വീണ്ടും ഒരു പുതുവര്‍ഷം

Sunday 6 January 2019 3:40 am IST

''വീണ്ടും ഒരു പുതുവര്‍ഷം കൂടി.'' പുതുവര്‍ഷത്തെക്കുറിച്ചുള്ള രചനകളില്‍ പൊതുവെ കാണുന്ന പ്രയോഗമാണിത്. ഇത്തവണയും ഇതിനു കുറവുണ്ടായില്ല. 'വീണ്ടും പുതുവര്‍ഷം'  എന്നോ 'ഒരു പുതുവര്‍ഷം കൂടി' എന്നോമതി. 'വീണ്ടും', 'കൂടി' എന്നിവ ഒരുമിച്ചുവേണ്ട. വീണ്ടും ഒരു പുതിയ പുതുവര്‍ഷം എന്നെഴുതിയവരുമുണ്ട്. 

 

വാര്‍ത്തയില്‍നിന്ന്

''പുതുവര്‍ഷം ആരോഗ്യസംരക്ഷണ പ്രതിജ്ഞകളുടെ നാളുകള്‍ കൂടിയാണ്.'' എന്താണിതിനര്‍ത്ഥം? പുതുവര്‍ഷത്തില്‍ ദിവസവും ആരോഗ്യസംരക്ഷണ പ്രതിജ്ഞയെടുക്കും എന്നാണോ? ആര്‍ക്കറിയാം. എഴുതിയ ആള്‍ തന്നെ വിശദീകരിക്കേണ്ടിവരും.

'കേരളം മുമ്പില്ലാത്ത വിധത്തില്‍ മയക്കുമരുന്നിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. വിദ്യാര്‍ഥികളും കൗമാരക്കാരും അതിന്റെ പിടിയില്‍ വീണുകൊണ്ടിരിക്കുകയാണ്. കോളേജ് കാമ്പസുകള്‍ക്കും സ്‌കൂളുകള്‍ക്കും മുന്നില്‍ ലഹരിമാഫിയ തമ്പടിക്കുകയാണ്.'

എല്ലാവാക്യങ്ങളും 'ആണില്‍' അവസാനിക്കുന്നു. അരോചകമാണ് ഈ ആവര്‍ത്തനം. അല്‍പം ശ്രദ്ധിച്ചാല്‍ ഇതൊഴിവാക്കാവുന്നതേയുള്ളൂ.

'കേരളം മുമ്പില്ലാത്തവിധം മയക്കുമുരുന്നിന്റെ കേന്ദ്രമായി. വിദ്യാര്‍ഥികളും കൗമാരക്കാരും അതിന്റെ പിടിയില്‍ വീഴുന്നു. കോളേജ് കാമ്പസുകള്‍ക്കും സ്‌കൂളുകള്‍ക്കും മുന്നില്‍ ലഹരിമാഫിയ തമ്പടിക്കുകയാണ്.' 

'2019 ഹര്‍ത്താല്‍ വിരുദ്ധവര്‍ഷമാകട്ടെ' എന്ന് ഒട്ടേറെ സംഘടനകള്‍ പോയവര്‍ഷം തന്നെ പ്രതിജ്ഞയെടുത്തിട്ടുണ്ട്. 'ഹര്‍ത്താല്‍ വിരുദ്ധവര്‍ഷമാകും' എന്നാണ് പ്രതിജ്ഞയെടുക്കേണ്ടത് 'ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമാകട്ടെ' എന്ന് ആശിക്കാനേ കഴിയൂ.

''പ്രളയത്തിന്റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. എങ്കില്‍ത്തന്നെയും പ്രത്യാശയോടെയാണ് നാം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.'''എങ്കില്‍' നീട്ടി 'എങ്കില്‍ത്തന്നെ'യും ആക്കുന്നതെന്തിന്? എങ്കില്‍പ്പോലും എന്ന് പ്രയോഗിക്കുന്നവരുമുണ്ട് എന്നാലും പോരാത്ത ചിലര്‍ 'എന്നിരുന്നാലും' 'എന്നിരുന്നാല്‍ത്തന്നെയും' എന്നെല്ലാം പ്രയോഗിക്കുന്നു. എന്നിട്ടും മതിയാകാത്തവര്‍ 'എന്നിട്ടുപോലും' സ്വീകരിക്കുന്നു. പ്രസംഗകരില്‍ പലരും ഈ വാക്കുകള്‍ ഇങ്ങനെ വലിച്ചുനീട്ടി സമയം കൊല്ലുന്നവരാണ്. 

