സാമ്രാജ്യം നഷ്ടപ്പെടുന്ന വമ്പന്‍ കടക്കാര്‍

Monday 7 January 2019 3:04 am IST
മുംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്സാര്‍ ഗ്രൂപ്പ് ഉടമകളായ റൂയിയ സഹോദരങ്ങള്‍ തങ്ങളുടെ എസ്സാര്‍ സ്റ്റീല്‍ എന്ന ഉരുക്ക് നിര്‍മ്മാണ കമ്പനിയുടെ 45,000 കോടിയോളമുണ്ടായിരുന്ന കടം തിരിച്ചടക്കാന്‍ വീഴ്ച വരുത്തിയപ്പോള്‍ പരിഹാരത്തിനായി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) എത്തി. എല്ലാകടങ്ങളും തീര്‍ത്ത് കമ്പനി സ്വന്തമാക്കാന്‍ ആഗോള ഉരുക്ക് വ്യവസായിയായ ലക്ഷ്മി നാരായണ്‍ മിത്തലിന്റെ ഉടമസ്ഥതയിലുള്ള ആര്‍സിലോര്‍ മിത്തല്‍ ഗ്രൂപ്പ് തയ്യാറായി.

തിരിച്ചടവിനായി പൊതുമേഖല ബാങ്ക്  അധികാരികള്‍ക്ക് ഇപ്പോള്‍ കോര്‍പ്പറേറ്റ് കടക്കാരുടെ കാല് പിടിക്കേണ്ടി വരാറില്ല.  കടങ്ങള്‍ പുനഃക്രമീകരിച്ച് ബാങ്കുളുടെ കണക്ക് പുസ്തകങ്ങളില്‍ നിന്ന് നിഷ്‌ക്രിയ ആസ്തിയെ സക്രിയ ആസ്തിയാക്കി. ആസ്തികളെ തെറ്റായ വഴിയില്‍ 'സൗന്ദര്യവല്‍ക്കരിക്കാന്‍' സമര്‍ദ്ദവുമില്ല. ഉന്നതതല ബന്ധങ്ങളിലൂടെ യഥേഷ്ടം കടം വാങ്ങി ചിലര്‍ക്ക് സമ്പന്നരാകാനുള്ള അവസരവുമില്ല. പലരുടേയും കണക്കുകുകള്‍ പിഴച്ചു.  ഇപ്പോള്‍ പലര്‍ക്കും സ്വന്തം കോര്‍പ്പര്‍റേറ്റ് സ്വര്‍ണ്ണ ഖനികള്‍ നഷ്ടപ്പെടുന്നു. തിരിച്ചടക്കാന്‍ ശേഷിയുള്ള വമ്പന്‍ കോര്‍പ്പറേറ്റ് ഉടമസ്ഥരുടെ രക്ഷാകവചം ചരിത്രമായി മാറുകയാണ്. 

മുംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്സാര്‍ ഗ്രൂപ്പ് ഉടമകളായ റൂയിയ സഹോദരങ്ങള്‍ തങ്ങളുടെ എസ്സാര്‍ സ്റ്റീല്‍ എന്ന ഉരുക്ക് നിര്‍മ്മാണ കമ്പനിയുടെ 45,000 കോടിയോളമുണ്ടായിരുന്ന കടം തിരിച്ചടക്കാന്‍ വീഴ്ച വരുത്തിയപ്പോള്‍ പരിഹാരത്തിനായി  നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) എത്തി. എല്ലാകടങ്ങളും തീര്‍ത്ത് കമ്പനി സ്വന്തമാക്കാന്‍ ആഗോള ഉരുക്ക് വ്യവസായിയായ ലക്ഷ്മി നാരായണ്‍ മിത്തലിന്റെ ഉടമസ്ഥതയിലുള്ള ആര്‍സിലോര്‍ മിത്തല്‍ ഗ്രൂപ്പ് തയ്യാറായി.  കടങ്ങള്‍ തീര്‍ക്കാന്‍ 42,000 കോടി രൂപയും നടത്തിപ്പിന് മൂലധനമായി 8,000 കോടി രൂപയും മുടക്കി ആര്‍സിലോര്‍ മിത്തല്‍ സമര്‍പ്പിച്ച വ്യവസ്ഥ 90 ശതമാനം കടക്കാര്‍ക്കും സ്വീകാര്യമായിരുന്നു.  

