വീര സവര്‍ക്കര്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാവുമ്പോള്‍

Monday 7 January 2019 3:05 am IST
1943 ഡിസംബര്‍ 30ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെത്തിയ നേതാജി ബോസ് അവിടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. അതിന്റെ സ്മരണ പുതുക്കാനാണ് പ്രധാനമന്ത്രി അതെ നാളില്‍ അവിടെയെത്തിയത്. ആ ദ്വീപസമൂഹത്തിലെ മൂന്നെണ്ണത്തിന് പ്രധാനമന്ത്രി പുതിയ പേരുനല്‍കി. അതിലൊന്ന് നേതാജിയുടെ പേരിലാണിനി അറിയപ്പെടുക. അവിടത്തെ സെല്ലുലാര്‍ ജയിലില്‍, കാലാപാനിയില്‍, മോദി എത്തി. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ വീര സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന ഏകാന്ത സെല്ലില്‍ എത്തി പ്രധാനമന്ത്രി പ്രാര്‍ഥിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.

സവര്‍ക്കര്‍ എഴുതിയ കത്ത് നിരാകരിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടം അയച്ച ഉത്തരവാണ് ഇതൊന്നിച്ചുള്ളത്. ബ്രിട്ടീഷ് ആര്‍ക്കൈവ്‌സില്‍ നിന്ന് ലഭിച്ചത്

വീര സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചു എന്ന കുപ്രചാരണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍, ഔദ്യോഗിക രേഖകള്‍  ആ ആക്ഷേപങ്ങള്‍ നിരാകരിച്ചിരിക്കുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസും വീര സവര്‍ക്കാരുമൊക്കെ വീണ്ടും സജീവ ചര്‍ച്ചാവിഷയമായിരിക്കുന്ന വേളയാണല്ലോ ഇത്. അതിന് വഴിവെച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആന്‍ഡമാന്‍ നിക്കോബാര്‍ സന്ദര്‍ശനവും ഡിസംബര്‍ 30ന് അവിടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതുമാണ്. സവര്‍ക്കര്‍ എന്താണ് ചെയ്തത് എന്നത് വിലയിരുത്താന്‍ പറ്റിയ സമയമാണിത്. 

1943 ഡിസംബര്‍ 30ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെത്തിയ നേതാജി ബോസ് അവിടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. അതിന്റെ സ്മരണ പുതുക്കാനാണ് പ്രധാനമന്ത്രി അതെ നാളില്‍ അവിടെയെത്തിയത്. ആ ദ്വീപസമൂഹത്തിലെ മൂന്നെണ്ണത്തിന് പ്രധാനമന്ത്രി പുതിയ പേരുനല്‍കി. അതിലൊന്ന് നേതാജിയുടെ പേരിലാണിനി അറിയപ്പെടുക. അവിടത്തെ സെല്ലുലാര്‍ ജയിലില്‍, കാലാപാനിയില്‍, മോദി എത്തി. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ വീര സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന ഏകാന്ത സെല്ലില്‍ എത്തി പ്രധാനമന്ത്രി പ്രാര്‍ഥിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. കാലാപാനി എന്നു കേള്‍ക്കുമ്പോള്‍ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സില്‍ ആളിക്കത്തുക വീര സവര്‍ക്കറുടെ മുഖമാണ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു സ്വാതന്ത്ര്യസമര പോരാളി ജയില്‍ മോചിതനാവാന്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചുവെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ പരസ്യമായി ഉന്നയിക്കപ്പെടുന്നതും ഇതിനിടയില്‍ നാം കണ്ടു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള രേഖകള്‍, അദ്ദേഹം അന്നു സ്വീകരിച്ച ശക്തമായ നിലപാടുകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നു.  