''അദ്ദേഹം ഡോക്ടറെ കാണാന്‍ വേണ്ടി പോകുകയാണ്.'' ''പുസ്തകം വാങ്ങാന്‍ വേണ്ടിയാണ് ഞാന്‍ അവിടെ എത്തിയത്.''രണ്ടുവാക്യങ്ങളിലും വേണ്ടി' വേണ്ട. പക്ഷേ വേണ്ടി'യെ കൈവിടാന്‍ പലര്‍ക്കും മടിയാണ്.

'വേണ്ടി'യെപ്പോലൊരു ഒഴിയാബാധയാണ് 'ആയ'. ''എന്നെ കാണാനായാണ് അദ്ദേഹം എത്തിയത്''. ''കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യാനായാണ് മന്ത്രി അങ്ങോട്ടുപോയത്.'' 'കാണാനാണ്' 'ഉദ്ഘാടനം ചെയ്യാനാണ്' എന്നുമതി.

ഒരു മുഖപ്രസംഗത്തില്‍നിന്ന്:

''ഇപ്പോള്‍ത്തന്നെ ഏറെ വൈകി. ഏറെ സമയം നഷ്ടമായി. രാജ്യം കെട്ടിപ്പടുത്തവരുടെ സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ നമുക്ക് ഏറെ സഞ്ചരിക്കേണ്ടതുണ്ട്'' ആദ്യത്തെ രണ്ടുവാക്യങ്ങളില്‍ ഒന്ന് പൂര്‍ണമായി ഒഴിവാക്കാം. ഏറെയും ഏറിപ്പോയി. 

''സര്‍വ്വീസില്‍നിന്നും വിരമിച്ചുകഴിഞ്ഞാല്‍ അവരുടെ അവകാശങ്ങളോട് വിവേചനരഹിതമായ പരിഗണന നല്‍കുക എന്നതാകട്ടെ സര്‍ക്കാരില്‍ നിക്ഷിപ്തമായ കടമമാത്രമാണ്.''

വികലമായ വാക്യം ഇതിങ്ങനെ തിരുത്താം:

സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നവരുടെ (വിരമിച്ചവരുടെ) അവകാശങ്ങള്‍ വിവേചനരഹിതമായി പരിഗണിക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്.

''ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടിയായി തീരുന്ന ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയെന്നത് സര്‍ക്കാരില്‍ ബാധ്യസ്ഥമായ സമൂഹിക ഉത്തരവാദിത്വത്തില്‍ നിന്നുള്ള പിന്മാറ്റമായേ കാണാനാവൂ. ഇതിന്റെ അര്‍ത്ഥം എഴുതിയ ആള്‍തന്നെ വിശദീകരിക്കേണ്ടിവരും. പാവങ്ങള്‍ വായനക്കാര്‍. 

''ജനതയുടെ ആരോഗ്യമെന്നത് ഏത് സാഹചര്യത്തിലും പ്രാഥമിക തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.'' സാഹചര്യവും പ്രാഥമികവും തിരഞ്ഞെടുപ്പും ചേര്‍ന്നുളള കുഴമറിച്ചില്‍. ''ജനതയുടെ ആരോഗ്യം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്'' എന്നായാല്‍ ധാരാളം. വായനക്കാര്‍ക്ക് ആശ്വാസം.

 

പിന്‍കുറിപ്പ്: 

''കേരളത്തിലെ പ്രശസ്തരായ പത്തുകവികളുടെ നവോത്ഥാനന്തര കവിതകള്‍ പ്രസിദ്ധീകരിക്കുന്നു, ഈടുറ്റ ഈ കവിതാസമാഹാരം ഒരുമാസത്തിനകം ബുക്ക് ചെയ്യുന്നവര്‍ക്ക് പകുതിവിലയ്ക്ക് കിട്ടും. ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് ഇതേ കവികളുടെ പ്രളയാനന്തര കവിതകള്‍ സൗജന്യമായി നല്‍കും.''

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.