യഥാര്‍ത്ഥത്തില്‍ എസ്സാര്‍ സ്റ്റീല്‍ ഏറ്റെടുക്കാന്‍ ആര്‍സിലോര്‍ മിത്തലിന്ന് ആദ്യം  യോഗ്യതയുണ്ടായിരുന്നില്ല. കാരണം ആര്‍സിലോര്‍ മിത്തല്‍ 'പ്രൊമോട്ടര്‍'മാരായ ഉത്തം ഗാല്‍വാ സ്റ്റില്‍സ്, കെഎസ്എസ് പെട്രോണ്‍ എന്നീ രണ്ട് കമ്പനികളും കടം തിരിച്ചടക്കുന്നതിന് വീഴ്ച വരുത്തിയവരായിരുന്നു. കടം തിരിച്ചടക്കാന്‍ ബാക്കിയുള്ള കമ്പനി ഉടമകള്‍ക്കോ അവരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളവര്‍ ഇരിക്കുന്ന കമ്പനികള്‍ക്കോ ഐബിസി 2016 ചട്ടപ്രകാരം ട്രൈബ്യൂണലില്‍ പരിഹാരത്തിന്ന് വരുന്ന കമ്പനികളെ ഏറ്റെടുക്കാന്‍ യോഗ്യതയില്ല. ആ ചട്ടങ്ങള്‍ പ്രകാരം ആര്‍സിലോര്‍ മിത്തലിന് എസ്സാര്‍ സ്റ്റീല്‍ ഏറ്റെടുക്കാന്‍ യോഗ്യത നേടണമെങ്കില്‍ ആദ്യം ഉത്തം ഗാല്‍വ സ്റ്റീല്‍സ്സ്, കെഎസ്എസ്് എന്നിവയുടെ 7500 കോടിയോളം വരുന്ന കടം തിരിച്ച് നല്‍കിയിരിക്കണം. അങ്ങനെ എസ്സാര്‍ സ്റ്റീല്‍ ഏറ്റെടുക്കാന്‍ ആര്‍സിലോര്‍ മിത്തലിന്ന് 7500 കോടി രൂപ ഉടനെ തിരിച്ച് നല്‍കേണ്ടിവന്നു. ഒരു വെടിക്ക് രണ്ട് പക്ഷി എന്നത് പോലെ മറ്റ് രണ്ട് കിട്ടാക്കടത്തിനും പരിഹാരം കാണാന്‍ ബാങ്കുകള്‍ക്ക് സാധിച്ചു എന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഐബിസി 2016ന്റെ പ്രത്യേകതയാണ്.

എസ്സാര്‍ സ്റ്റീല്‍ കടത്തിന് അന്തിമ പരിഹാരമായപ്പോള്‍ യഥാര്‍ത്ഥ ഉടമകളായ റൂയിയ സഹോദരങ്ങള്‍ ഞെട്ടി. അത് തിരിച്ചടക്കാന്‍ വിസമ്മതം കാണിക്കുന്ന എല്ലാ വന്‍കിട കടക്കാര്‍ക്കുമുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ആര്‍സിലോര്‍ മിത്തല്‍ നല്‍കുന്നതിനേക്കാള്‍ 4329 കോടി രൂപ കൂടുതല്‍ നല്‍കി മുഴുവന്‍ കടങ്ങളും തിരിച്ചടച്ച് കമ്പനി ഉടമസ്ഥത നിലനിര്‍ത്താന്‍ പിന്നീട് റൂയിയ സഹോദരങ്ങള്‍ സ്വയം മുന്നോട്ടുവന്നു. അപ്പോഴേക്കും അനുവദിച്ച സമയപരിതി കഴിഞ്ഞിരുന്നു. അതുകൊണ്ട് കടം നല്‍കിയ ബാങ്കുകള്‍ക്ക് റൂയിയ സഹോദരന്‍മാരുടെ വൈകി വന്ന ആ ബുദ്ധി സ്വീകാര്യമായിരുന്നില്ല. 

