സംസാരവര്‍ണന

Sunday 6 January 2019 3:27 am IST

സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു

നാണംകെട്ടു നടക്കുന്നിതു ചിലര്‍,

മദമത്‌സരം ചിന്തിച്ചു ചിന്തിച്ചു

മതികെട്ടു നടക്കുന്നിതു ചിലര്‍,

ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പൂക്കു

കുഞ്ചിരാമനായാടുന്നിതു ചിലര്‍;

കോലകങ്ങളില്‍ സേവകരായിട്ടു

കോലംകെട്ടി ഞെളിയുന്നിതു ചിലര്‍;

ശാന്തി ചെയ്തു പുലര്‍ത്തുവാനായിട്ടു

സന്ധ്യയോളം നടക്കുന്നിതു ചിലര്‍;

കൊഞ്ചിക്കൊണ്ടു വളര്‍ത്തൊരുപൈതലെ

കഞ്ഞിക്കില്ലാഞ്ഞു വില്‍ക്കുന്നിതു ചിലര്‍;

അമ്മയ്ക്കും പുനരച്ഛനും ഭാര്യക്കും

ഉണ്‍മാന്‍ പോലും കൊടുക്കുന്നില്ലാ ചിലര്‍;

അഗ്‌നിസാക്ഷിണിയായൊരു പത്‌നിയെ

സ്വപ്‌നത്തില്‍പ്പോലും കാണുന്നില്ല ചിലര്‍.

 

എഴുതപ്പെട്ടിട്ട് നൂറ്റാണ്ടുകള്‍ കടന്നുപോയിട്ടും,

ഇന്നും ഏറെ പ്രസക്തമായിത്തീര്‍ന്നിരിക്കുന്ന സാമൂഹിക ജീര്‍ണതകളെയാണ് പൂ

ന്താനം എണ്ണിയെണ്ണി പറഞ്ഞ് വിമര്‍ശിക്കുന്നത്. നാമസങ്കീര്‍ത്തനങ്ങള്‍ ചെയ്യാന്‍ മടിക്കുന്നു എന്നു മാത്രമല്ല ജനങ്ങള്‍ പലരും, ലൗകികജീവിത ഭോഗങ്ങളില്‍ മുഴുകിയുമാണ്. സ്ഥാനമാനങ്ങള്‍ ലഭിക്കാനായി എത്ര നാണംകെട്ട പ്രവൃത്തികള്‍ ചെയ്യാനും

നമുക്ക് മടിയില്ല. മാനാഭിമാനങ്ങള്‍ക്കു പകരം, അഹങ്കാരവും ബുദ്ധിശൂന്യതയും അവിവേകവുമൊക്കെയാണ് പലരിലും കാണുന്നത്. ചിലര്‍ സ്ത്രീകളുടെ മുമ്പില്‍ കളിക്കുരങ്ങന്മാരായി മാറുന്നു. ചിലര്‍ അധികാരിവര്‍ഗത്തിന്റെ സേവകന്മരായി ഞെൡഞ്ഞു നടക്കുന്നു. ഇനിയും ചിലര്‍ കുടുംബം പു

ലര്‍ത്താന്‍ ശാന്തിപ്പണി ചെയ്ത് കഴിയുന്നു. കൊടിയ ദാരിദ്ര്യം കൊണ്ട് സ്വന്തം കുഞ്ഞുങ്ങളെ വില്‍ക്കാന്‍ തുനിയുന്നവരും കുറവല്ല. അച്ഛനമ്മമാര്‍ക്കും ഭാര്യക്കും ആഹാരത്തിനുള്ള വകപോലും ഉണ്ടാക്കിക്കൊടുക്കുന്നില്ല മറ്റു ചിലര്‍. ആചാരപൂ

ര്‍വം വിവാഹം ചെയ്ത് സ്വന്തമാക്കിയ തന്റെ പത്‌നിയെക്കുറിച്ച് ഒരു ചിന്തയുമില്ല, ചിലര്‍ക്ക്.

