ജനുവരി 8, 9 തീയതികളിലെ പണിമുടക്ക് രാഷ്ട്രീയപ്രേരിതം; ബിഎംഎസ് പങ്കെടുക്കില്ല

Sunday 6 January 2019 4:36 am IST
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിതന്നെ നേരിട്ട് തൊഴിലാളി സംഘടനാ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും അവരുടെ ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയുമുണ്ടായി. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ധനകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ അഞ്ചംഗ മന്ത്രിതല സമിതി രൂപീകരിച്ചു, ആ സമിതി തൊഴിലാളി സംഘടനകളുമായി നിരവധിതവണ ചര്‍ച്ചകള്‍ നടത്തി. പല കാര്യങ്ങളെ സംബന്ധിച്ചും തീരുമാനങ്ങളെടുപ്പിക്കാനും സാധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യമൊരുക്കുന്നതിന് ബിഎംഎസ് ചരിത്രപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്.

2019 ജനുവരി 8, 9 തീയതികളി ല്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ ഐഎന്‍ടിയുസിയുമായി ചേര്‍ന്ന് ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്ക് രാഷ്ട്രീയപ്രേരിതവും അനവസരത്തിലുള്ളതുമായതിനാല്‍ ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്) പങ്കെടുക്കില്ല. 1992ന് ശേഷം രാജ്യത്തെ തൊഴിലാളി മേഖലയ്ക്ക് ഒട്ടനവധി ആനുകൂല്യങ്ങളും അവകാശങ്ങളും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിനുമുമ്പും 48മണിക്കൂര്‍ നീണ്ടുനിന്ന പണിമുടക്ക് ബിഎംഎസ് ഉള്‍പ്പെടെയുള്ള സംയുക്ത ട്രേഡ്‌യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. ആ സമയത്തൊന്നും തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ അനുവദിക്കുന്നതിന് യുപിഎസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. തൊഴിലാളി സംഘടനകളോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നത്.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിതന്നെ നേരിട്ട് തൊഴിലാളി സംഘടനാ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും അവരുടെ ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയുമുണ്ടായി. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ധനകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ അഞ്ചംഗ മന്ത്രിതല സമിതി രൂപീകരിച്ചു, ആ സമിതി തൊഴിലാളി സംഘടനകളുമായി നിരവധിതവണ ചര്‍ച്ചകള്‍ നടത്തി. പല കാര്യങ്ങളെ സംബന്ധിച്ചും തീരുമാനങ്ങളെടുപ്പിക്കാനും സാധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യമൊരുക്കുന്നതിന് ബിഎംഎസ് ചരിത്രപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്.

എതിര്‍ക്കേണ്ടതിനെ ശക്തമായി എതിര്‍ത്തും നല്ല കാര്യങ്ങളെ പൂര്‍ണ്ണമായും അനുകൂലിച്ചും ഒരേസമയം 'സംവാദവും സമരവു'മെന്ന മാര്‍ഗത്തിലൂടെ ബിഎംഎസ് മുന്നോട്ടുപോയി. മന്ത്രിതല ഉപസമിതി യോഗങ്ങളില്‍ ആദ്യമെല്ലാം എല്ലാ തൊഴിലാളി സംഘടനകളും സഹകരിച്ചെങ്കിലും ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ് തുടങ്ങിയ സംഘടനകള്‍ സഹകരിക്കാതെ യോഗങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങി. തൊഴിലാളികളുടെ വിശാലമായ താല്‍പര്യങ്ങള്‍ക്കുപരി രാഷ്ട്രീയപരമായ കാരണങ്ങളാലാണ് അവര്‍ പുറകോട്ടുപോയത്. ഗവണ്‍മെന്റ് തൊഴിലാളിസൗഹൃദ നിലപാട് സ്വീകരിക്കുമ്പോള്‍ പരമാവധി ആനുകൂല്യങ്ങള്‍ ലഭ്യമാവുന്നതിനുവേണ്ടിയുള്ള ഭാവാത്മകമായ സമീപനത്തിനുപകരം നിഷേധാത്മകമായ നിലപാടുകള്‍ സ്വീകരിച്ചത് തികച്ചും അപലപനീയമാണ്. ഈ സാഹചര്യത്തിലാണ് ബിഎംഎസ് സംയുക്ത സമരസമിതിയില്‍നിന്ന് മാറിയത്.

2014ല്‍ അധികാരത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കുവേണ്ടി ഒട്ടനവധി വിപ്ലവകരവും ചരിത്രപരവുമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അതിനുവേണ്ടിയുള്ള സാഹചര്യമൊരുക്കുന്നതില്‍ ബിഎംഎസ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ തൊഴിലാളിക്കുവേണ്ടി നടപ്പിലാക്കിയ കാര്യങ്ങള്‍:

1. ബോണസ് ആക്ട് ഭേദഗതി ചെയ്ത് പരിധി 3,500 രൂപ 7,000 രൂപയാക്കി വര്‍ധിപ്പിച്ചു.

2. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പരിധി 6500 രൂപയില്‍നിന്ന് 15000 ആയി ഉയര്‍ത്തുകയും ഇപിഎഫില്‍ അംഗമായ തൊഴിലാളികളുടെ മരണാനന്തര ആനുകൂല്യം 2.5 ലക്ഷത്തില്‍നിന്ന് 6 ലക്ഷമായി ഉയര്‍ത്തി. ഇപിഎഫ് മിനിമം പെന്‍ഷന്‍ 1,000 രൂപയായി വര്‍ധിപ്പിച്ചു. 3,000 രൂപയായി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

3. ഇഎസ്‌ഐ പരിധി 15,000 രൂപയില്‍നിന്ന് 21,000 രൂപയായി ഉയര്‍ത്തി.

4. ട്രേഡ് യൂണിയന്‍ രജിസ്‌ട്രേഷന്‍ 45 ദിവസത്തിനകം നല്‍കുന്നതിന് തീരുമാനമെടുത്തു.

5. പ്രസവാവധി 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയായി ഉയര്‍ത്തി.

6. 160ല്‍പരം തൊഴില്‍മേഖലകളില്‍ മിനിമം വേതനം കാലാനുസൃതമായി പുതുക്കി നിശ്ചയിച്ചു.

7. ഗ്രാറ്റുവിറ്റി നിയമം ഭേദഗതി ചെയ്ത് പരിധി 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി.

8. അങ്കണവാടി ജീവനക്കാരുടെ ഒാണറേറിയത്തില്‍ കേന്ദ്രവിഹിതം 3,500 രൂപയില്‍നിന്നും 4,500 രൂപയായി വര്‍ധിപ്പിച്ചു.

9. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയവും ഇന്‍സെന്റീവും 2000 രൂപ വര്‍ധനവ് വരുത്തി.

10. ഉച്ചക്കഞ്ഞി വിതരണ തൊഴിലാളികള്‍ക്ക് ഗണ്യമായ വര്‍ധനവ് നല്‍കി പ്രതിദിനം കുട്ടികളുടെ എണ്ണം കണക്കാക്കി ആളോഹരി 2 രൂപ വര്‍ധിപ്പിച്ചു.

11. മിനിമം കൂലി 211ല്‍ നിന്നും 350 രൂപയായി വര്‍ധിപ്പിച്ചു. വീണ്ടും വര്‍ധിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

12. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തിദിനങ്ങള്‍ 100 ല്‍ നിന്ന് 200 ആയി വര്‍ധിപ്പിക്കുകയും കൂലി 150 രൂപയില്‍നിന്നും പ്രതിദിനം 271 രൂപയായി വര്‍ധിപ്പിച്ചു.

13. എല്ലാ വിഭാഗം തൊഴിലാളികളുടെയും മിനിമം വേതനം പാര്‍ലമെന്ററി കമ്മറ്റി ഫോര്‍ ലേബര്‍ അംഗീകരിച്ച വേജ്‌കോഡ് ഉടന്‍ നടപ്പിലാക്കും. രാജ്യത്തെ മൊത്തം തൊഴിലാളികളില്‍ 7 ശതമാനം പേര്‍ക്ക് മാത്രമാണ് മിനിമം വേതനം ലഭ്യമാവുന്നത്. വേജ്‌കോഡ് വരുന്നതോടെ മുഴുവന്‍ തൊഴിലാളികള്‍ക്കും അത് ലഭ്യമാകും.

14. നാഷണല്‍ പെന്‍ഷന്‍ സ്‌കീമി ലേക്ക് (എന്‍പിഎസ്) സര്‍ക്കാര്‍ വിഹിതം 10 ശതമാനത്തില്‍നിന്ന് 14 ശതമാനമാക്കി വര്‍ധിപ്പിച്ചു.

15. പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിലെ 3.5 ലക്ഷത്തോളം വരുന്ന ഗ്രാമീണ്‍ ഡാക് സേവകി (ജിഡിഎസ്)ന്റെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച് നിയോഗിച്ചിട്ടുള്ള കമലേഷ് ചന്ദ്ര റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പിലാക്കി.

16. ലോകത്തിലെ ഏറ്റവും വിപ്ലവകരമായ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ 'ആയുഷ്മാന്‍ ഭാരത്.' പ്രതിവര്‍ഷം 5 ലക്ഷം വരെയുള്ള കുടുംബ ആരോഗ്യപരിരക്ഷ സര്‍വ്വസാധാരണക്കാരന് വലിയ ആശ്വാസമാണ് നല്‍കിയത്.

