മതിലിന് അനുമതി കിട്ടിയില്ലെങ്കില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും: ട്രംപ്

Sunday 6 January 2019 12:15 pm IST
മെക്‌സിക്കന്‍ മതിലിനായി 560 കോടി ഡോളറിന്റെ ഫണ്ട് യുഎസ് കോണ്‍ഗ്രസ് പാസാക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

വാഷിങ്ടണ്‍ : മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ പണം അനുവദിച്ചില്ലെങ്കില്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.

മെക്‌സിക്കന്‍ മതിലിനായി 560 കോടി ഡോളറിന്റെ ഫണ്ട് യുഎസ് കോണ്‍ഗ്രസ് പാസാക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി യുഎസ് സാമ്പത്തിക പ്രതിസന്ധിയിലാണ്. ട്രംപ് ബില്ലുകള്‍ ഒപ്പ് വെക്കാത്തതിനാല്‍ ട്രഷറി സ്തംഭിച്ചതാണ് ഇതിനു കാരണം. മതിലിന് പണം അനുവദിച്ചില്ലെങ്കില്‍ വര്‍ഷങ്ങളോളം ട്രഷറി നിയന്ത്രണം കൊണ്ടുവരാനും മടിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്.

സ്തംഭനം നീക്കുന്നതിനായി ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി, മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് ചക് ഷമര്‍ എന്നിവര്‍ ട്രംപുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.

അനധികൃത കുടിയേറ്റം തടയാന്‍ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കണമെന്നാണു പ്രസിഡന്റിന്റെ ആവശ്യം. ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. യുഎസ് സെനറ്റ് ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് ശമ്പളം നല്‍കാനുള്ള ബില്ലില്‍ ഒപ്പിടില്ലെന്ന് ട്രംപ് നിലപാടെടുക്കുകയായിരുന്നു. എട്ടുലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരാണ് അമേരിക്കന്‍ ട്രഷറി സ്തംഭനത്തെ തുടര്‍ന്ന് ശമ്പളമില്ലാതെ ജോലിയെടുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.