുമാണ് ഏതിലും പുതുമയും സൗന്ദര്യവും നിറയ്ക്കുന്നത്. ബാഹ്യലോകത്തില്‍ നന്മ നിറയണമെങ്കില്‍ ആദ്യം നമ്മുടെ ഉള്ളില്‍ നന്മയുണ്ടാവണം. ഒരു പൂന്തോപ്പ് അഴുകിയ ഇലകളും, ഉണങ്ങിയ കമ്പുകളുംകൊണ്ട് നിറഞ്ഞതാണെങ്കില്‍ അതൊരിക്കലും മനോഹരമാവില്ല. അവയെ അപ്പപ്പോള്‍ നീക്കിക്കളയണം. അതുപോലെ വിദ്വേഷം, അസൂയ തുടങ്ങിയ മനോമാലിന്യങ്ങളെ വെടിഞ്ഞ് മനസ്സില്‍ സദ്‌വികാരങ്ങളെ നമുക്കുണര്‍ത്താം. ഭൂതകാലത്തിലെ കാലുഷ്യങ്ങളെ സൂക്ഷിക്കാത്ത, ഏതിനേയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്ന ഒരു മനസ്സിനെ ഉണര്‍ത്താം. 

  കുടുംബജീവിതത്തിലായാലും സാമൂഹ്യജീവിതത്തിലായാലും പരസ്പരമുള്ള മത്സരവും, അസൂയയും, വിദ്വേഷവും സാധാരണയായി നമ്മള്‍ കണ്ടുവരുന്നതാണല്ലോ? എന്നാല്‍, യഥാര്‍ഥത്തില്‍ എല്ലാവരുടേയും ഉള്ളില്‍ നന്മയുണ്ട്.

  അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു യുവാവിന്റെ കല്യാണം കഴിഞ്ഞു. ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു താമസമായി. എന്നാല്‍, മകള്‍ക്ക് അമ്മായിയമ്മയുമായി പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കാരണം അമ്മായിയമ്മ സ്വല്‍പം മുന്‍കോപി

യും തന്നിഷ്ടക്കാരിയുമായിരുന്നു. അങ്ങനെ അല്‍പകാലം കഴിഞ്ഞപ്പോള്‍ മരുമകള്‍ക്ക് തീരെ സഹിക്കാന്‍ വയ്യ എന്ന നിലയായി. അവളുടെ സഹോദരന്‍ ഒരു വൈദ്യനായിരുന്നു. അവള്‍ ചേട്ടനോടു പറഞ്ഞു, ''ചേട്ടാ ഞാന്‍ അമ്മായിയമ്മയെകൊണ്ടു വലഞ്ഞു. അവരെ എങ്ങിനെയെങ്കിലും ഇല്ലാതാക്കണം. ചേട്ടന്‍ എന്നെ സാഹായിച്ചേ പറ്റൂ.'' ചേട്ടന്‍ പറഞ്ഞു. ''പെട്ടന്ന് അവരെ ഇല്ലാതാക്കിയാല്‍ അതു പ്രശ്‌നമാകും. ഞാന്‍ നിനക്ക് ഒരു മരുന്നു തരാം. അത് കുറേശ്ശെയായി അവരുടെ ഭക്ഷണത്തില്‍ കലര്‍ത്തിക്കൊടുക്കണം. അങ്ങനെയായാല്‍  ആറുമാസമാകുമ്പോഴേക്കും അവരുടെ ഉപദ്രവം ഒഴിഞ്ഞുകിട്ടും. എന്നാല്‍, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, അവര്‍ക്ക് ഒട്ടുംതന്നെ സംശയം തോന്നാന്‍ പാടില്ല. അതുകൊണ്ട് അവരോടു സ്‌േനഹത്തോടെ പെരുമാറണം. അവര്‍ പറയുന്നതെല്ലാം കഴിയുന്നത്ര അനുസരിക്കാന്‍ ശ്രമിക്കണം.'' അവള്‍ സമ്മതിച്ചു. ചേട്ടന്‍ പറഞ്ഞതുപോലെ മരുന്നു ഭക്ഷണത്തില്‍ കലര്‍ത്തി അമ്മായിയമ്മയ്ക്കു കൊടുത്തുകൊണ്ടിരുന്നു. ഒപ്പം അവരോട് വളരെ നല്ല രീതിയില്‍ പെരുമാറാനും തുടങ്ങി. അങ്ങനെ നാലുമാസം കടന്നുപോ