ഇതിനു പുറമെ മറ്റ് നിരവധി പദ്ധതികള്‍ കാര്‍ഷികരംഗത്തും   വ്യവസായരംഗത്തും തൊഴില്‍രംഗത്തും നടപ്പാക്കിയിട്ടുണ്ട്. ചുരുങ്ങിയ കാലയളവില്‍ ഇത്രയും വലിയ ആനുകൂല്യങ്ങള്‍ നല്‍കിയത് സര്‍വ്വകാല റെക്കോഡാണ്. ഇത്രയും അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അതുമായി സഹകരിച്ച് പോകേണ്ടിയിരുന്ന തൊഴിലാളി സംഘടനകള്‍ രാഷ്ട്രീയനേട്ടത്തിനുവേണ്ടി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഈ സാഹചര്യം മനസ്സിലാക്കി സംയുക്ത സമരസമിതിയിലുണ്ടായിരുന്ന നിരവധി തൊഴിലാളി സംഘടനകള്‍ ഈ രാഷ്ട്രീയ അടിമത്തം മനസിലാക്കി ബിഎംഎസ് നേതൃത്വത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ട്രേഡ് യൂണിയന്‍സ് (CONCE-NT) രൂപം നല്‍കിയിരിക്കുകയാണ്. ഇതില്‍ എച്ച്എംകെപി, എന്‍എല്‍ഒ, ടിയുസിസി, എന്‍എഫ്‌ഐടിയു തുടങ്ങിയ ദേശീയ സംഘടനകളും നിരവധി പ്രാദേശിക സംഘടനകളും ചേര്‍ന്നുകഴിഞ്ഞു.

ഇനിയും നിരവധി സംഘടനകളെ ഈ കൂട്ടായ്മയിലേക്ക് വരുന്നതിന് തയ്യാറായിട്ടുണ്ട്. 2018 ഡിസംബര്‍ 31ന് വിപുലമായ കണ്‍വെന്‍ഷന്‍ ദല്‍ഹിയില്‍ നടക്കുകയുണ്ടായി. കണ്‍വെന്‍ഷന്‍ അംഗീകരിച്ച അവകാശപത്രിക പ്രധാനമന്ത്രിക്കും മന്ത്രിതല സമിതിക്കും നല്‍കുകയുണ്ടായി. ചര്‍ച്ചകള്‍ നടന്നുവരികയാണ്. രാഷ്ട്രീയം നോക്കി സമരംചെയ്യുന്ന, രാഷ്ട്രീയാടിമത്തമുള്ള ട്രേഡ് യൂണിയനുകളെ തുറന്നുകാട്ടി യഥാര്‍ത്ഥ തൊഴിലാളി സംഘടനാ പ്രവര്‍ത്തനമാണ് ഇഛചഇഋചഠ ന്റെ രൂപീകരണംകൊണ്ട് ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ തൊഴിലാളികള്‍ക്കോ സാധാരണക്കാരനോ ഗുണകരമായ യാതൊരു തീരുമാനവും എടുത്തിട്ടില്ല. വാണിജ്യ വ്യാപാര സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന സ്ത്രീതൊഴിലാളികളുടെ ജോലി സമയം രാവിലെ 9 മണി മുതല്‍ 7 മണിവരെ എന്നുള്ളത്, വൈകിട്ട് 9 മണിവരെ ആക്കുകയും, രാത്രി 9 മണി മുതല്‍ രാവിലെ 6 വരെ സ്ത്രീതൊഴിലാളികളെ ജോലിയെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഓര്‍ഡിനന്‍സ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുകയുമുണ്ടായി.

ഇത് അത്യന്തം സ്ത്രീവിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണ്. ലിംഗനീതി ഉറപ്പാക്കുകയും, സ്ത്രീ സംരക്ഷണം ഉറപ്പാക്കുമെന്ന് പറയുന്ന ഇടതുസര്‍ക്കാരിന്റെ തൊഴിലാളി വഞ്ചനയാണ് എട്ട് മണിക്കൂര്‍ ജോലിസമയം 12 മണിക്കൂറാക്കിയത്. കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ 20 വര്‍ഷത്തിലേറെ സര്‍വ്വീസുള്ള എംപാനലുകാരെ യാതൊരു മനുഷ്യത്വവുമില്ലാതെ പിരിച്ചുവിട്ട നടപടി കേരളത്തിലെ തൊഴിലാളി ചരിത്രത്തിലെ ആദ്യസംഭവമാണ്. ദേശീയ പണിമുടക്ക് നടത്തുന്ന സംഘടനകള്‍ അത്യന്തം ഗുരുതരമായ ഇത്തരം കാര്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നത് രാഷ്ട്രീയത്തിമിരം മാത്രമാണ്. ഈ വിഷയങ്ങളില്‍ ബിഎംഎസ് ശക്തമായ നിലപാടിലൂടെ തൊഴിലാളികള്‍ക്കൊപ്പം നിന്നിട്ടുണ്ട്.

അതുകൊണ്ട് യഥാര്‍ത്ഥ വസ്തുതകളില്‍നിന്നും ഒളിച്ചോടി, രാഷ്ട്രീയ പക്ഷപാതം മാത്രം മുന്‍നിര്‍ത്തി നടത്തുന്ന ദേശീയ പണിമുടക്ക് രാജ്യത്തെ തൊഴിലാളി സമൂഹം തള്ളിക്കളയണമെന്ന് ബിഎംഎസ് ആഹ്വാനം ചെയ്യുന്നു.

ബിഎംഎസ് ദേശീയ നിര്‍വ്വാഹക സമിതിയംഗമാണ് ലേഖകന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.