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള, അതേസമയം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള, വ്യക്തിത്വങ്ങളാണ് നേതാജി ബോസും സവര്‍ക്കറും. രണ്ടുപേരും ഇന്ത്യയെ സ്വതന്ത്രയാക്കാന്‍ ശക്തമായി പൊരുതി. നെഹ്രുവിയന്‍ സമ്പ്രദായത്തിലായിരുന്നില്ല അവര്‍ നീങ്ങിയത്. 'ഒത്തുതീര്‍പ്പുകള്‍' അവര്‍ക്ക് അന്യമായിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ബ്രിട്ടീഷുകാരില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടതായുംവന്നു. ആ കാലഘട്ടത്തില്‍ ഗാന്ധിജിയും പണ്ഡിറ്റ് നെഹ്‌റുവും മറ്റ് കോണ്‍ഗ്രസ് നേതാക്കളുമൊക്കെ പലപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഒരിക്കലും ആന്‍ഡമാന്‍ നിക്കോബാറിലെ സെല്ലുലാര്‍ ജയിലിലേക്ക് അയക്കപ്പെട്ടിരുന്നില്ല. നെഹ്റു അത്തരം വേളകളില്‍, ചിലപ്പോഴെങ്കിലും, ബ്രിട്ടീഷ് അതിഥിയെപ്പോലെ ഗസ്റ്റ് ഹൗസുകളില്‍ കഴിഞ്ഞിരുന്നു. അപ്പോഴാണ് നേതാജിക്ക് ഇന്ത്യ വിട്ട് വിദേശത്തേക്ക് പോകേണ്ടിവന്നത്. സവര്‍ക്കര്‍ക്ക് ദീര്‍ഘകാലം സെല്ലുലാര്‍ ജയിലില്‍ ഏകാന്ത തടവുകാരനാവേണ്ടിവന്നു. 1911ല്‍ അന്‍പത് വര്‍ഷത്തേക്കാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. ആറ് മാസം ഏകാന്ത തടവ്. നാലു മാസം ചങ്ങലക്കിട്ടു. ഏഴുദിവസം വിലങ്ങഴിച്ചേയില്ല. പക്ഷേ ഒരിക്കലും വിദേശിക്ക് മുന്നില്‍ തല കുനിച്ചില്ല. എന്നാല്‍ അവരെ, സ്വതന്ത്ര ഇന്ത്യയില്‍ അധികാരം  സമ്പാദിച്ച കുടുംബം വല്ലാതെ ഭയപ്പെട്ടിരുന്നു. ഇന്നും നേതാജിയെയും സവര്‍ക്കറെയും മാത്രമല്ല സര്‍ദാര്‍ പട്ടേലിനെപ്പോലും ഈ കുടുംബം പുച്ഛിക്കുന്നതും അവഗണിക്കുന്നതും ഓര്‍മ്മിക്കുക. 

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഛത്തീസ്ഗഢില്‍ ഒരു സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങളിങ്ങനെ- 'ഞങ്ങളുടെ പാര്‍ട്ടിയില്‍ പതിനഞ്ചും ഇരുപതും വര്‍ഷം ജയിലില്‍ കിടന്നവരുണ്ട്. അതേസമയം സവര്‍ക്കര്‍ജി ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ കമിഴ്ന്ന് കിടന്ന് മാപ്പപേക്ഷിക്കുകയായിരുന്നു. നിങ്ങള്‍ ഞങ്ങളെ രാഷ്ട്രസ്‌നേഹം പഠിപ്പിക്കേണ്ടതില്ല...' അതിന്റെ പേരില്‍  സവര്‍ക്കറുടെ കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മാപ്പപേക്ഷയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ വരുന്നതിന് കാതോര്‍ക്കാം. രാഹുല്‍ ഗാന്ധി അപ്പോഴും മറന്നുപോകുന്നത്, സവര്‍ക്കറുടെ ഛായാചിത്രം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലുണ്ട് എന്നതാണ്. മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാം ആണ് അത് അനാച്ഛാദനം ചെയ്തത്. ആരുടെയൊക്കെ ചിത്രങ്ങളാണ്  അവിടെ വെയ്ക്കാറുള്ളത് എന്നത് കോണ്‍ഗ്രസ് നേതാവ്  തിരിച്ചറിയേണ്ടതല്ലേ? ഞാന്‍ മനസിലാക്കുന്നത്, ഈ വിഷയം പരിഗണക്ക് വന്നപ്പോള്‍ അന്ന് അതുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റിയിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജിയായിരുന്നു. അദ്ദേഹം അതിനെ അനുകൂലിച്ചു. പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായ ആളാണ് പ്രണബ് ദാ.   

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലില്‍ വീര സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന ഏകാന്ത സെല്ലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനനിരതനായപ്പോള്‍

വീര സവര്‍ക്കര്‍ മാപ്പ് എഴുതിക്കൊടുത്താണോ ജയില്‍ മോചിതനായത്? അതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിയോ...?. എന്താണ് അദ്ദേഹം പോര്‍ട്ട് ബ്‌ളയറിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്ക് എഴുതിക്കൊടുത്തത്?  ആ രേഖകള്‍ പലതും ലണ്ടനില്‍ ബ്രിട്ടീഷ് ആര്‍ക്കൈവ്‌സില്‍ ഉണ്ട്. അതില്‍ ചിലത് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ട്വിറ്ററിലെ സുഹൃത്തായ  സങ്കേത് കുല്‍ക്കര്‍ണി നടത്തിയ പരിശ്രമങ്ങളാണ് അതിന് വഴി തുറന്നത്. രണ്ടെണ്ണം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു. അതില്‍ ഒന്ന് ഇവിടെ ചേര്‍ക്കുന്നു. സവര്‍ക്കര്‍ നല്‍കിയ അപേക്ഷയെക്കുറിച്ചും ബ്രിട്ടീഷ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണങ്ങളെക്കുറിച്ചും അതിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്. ബ്രിട്ടന്റെ കയ്യിലുള്ള രേഖകള്‍ ഇന്ത്യയില്‍ ലഭ്യമാക്കണം. 