യി. അപ്പോഴേക്കും വീട്ടിലെ അന്തരീക്ഷം തന്നെ ആകെ മാറിയിരുന്നു. മരുമകളുടെ നല്ല പെരുമാറ്റം കണ്ട് അമ്മായിയമ്മയ്ക്ക് അവളെ ഇഷ്ടമായി. അതോടെ അമ്മായിയമ്മയും നല്ല രീതിയില്‍ പെരുമാറാന്‍ തുടങ്ങി. അപ്പോള്‍ മകള്‍ക്കും അവരോട് ഇഷ്ടം കൂടിക്കൂടി വന്നു. ഒടുവില്‍ അവള്‍ ചേട്ടനോടു പറഞ്ഞു. ''ചേട്ടാ നമ്മള്‍ വിഷം അമ്മായിയമ്മയ്ക്ക് കൊടുത്തത് വളരെ തെറ്റായിപ്പോയി. അവര്‍ വളരെ നല്ലവരാണ്. എന്നോട് ഇപ്പോള്‍ വളരെ സ്‌േനഹമാണ്. ആ വിഷം കൊണ്ടുള്ള ദോഷം തീര്‍ക്കാന്‍ ചേട്ടന്‍ വേറെ മരുന്നു തരണം.'' അപ്പോള്‍ ചേട്ടന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. ''എടീ, അത് വിഷമൊന്നുമായിരുന്നില്ല. അത് അവരുടെ ആരോഗ്യത്തിന് ഗുണമേ ചെയ്യൂ. പ്രശ്‌നം നിന്റെ പെരുമാറ്റത്തിലായിരുന്നു. അതു മാറാനുള്ളസൂത്രം ഞാന്‍ പ്രയോഗിച്ചതാണ്. നിന്റെ സ്‌േനഹവും പരിചരണവും കൊണ്ടാണ് അവര്‍ നിന്നെ സ്‌േനഹിച്ചു തുടങ്ങിയത്.'' അതുപോ

ലെ മറ്റുള്ളവരെ മാറ്റാനല്ല നാം ശ്രമിക്കേണ്ടത് നമ്മള്‍ മാറാനാണ്. നമ്മള്‍ സ്‌േനഹിച്ചാല്‍ തീര്‍ച്ചയായും സ്‌േനഹം തിരിച്ചു കിട്ടും. 

  മനുഷ്യജീവിതമെന്നത് ക്ഷണികമാണ്. കഴിഞ്ഞുപോയ സമയം ഒരിക്കലും തിരിച്ചുകിട്ടുകയില്ല. അതിനാല്‍ അല്‍പസമയത്തേക്കാണെങ്കിലും ഈ ലോകത്ത് ജീവിച്ച്,  ഒരു പൂമ്പാറ്റയെപ്പോലെ ചുറ്റുമുള്ളവര്‍ക്ക് സന്തോഷം പകരാന്‍ നമുക്കോരോരുത്തര്‍ക്കും ശ്രമിക്കാം.

  അങ്ങനെ നന്മനിറഞ്ഞ, ശാന്തി നിറഞ്ഞ, സ്‌േനഹം നിറഞ്ഞ ഒരു ലോകത്തെ ഈ പുതുവര്‍ഷത്തില്‍ സാക്ഷാത്കരിക്കാന്‍ നമുക്കു കഴിയട്ടെ.

മാതാ അമൃതാനന്ദമയി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.