യതോ ധര്‍മസ്തതോജയ

Sunday 6 January 2019 3:08 am IST

കൃഷ്ണദ്വൈപായനന്‍, ബാദരായണന്‍ എന്നീ നാമങ്ങളുള്ള വേദവ്യാസന്‍, ഭാരതനാടിന്റെ ഉന്നതഭൂമിയായ ബദരീപീഠത്തില്‍ ഇരുന്ന്, വടക്ക് ഹിമാദ്രി മുതല്‍ തെക്ക് സേതുസമുദ്രംവരെ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശത്തെ മനുഷ്യജീവിതങ്ങളെയും അവരുടെ പ്രവര്‍ത്തനപഥങ്ങളെയും സ്വഭാവരീതികളെയും തന്റെ മനസ്സിലേക്കും ബുദ്ധിയിലേക്കും ആവാഹിച്ചെടുത്തു. അവരുടെ ജീവിതസരണി മാനവമൂല്യങ്ങളില്‍ അധിഷ്ഠിതമായാലേ ലോകഗുരുവെന്ന് ഈ നാട് വാഴ്ത്തപ്പെടുകയുള്ളൂവെന്ന് ബോധ്യം വന്ന അദ്ദേഹം, നിരന്തരസാധനയിലും വിചാരതപസ്സിലും മുഴുകി ജീവിതം സാര്‍ഥകമായിക്കഴിച്ചു.

വേദസംഹിതകളെ അടുക്കും ചിട്ടയുമുള്ളതാക്കി, പ്രയോഗക്ഷമതയുള്ളതാക്കി തരംതിരിച്ച മഹാനായ അദ്ദേഹത്തെ വേദവ്യാസനെന്നു ജനങ്ങള്‍ വിളിച്ചു. വേദങ്ങളില്‍നിന്ന് താന്‍ സ്വാംശീകരിച്ച സാരതത്വങ്ങളേയും തത്വചിന്തകളെയും ജീവിതാനുഭവങ്ങളേയും സാധാരണ ജനങ്ങളില്‍ നൂറ്റാണ്ടുകളായി നിലനിന്നുവന്ന പ്രയത്‌നങ്ങളെയും സാമഞ്ജസ്യപൂര്‍വം ഏകോപിപ്പിച്ച് ഇതിഹാസ കഥ നിര്‍മിച്ചു. സമസ്തജനരഞ്ജകമായ മഹാഭാരതമെന്ന പഞ്ചമവേദം 'ജ്ഞാനമയപ്രദീപ'മായി പ്രോജ്വലിപ്പിച്ച് ലോകത്തിന് വഴികാട്ടിയായി.

ഈ അത്ഭുത രചന അദ്ദേഹത്തിന്റെ ആത്മകഥയാണെങ്കിലും ചുറ്റുപാടും നടക്കുന്നതും നടക്കാന്‍ സാധ്യതയുള്ളതുമായ സംഭവപരമ്പരകള്‍ക്ക് കാല്‍പനിക പരിവേഷം നല്‍കി കൗതുകവര്‍ദ്ധകമായ വിധത്തില്‍ ഐതിഹാസിക കഥാകാവ്യമായാണ് സ ംവിധാനം ചെയ്തിട്ടുള്ളത്. താന്‍ ജീവിച്ച ദ്വാപരയുഗത്തിന്റെ അവസാനകാലത്തുണ്ടായിരുന്ന ജനങ്ങളുടെ ഉത്ഥാന-പതനങ്ങളുടെയും, സന്തോഷ-സന്താപങ്ങളുടെയും, സമാശ്വാസ-സന്ത്രാസങ്ങളുടെയും, സൂക്ഷ്മവും ആന്ത രവുമായ ശാശ്വതഭാവങ്ങളുടെയും, മനോവൃത്തികളുടെയും, വാസ്തവസ്ഥിതികളെ സാക്ഷാത്കരിച്ച് സന്ദര്‍ഭാനുരോധേന ഈ കാവ്യത്തില്‍ ഇണക്കിച്ചേര്‍ത്തു. 

കഥ, ഭരതന്മാരുടെ ജീവിതമാകയാല്‍ ഭാരതം എന്നും, ഇതിന്റെ വിരാടതയും മഹത്ത്വവും മനസ്സിലാക്കി മഹാഭാരതം എന്നുമൊക്കെ അഭിജ്ഞന്മാരാല്‍ അഭിഹിതമാക്കപ്പെട്ടു. എങ്കിലും വ്യാസഭഗവാന്‍ ഇതിനു നല്‍കിയ പേര് 'ജയം' എന്നായിരുന്നു.