1911 ഫെബ്രുവരി 9ലെ ആഭ്യന്തര വകുപ്പിന്റെ കത്താണ് ലഭ്യമായത്. വിഡി  സവര്‍ക്കര്‍ സമര്‍പ്പിച്ച അപേക്ഷ നിരസിച്ചുകൊണ്ടുള്ള ഒന്നാണത്. 'in which he prays that general amnesty may be granted to all persons convicted of political offences...'  അതായത് 'ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ തടവുകാര്‍ക്ക് എല്ലാം രാഷ്ട്രീയ മാപ്പ് കൊടുക്കണം' എന്ന്. തനിക്ക് വ്യക്തിപരമായി പ്രയോജനം ലഭിക്കണം എന്നല്ല സവര്‍ക്കര്‍ ഉദ്ദേശിച്ചത്. സവര്‍ക്കര്‍ ദീര്‍ഘകാലം അവിടെ ഏകാന്ത തടവുകാരനായിരുന്നു. അത്രയ്ക്ക് വിഷമം മറ്റാര്‍ക്കും അവിടെ ഉണ്ടായിരുന്നില്ലതാനും. എന്നിട്ടും മറ്റുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് മുന്നിലെത്തിയത്. 

രണ്ടാമത്തെ പേജില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള കുറിപ്പാണ്. 'Petition by VD Savarkar for an amnesty to all political offenders (not necessarily including himself)'.  അത് കാണിക്കുന്നതും എല്ലാവര്‍ക്കും വേണ്ടിയാണ് സവര്‍ക്കര്‍ ഹര്‍ജി നല്‍കിയത് എന്നതാണ്. അതിന് താഴെ സവര്‍ക്കര്‍ക്ക് എന്തുകൊണ്ട് മാപ്പ് കൊടുത്തുകൂടാ എന്ന് കാണിക്കുന്ന അധികൃതരുടെ കുറിപ്പുമുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹം എത്ര വലിയ ശത്രുവായിരുന്നു എന്നല്ലേ അത് കാണിച്ചുതരുന്നത്? 

തന്റെ ജീവചരിത്രത്തില്‍ സവര്‍ക്കര്‍ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. 'It was my duty as a follower of responsive cooperation, to accept such conditions as would enable me to do better and larger work for my country than I was able to do during the years of imprisonment. I would be free thus to serve my mother country, and I would regard it as a social duty.' അതായത്, 'ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയാനല്ല, പുറത്തിറങ്ങി, ഇവിടെ കിടന്ന് ചെയ്യുന്നതിലുപരി, രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് എന്റെ ദൗത്യമാണ്. എന്റെ മാതൃഭൂമിയെ സേവിക്കാന്‍ അപ്പോള്‍ എനിക്ക് സ്വാതന്ത്ര്യമുണ്ടാവും. അതെന്റെ സാമൂഹ്യ പ്രതിബദ്ധതയായി ഞാന്‍ കാണുന്നു. 'ജയില്‍ മോചിതനായിട്ട് വീട്ടില്‍ കിടന്നുറങ്ങാനായിരുന്നില്ല, പോരാട്ടം തുടരാനാണ്, സവര്‍ക്കര്‍ ശ്രമിച്ചത്.  

ആരാവാം സവര്‍ക്കറെ പ്രതിക്കൂട്ടിലാക്കിയത്? കമ്മ്യൂണിസ്റ്റുകാര്‍ അദ്ദേഹത്തിനെതിരെ അത്തരം വാദഗതി ഉയര്‍ത്തി എന്നത് ശരിയാണ്. ക്വിറ്റ് ഇന്ത്യ സമരത്തിലും പിന്നീട് രാജ്യം സ്വതന്ത്രമായപ്പോഴും ഇടത് പാര്‍ട്ടികള്‍ സ്വീകരിച്ച കുപ്രസിദ്ധ നിലപാട് അറിയാമല്ലോ. അതിനെ മറികടക്കാന്‍  ഇതൊക്കെ ഉന്നയിക്കാന്‍ അവര്‍ ശ്രമിച്ചിരിക്കാം. എന്നാല്‍ കോണ്‍ഗ്രസുകാരുടെ ലക്ഷ്യമെന്താവണം? നേതാജിയോടും സര്‍ദാര്‍ പട്ടേലിനോടും മറ്റും സ്വീകരിച്ചത് പോലുള്ള നിഷേധാത്മക നിലപാട് തന്നെ. 

തെറ്റിദ്ധാരണകള്‍ പരത്താനുള്ള കുത്സിത നീക്കങ്ങള്‍ അവരുടെ സ്ഥിരം ശൈലിയാണല്ലോ. നേതാജിയെക്കുറിച്ചും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണം പോലും അതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കരുതുന്നവരുണ്ടല്ലോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.