പല പല പദവികള്‍ ലഭിക്കാനായി യോഗ്യതകള്‍ അവകാശപ്പെട്ടുകൊണ്ട്, അധികാരിവര്‍ഗത്തിന്റെ പി

ന്നാലെ നാണംകെട്ട് നടക്കുന്നവരെ ഇന്നും ധാരാളം കാണാവുന്നതാണ്. അഹങ്കാരവും ബുദ്ധിശൂന്യതയുംകൊണ്ട് അവിവേകികളായി, ദുഷ്പ്രവൃത്തികള്‍ ചെയ്തുകൊണ്ട്, ഞെളിഞ്ഞുനടക്കുന്നവരേയും നാം കണ്ടുവരുന്നു. സ്ത്രീജിതരായി മാറി ചതിക്കുഴികളില്‍ വീഴുന്നവരേയും, പ്രലോഭനങ്ങളിലൂടെ സ്ത്രീകളെ വശത്താക്കുന്നവരേയുമൊക്കെ കാണാവുന്നതാണ്. ദൈവികമായ ആചാരാനുഷ്ഠാനങ്ങളെയെല്ലാം പരമാവധി വ്യാപാരവല്‍ക്കരിക്കുന്ന ഒരു സമൂഹൂ െത്ത

യും നമുക്കിന്ന് കാണാം. ജന്മം നല്‍കിയ മാതാപിതാക്കളെ പരിഗണിക്കാന്‍ പലര്‍ക്കും 'സമയമില്ല.' അവരെ വൃദ്ധസദനങ്ങളിലും അമ്പലനടകളിലും വഴിവക്കിലുമൊക്കെ ഉപേക്ഷിച്ച് കടന്നുകളയുന്നവരും അപൂര്‍വമല്ല. ബ്രാഹ്മണ-ക്ഷത്രിയ വി ഭാഗങ്ങളില്‍പ്പെട്ടവര്‍, വിവാഹം തുടങ്ങിയ മംഗളകര്‍മങ്ങളെല്ലാം അഗ്നിയെ സാക്ഷിയാക്കിക്കൊണ്ടും പ്രീതിപ്പെടുത്തിക്കൊണ്ടുമാണ് ചെയ്യുക. വിവിധ മന്ത്രങ്ങള്‍ ജപിച്ച്, ഹവിസ്സ് (നെയ്യ്, മലര് തുടങ്ങിയ വിശിഷ്ട ദ്രവ്യങ്ങള്‍) അഗ്നിക്ക് സമര്‍പ്പിക്കുന്നു. അവയൊക്കെ, അഗ്നിയിലൂടെ ദേവന്മാരിലെത്തുകയും, അവരുടെ അ  നുഗ്രഹം ലഭിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ഹോമപൂ

ജാദികള്‍ക്കുശേഷം ആ ഹോമകുണ്ഡത്തെ, പ്രദക്ഷിണം വയ്ക്കുന്ന വധൂവരന്മാരെയും നാം കാണാറുണ്ട്. വിവിധ സമുദായങ്ങളില്‍ വ്യത്യസ്ത ചടങ്ങുകള്‍ ഉണ്ടെങ്കിലും, എല്ലാത്തിന്റെയും അടിസ്ഥാനം കുടുംബജീവിതത്തിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കായുള്ള പ്രാര്‍ഥനതന്നെയാണല്ലോ. അങ്ങനെ, ഈശ്വരനെ സാക്ഷിനി

ര്‍ത്തി വിവാഹം ചെയ്ത സ്വന്തം ഭാര്യയോട്, മരണംവരെ സ്‌നേഹവാത്സല്യങ്ങള്‍ പുലര്‍ത്തുന്ന ഭര്‍ത്താക്കന്മാര്‍ എത്രയുണ്ടാവും എന്ന് ചിന്തിക്കുക. മറിച്ച്, ഭര്‍ത്താക്കന്മാരെ അവഗണിക്കുന്ന ഭാര്യമാരും ഉണ്ടാവാം. പരിതാപകരമായ ഇത്തരം സാമൂഹിക ജീര്‍ണതകള്‍ക്കുനേരെയാണ് കവി, തന്റെ മൂര്‍ച്ചയേറിയ തൂലിക ചലിപ്പിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.