തിരിച്ചടവ് വീഴ്ച വരുത്തിയവര്‍ക്ക് വീണ്ടും കടംകിട്ടാനും യുപിഎ ഭരണകാലത്ത് എളുപ്പമായിരുന്നു. അതുകൊണ്ട് തന്നെ തിരിച്ചടക്കാന്‍ ശേഷിയുള്ള കടക്കാര്‍ പോലും തിരിച്ചടവ് വീഴ്ച്ച വരുത്തുന്നത് സാധാരണ പ്രവര്‍ത്തനമായി മാത്രം കാണുകയുണ്ടായി. അവര്‍ റൂയിയ സഹോദരങ്ങള്‍ മാത്രമായിരുന്നില്ല. കടുത്ത നിയമനടപടി ഭയപ്പെട്ട് രാജ്യം വിടേണ്ടി വന്ന വിജയ് മല്യ അവരില്‍ മറ്റൊരാള്‍ മാത്രമായിരുന്നു. മറ്റൊരു വിധത്തിലാണെങ്കിലും, നിലവിലുള്ള സാഹചര്യത്തില്‍ മാല്യക്കും, റൂയിയ സഹോദരങ്ങളെ പോലെ സ്വന്തം കമ്പനിയുടെ ഉടമസ്ഥത നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പാണ്. തിരിച്ചടവ് വീഴ്ച വരുത്തുമ്പോള്‍ത്തന്നെ വിജയ് മല്യക്ക് വീണ്ടും ബാങ്കുകള്‍ സമ്മര്‍ദ്ദത്തില്‍ കടം നല്‍കിയത് മന്‍മോഹന്‍ സിങ് അധികാരത്തില്‍ വന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ്. ബാങ്കുകള്‍ 2004 സപ്തംബറില്‍ മല്യക്ക് നല്‍കിയ 8040 കോടി രൂപയുടെ തിരിച്ചടവ് വീഴ്ച തുടര്‍ന്നപ്പോള്‍ 2008 ല്‍ അത് പുനക്രമീകരിക്കപ്പെട്ടു. മാല്യ രാജ്യം വിടുമ്പോള്‍ കടം 9000 കോടിയില്‍ ഏറെ ബാക്കി. രാജ്യം വിട്ടാലും കടം  തിരിച്ചടച്ച് തന്നെ പ്രശ്നം പരിഹരിക്കപ്പെടണം.

