ഭാസ്‌ക്കര്‍ റാവു സ്മൃതിയില്‍ പുരസ്‌കാരദാനം

Sunday 6 January 2019 3:49 am IST

മാവേലിക്കര: ആര്‍എസ്എസ് മുന്‍ പ്രാന്തപ്രചാരക് ഭാസ്‌കര്‍റാവുജിയുടെ ഓര്‍മകള്‍ പങ്കിട്ടപ്പോള്‍ കൂടെ പ്രവര്‍ത്തിച്ചവരില്‍ പലര്‍ക്കും കണ്ഠമിടറി. സ്മൃതി ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഭാസ്‌കരീയ പുരസ്‌കാരസമര്‍പ്പണമായിരുന്നു വേദി. അടിയന്തരാവസ്ഥകാലത്തെ കൊടുംപീഡനത്തിന്റെ ഇരയായ വൈക്കം ഗോപകുമാറിന് പുരസ്‌കാരം സമര്‍പ്പിച്ചത് ഇന്നത്തെ തലമുറയുടെ പ്രതിനിധിയായി ബുധനൂര്‍ ബാലാശ്രമത്തിലെ പതിനാലുകാരന്‍ ശ്രീനാഥാണ്.

 ഭാസ്‌കര്‍റാവുജിയോടൊപ്പമുള്ള ദിവസങ്ങളും അനുഭവങ്ങളും പങ്കിട്ടായിരുന്നു പരിപാടിക്കെത്തിയ പഴയകാല സംഘകാര്യകര്‍ത്താക്കള്‍ സംസാരിച്ചത്. സ്വന്തം അക്കൗണ്ടിലെ പണം പോലും കൃത്യമായി പാവപ്പെട്ട സംഘപ്രവര്‍ത്തകര്‍ക്കും  അവരുടെ  രോഗികളായ കുടുംബാംഗങ്ങള്‍ക്കുമായി മാസംതോറും വീതിച്ചിരുന്നതായി അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച നന്ദകുമാര്‍ പറഞ്ഞു.

ലഭിക്കുന്ന കത്തുകള്‍ക്കെല്ലാം കൃത്യമായി മറുപടി അയയ്ക്കുന്നത് ശീലമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ചിന്തകള്‍ എപ്പോഴും സംഘടനക്കുമപ്പുറം കാര്യകര്‍ത്താക്കളുടെയും പ്രവര്‍ത്തകരുടെയും കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിലായിരുന്നുവെന്നും അനുസ്മരിച്ചു. 1957ല്‍ തന്റെ മാതൃശാഖയിലെത്തിയ റാവുജിക്ക് രണ്ടുമുറി വീട്ടില്‍ താമസമൊരുക്കിയതും പരിമിതമായ സൗകര്യത്തില്‍ സന്തോഷമായി അദ്ദേഹം രാത്രി ചിലവിട്ടതുമായിരുന്നു കണ്ടിയൂര്‍ സ്വദേശി കൃഷ്ണപിള്ളക്ക് പങ്കുവയ്ക്കാനുണ്ടായിരുന്ന അനുഭവം. 

സര്‍വതും ലയിക്കുന്ന സമുദ്രസമാനമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഭാസ്‌കര്‍റാവുജിയെന്ന് മറുപടിപ്രസംഗത്തില്‍ വൈക്കം ഗോപകുമാര്‍ പറഞ്ഞു. കാര്യകര്‍ത്താക്കളുടെ ചെറിയ തെറ്റുകള്‍പോലും ഭാസ്‌കര്‍റാവുജിയെ കുപിതനാക്കിയിരുന്നു. ജനിച്ചത് ബര്‍മയിലാണെങ്കിലും ഓരോ ഹൃദയത്തുടിപ്പും ഭാരതത്തിനുവേണ്ടിയായിരുന്നു.

അപാരമായ ഓര്‍മശക്തിയും നേതൃഗുണവും കൊണ്ട് പ്രവര്‍ത്തകരെ സംഘടനയോട് ചേര്‍ത്തുനിര്‍ത്താനുള്ള കഴിവ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തി. ഒരു മനുഷ്യന് എത്രമാത്രം സ്വാധീനം സമൂഹത്തിലുണ്ടെന്നതിന് ഭാസ്‌കര്‍റാവുജിയുടെ ജീവിതം  തെളിവാണെന്നും വൈക്കം ഗോപകുമാര്‍ പറഞ്ഞു. ആര്‍എസ്എസ് പ്രാന്തീയ സഹവ്യവസ്ഥാപ്രമുഖ് ടി. ശങ്കരന്‍, വി.എന്‍. ഗോപിനാഥ്, വരദരാജന്‍ പന്തളം, കെ.ജി. വേണുഗോപാല്‍, രമേശ് കുട്ടനാട്, വിനോദ് മാവേലിക്കര എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.