പേരുകേള്‍ക്കുമ്പോള്‍തന്നെ മനസ്സില്‍ ഉദിക്കുന്ന ചോദ്യമാണ്, എന്തിന്റെ ജയമാണ് ഇതിലെ വിഷയം എന്നത്. ഉത്തരവും കൂടെത്ത െന്നയുണ്ട്. ധര്‍മത്തിന്റെ ജയം;ഇത് കാവ്യത്തില്‍ പലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. 'യതോ ധര്‍മസ്തതോജയ; (എവിടെ ധര്‍മമുണ്ടോ അവിടെയാണ് ജയം). എന്നാല്‍, ധര്‍മം നിരാശ്രയമായി നില്‍ക്കുകയില്ല . ധര്‍മിഷ്ഠരിലാണ് ധര്‍മം നിലനില്‍ക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ധര്‍മിഷ്ഠരുടെ അഥവാ ധര്‍മത്തെ സ്വപ്രവൃത്തികളില്‍ അനുവര്‍ത്തിക്കുന്നവരുടെ ജയമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഈ പേര് സാര്‍ഥകമാകണമെങ്കില്‍ അതിന്റെ അര്‍ഥം വ്യഞ്ജിപ്പിക്കുന്നതാകണം ഈ ചരിത്രാഖ്യായികയിലെ ആധികാരിക കഥ. അതിന് നായകനും

അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ഒരു പക്ഷവും ആവശ്യമാണ്. അവരുടെ  പ്രവര്‍ത്തനങ്ങള്‍ക്കു മിഴിവേകാന്‍ ഒരു പ്രതിനായകനും കൂട്ടാളികളായ മറുപക്ഷവും ആവശ്യമാണ്. ഇതിന് ഈ ഇതിഹാസകവി തിരഞ്ഞെടുത്തത് നായകപക്ഷത്ത് ധര്‍മപുത്രരെയും പാണ്ഡവരെയും, പ്രതിനായകപക്ഷത്ത് ദുര്യോധനനെയും കൗരവവരെയുമാണ്. ആദ്യപക്ഷത്തെ ധര്‍മപക്ഷമെന്നും എതിര്‍പക്ഷത്തെ അധര്‍മപക്ഷമെന്നും പ്രവൃത്തികളെ അടിസ്ഥാനപ്പെടുത്തി പറയാം. ഇവര്‍ തമ്മിലുള്ള സംഘര്‍ഷവും ധര്‍മപക്ഷത്തിന്റെ ജയവുമാണ് ഈ കാവ്യത്തിലെ വര്‍ണ്യവസ്തു.

ഇങ്ങനെ ധര്‍മത്തിന്റെയും ധര്‍മിഷ്ഠരുടേയും ജയം വര്‍ണ്യവസ്തുവാക്കിയതിലൂടെയുള്ള കവിയുടെ ഉദ്ദേശ്യം എന്തായിരുന്നു? വളര്‍ന്നുവരുന്ന പ്രയത്‌നശാലികളായ പുതുതലമുറകള്‍ക്ക് ധര്‍മത്തില്‍ കൂടുതല്‍ ആസ്ഥ അഥവാ ആഭിമുഖ്യം ഉണ്ടാവണമെന്ന ഒരേയൊരു ചിന്തയാണത്. ഇക്കാര്യം കാവ്യാരംഭത്തില്‍ തന്നെ കവി വ്യക്തമാക്കുകയും  ചെയ്തു. ''ധര്‍മേ മതിര്‍ഭവതു വ സ്തതതോത്ഥിതാനാം''- സതതം ഉത്തിഷ്ടമാനരായ, വളര്‍ന്നുവരുന്നവരായ നിങ്ങള്‍ക്ക് ധര്‍മത്തില്‍ ആസ്ഥ/ആസക്തി ഉണ്ടാവട്ടെ. ഇതാണ് കവിയുടെ ആശംസ, പ്രാര്‍ഥന. പിന്നീട് ഉദാഹരണങ്ങളിലൂടെയും ഉപാഖ്യാനങ്ങളിലൂടെയും പ്രമുഖ പാത്രങ്ങളുടെ പ്രവൃത്തികളിലൂടെയും വികസ്വരമാകുന്ന ഈ ധര്‍മ സന്ദേശത്തിന്റെ അര്‍ഥവും വ്യാപ്തിയും വര്‍ധിക്കുന്നതും കാണാം

