വനിതാ മതിലിനെതിരെ പ്രതിഷേധം; എസ്എന്‍ഡിപി റാന്നി യൂണിയന്‍ ചെയര്‍മാന്‍ രാജിവച്ചു

Sunday 6 January 2019 5:59 am IST

എരുമേലി: ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ വനിതാമതിലിനെ എസ്എന്‍ഡിപി യോഗം പിന്തുണച്ചതില്‍ പ്രതിഷേധിച്ച് റാന്നി യൂണിയന്‍ ചെയര്‍മാന്‍ രാജിവച്ചു. എരുമേലി യൂണിയന്‍ സെക്രട്ടറി ശ്രീപാദം ശ്രീകുമാറാണ് രാജിവച്ചത്.  

നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ വനിതാ മതില്‍ ശബരിമല യുവതീപ്രവേശനത്തിന്റെ പേരിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പറഞ്ഞിട്ടും വനിതാ മതിലില്‍ നിന്ന് പിന്മാറാന്‍ എസ്എന്‍ഡിപി തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വനിതാ മതിലിന് തലേന്ന് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു.

എസ്എന്‍ഡിപി സമുദായ അംഗങ്ങള്‍ അടക്കം ലക്ഷക്കണക്കിന് അയ്യപ്പവിശ്വാസികള്‍ ശബരിമലയെ സംരക്ഷിക്കാന്‍ പോരാടുമ്പോള്‍ നോക്കിനില്‍ക്കാനാവില്ല. ഇതിന് പിന്തുണ നല്‍കിയാണ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തത്. കേരളനവോത്ഥാനമാണ് ലക്ഷ്യമെങ്കില്‍ മനുഷ്യമതില്‍ തീര്‍ത്താല്‍ മതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല ക്ഷേത്രവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ടത് സംസ്‌കാരത്തെ സ്‌നേഹിക്കുന്ന ഓരോ ഹിന്ദുവിന്റെയും കടമയാണ്. യൂണിയന്‍ ധനസഹായം നല്‍കിയ പതിമൂന്ന് മൈക്രോ സംഘങ്ങളെ ഭീഷണിപ്പെടുത്തിയും വിരട്ടിയും യൂണിയനില്‍പ്പെട്ട ചിലര്‍ അംഗങ്ങളെ വനിതാ മതിലിന് കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും ഒരാളെപ്പോലും കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. 

മതില്‍ വിഷയവുമായി ബന്ധപ്പെട്ട് എരുമേലി യൂണിയന്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താനും തീരുമാനിച്ചു. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് മുഴുവന്‍ ശാഖാ ഭാരവാഹികളും ശരണം വിളിച്ചാണ് പിന്തുണ നല്‍കിയത്. 

യൂണിയന്‍ കമ്മിറ്റിയിലെ രണ്ടു പേര്‍ മാത്രമാണ് എതിര്‍ത്തതെന്നും ഈ രണ്ടുപേര്‍ മാത്രമാണ് വനിതാ മതിലിന് പോയതെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലിനെതിരെ പ്രീതിനടേശന്‍ രംഗത്ത് വന്നത് സമുദായ അംഗങ്ങളുടെ പ്രതിഷേധത്തെ ഭയന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.