ജയം തേടി ഇന്ത്യ

Sunday 6 January 2019 3:34 am IST

അബുദാബി: ഏഷ്യന്‍ കപ്പില്‍ അമ്പത്തിയഞ്ചുവര്‍ഷത്തിനുശേഷം ഒരു വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് തായ്‌ലന്‍ഡുമായി മാറ്റുരയ്ക്കും. അല്‍ നഹ്‌യാന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കിക്കോഫ്. 

1964ല്‍ രണ്ടാം സ്ഥാനക്കാരായശേഷം ഇന്ത്യക്ക് ഈ ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍പ്പോലും ജയിക്കാനായിട്ടില്ല.

എട്ട് വര്‍ഷം മുമ്പാണ് ഇന്ത്യ അവസാനമായി ഈ ടൂര്‍ണമെന്റില്‍ കളിച്ചത്. അന്ന് ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും തോറ്റ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. എന്നാല്‍ ഇത്തവണ ജയം നേടി രണ്ടാം റൗണ്ടിലേക്ക് കാലെടുത്തുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം.

2015 മാര്‍ച്ച് മുതല്‍ തീവ്ര പരിശീലനത്തിലാണ് ഞങ്ങള്‍. ഫൈനല്‍ റൗണ്ടില്‍ കളിക്കാന്‍ യോഗ്യതയും നേടി. രണ്ടാം റൗണ്ടിലെത്താനായി ശക്തമായി പൊരുതുമെന്ന് ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റയിന്‍ പറഞ്ഞു.

ഇന്ത്യക്ക് പുറമെ യുഎഇ, തായ്‌ലന്‍ഡ് , ബഹ്‌റിന്‍ എന്നിവയാണ് ഗ്രൂപ്പ് എയില്‍ മത്സരിക്കുന്ന മറ്റ് ടീമുകള്‍. ഇതില്‍ യുഎഇ മാത്രമാണ് ലോക റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നിലുള്ള ടീം. തായ്‌ലന്‍ഡിനെയും ബഹ്‌റിനെയും മറികടന്നാല്‍ രണ്ടാം റൗണ്ടെന്ന ഇന്ത്യന്‍ സ്വപ്‌നം പൂവണിയും.

തായ്‌ലന്‍ഡിന്റെ ആക്രമണത്തെ ഫലപ്രദമായി തടഞ്ഞാല്‍ ഇന്ത്യക്ക് ഇന്ന് വിജയം നേടാനാകൂ. എഎഫ്എഫ് ചാമ്പ്യന്‍ഷിപ്പില്‍ എട്ട് ഗോളടിച്ച് ടോപ്പ് സ്‌കോററായ ആദിസക് ക്രൈസോണാണ് തായ്‌ലന്‍ഡിന്റെ കരുത്ത്. 

സൗഹൃദ മത്സരത്തില്‍ ശക്തരായ ചൈനയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു നിര്‍ത്തിയ ടീമാണ് ഇന്ത്യ. ഈ മികവ് ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് തായ്‌ലന്‍ഡിനെ പിടിച്ചുകെട്ടാനാകും. സന്ദേശ് ജിങ്കനാണ് പ്രതിരോധത്തെ നയിക്കുന്നത്. കരുത്തനായ ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ത്യന്‍ ഗോള്‍ വലയം കാക്കുന്നത്. മുന്നേറ്റ നിരയില്‍ സുനില്‍ ഛേത്രിയും ജെജെ ലാല്‍പെഖുലയും ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

ഇന്ന് അരങ്ങേറുന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയ ജോര്‍ദാനെയും സിറിയ പാലസ്തീനെയും നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.