സത്യത്തെക്കാള്‍ ധര്‍മ്മത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നാണ് വ്യാസമഹര്‍ഷിയുടെ അഭിപ്രായം. അതാണല്ലോ തന്റെ സത്യപാലനത്തില്‍ സദാവ്യഗ്രനായിരുന്നെങ്കിലും ധര്‍മം പാലിക്കുന്നതില്‍ അത്രതന്നെ പ്രാധാന്യം കൊടുക്കാതിരുന്ന ഭീഷ്മര്‍ക്ക് ദുരനുഭവം ഉണ്ടായതും.

ഭീഷ്മര്‍ മഹാഭാഗവതനായിരുന്നു. മഹാധര്‍മജ്ഞനെന്ന് ലോകത്തില്‍ പുകള്‍കൊണ്ട മഹാത്മാവുമായിരുന്നു. മഹാഭാരതത്തിലെ ഏറ്റവും വലിയ പര്‍വമായ ശാന്തിപര്‍വം ഏതാണ്ട് മുഴുവനും,

അനുശാസ പര്‍വത്തിലെ പകുതിഭാഗവും ഭീഷ്മര്‍ നല്‍കിയ ധര്‍മോപദേശങ്ങളാല്‍ ഘനഗംഭീരമായിരുന്നു. എങ്കിലും ധര്‍മിഷ്ഠനായിരുന്നില്ല അദ്ദേഹം. സ്വപിതാവ് ആവശ്യപ്പെടാതെ തന്നെ സത്യവതിയുടെ പിതാവായ ദാശമുഖ്യന്റെ മുന്‍പിലെത്തി ജീവിതം മുഴുവന്‍ താന്‍ അവിവാഹിതനായിരിക്കുമെന്നു 'ഭീഷ്മ ശപഥം' ചെയ്തു. അതിന്റെ പാലനത്തില്‍ സദാ ഉറച്ചുനിന്നെങ്കിലും രാജധര്‍മം എന്ന സ്വധര്‍മം നിറവേറ്റുവാന്‍ ഭീഷ്മര്‍ കൂട്ടാക്കിയില്ല. ധര്‍മപാലനത്തില്‍ ഉപേക്ഷ കാണിച്ചതുമൂലമാണ് ഭീഷ്മര്‍ക്ക് ആ നീണ്ട രാജപരമ്പരയുടെ ആത്യന്തിക ദുരന്തത്തിന് പ്രധാന കാരണക്കാരനാകേണ്ടിവന്നതും.

ഭഗവാനായ ശ്രീകൃഷ്ണന്‍ സ്വയം ആയുധമെടുക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നെങ്കിലും ദുര്യോധനപക്ഷം ചേര്‍ന്ന് ധര്‍മപക്ഷത്തോട് യുദ്ധം ചെയ്ത ഭീഷ്മരെ വധിക്കാന്‍ യുദ്ധത്തിന്റെ മൂന്നാം ദിവസവും പത്താംദിവസവും ചക്രായുധവും എടുത്ത് രണാങ്കണത്തില്‍ ചാടി വീണത് ധര്‍മവിജയത്തിനു വേണ്ടിയായിരുന്നു. 

ധര്‍മപക്ഷമായ പാണ്ഡവന്മാരുടെ രക്ഷയ്ക്ക് ഏത്രയോ അവസരങ്ങളില്‍ ഭഗവാന്‍ എത്തിച്ചേര്‍ന്നു.  വസ്ത്രാക്ഷേപ സമയത്ത് ദ്രൗപതിയേയും ധര്‍മത്തേയും രക്ഷിച്ചു. ഭാരതയുദ്ധസമയത്ത് സ്വധര്‍മപാലനത്തിന് ഊന്നല്‍ നല്‍കുന്ന ഭഗവദ്ഗീത ഉപദേശിച്ച് അര്‍ജുനനെ ഉദ്ബുദ്ധനാക്കി യുദ്ധം ചെയ്യിച്ചു. ഇവയെല്ലാം പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടതാണ്. ഇവിടെയെല്ലാം ഈ കവിക്ക് ധര്‍മത്തോടുള്ള പക്ഷപാതിത്വം സ്ഫടിക സ്ഫുടമായി തെളിയുന്നുമുണ്ട്.

(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.