ആഗോളതലത്തില്‍ ഭാരതത്തിന്റെ സ്വാധീനം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയും,  വിട്ട്വീഴ്ചയില്ലാത്ത നിയമ നടപടികളില്‍ ജീവിതം ദുസ്സഹമാകാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ പണം തിരിച്ച് നല്‍കുക മാത്രമാണ് ആശ്വാസ മാര്‍ഗ്ഗമെന്ന് മല്യക്ക് ബോധ്യപ്പെട്ടു.  ഇതിനകം അതിശക്തമായ നീക്കത്തിലൂടെ കേന്ദ്ര  സര്‍ക്കാര്‍ സംവിധാനം ഓഹരികള്‍ ഉള്‍പ്പടെ  മല്യയുടെ വിലപ്പെട്ട ആസ്തികള്‍ പിടിച്ചെടുക്കുകയും ചെയ്തു. തന്റെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിലെ (യുബിഎല്‍) മല്യയുടെ ഓഹരികളില്‍ ഒരു ഭാഗം ബാങ്കുകളില്‍ പണയത്തിലായിരുന്നു. അതില്‍ 4.28 കോടി ഓഹരികള്‍ എന്‍ഫോഴ്സ്മെമെന്റ് ഡയരക്ടറേറ്റ് സ്വന്തം പേരില്‍ മാറ്റി. ഇപ്പോള്‍ സര്‍ക്കാര്‍ കൈവശം വെച്ചിരിക്കുകയാണ്. ഇത് യുബിയിലെ മൊത്തം മൂലധനത്തിന്റെ 16.5 ശതമാനം വരും. യുബിയുടെ ഇന്നത്തെ ഓഹരി വില ഒന്നിന് 1200 രൂപയായി വിപണിയില്‍ വ്യാപാരം നടക്കുന്നുണ്ട്.

ഇനി 16.5 ശതമാനം കൊണ്ട് വിജയ് മാല്യക്ക് യുബിയിലെ ഉടമസ്ഥാവകാശം നഷ്ടപ്പെടുമോ എന്നൊരു ചോദ്യം ബാക്കിയുണ്ട്. യുബിയില്‍ ബഹുരാഷ്ട്ര ഉടമസ്ഥതയുണ്ടെങ്കിലും നിയന്ത്രണം ഭൂരിപക്ഷ ഓഹരിയുടെ അടിസ്ഥാനത്തില്‍ മല്യക്ക് തന്നെയായിരുന്നു. ഇപ്പോള്‍ മല്യക്ക് നേരിട്ടും അല്ലാതെയും കൈയ്യിലുള്ളത് ഏകദേശം 10 ശതമാനം ഓഹരി മാത്രം. ഡച്ച് ബിയര്‍ നിര്‍മാതാക്കളായ ഹീനേക്കന്‍ ഗ്രൂപ്പിന്ന് നിയന്ത്രണാവകാശത്തിനുള്ള ഓഹരി ഇപ്പോള്‍ യുബി യില്‍ ഇല്ല. അത് കൊണ്ട് തന്നെ നിയത്രണാവകാശം കൈക്കലാക്കാന്‍ ഓഹരി വിപണിയിലെ വിലയിലും കൂടുതല്‍ 'പ്രീമിയം' നല്‍കാന്‍ ഹീനേക്കന്‍ തയ്യാറാണ്. അതിന്ന്  ജെഎം ഫിനാന്‍ഷ്യല്‍ എന്ന ഇന്ത്യന്‍ ധനകാര്യ സ്ഥാപനത്തേ ഉപദേശകരായി നിയമിച്ചിട്ടുമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഹീനേക്കന്‍ നല്‍കാന്‍ തയ്യാറാകുന്ന വില  ഓഹരി ഒന്നിന്ന് കുറഞ്ഞത് 2000 രൂപയാണെന്ന് അടുത്ത കാലം  ബാങ്കുകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ആ വഴിയില്‍ മാത്രം വിജയ് മല്യ ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള 8500 കോടി രൂപ കടം നല്‍കിയ ബാങ്കുകളിലേക്ക് തിരിച്ച് വരാന്‍ വഴി ഒരുങ്ങി.  ഈ ഓഹരിയല്ലാതെ, 10 കോടി രൂപയുടെ സ്ഥിരം നിക്ഷേപമുള്‍പ്പെടെ മല്യയുടെ 4000 കോടിയിലധികം രൂപ വിലമതിപ്പുള്ള ആസ്തികള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുണ്ട്. 

പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച്, ശേഷിയുണ്ടായിരുന്നിട്ടും ബോധപൂര്‍വ്വം തിരിച്ചടക്കാതെ കടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് വിശ്വസിച്ച മല്യക്കും തന്റെ കമ്പനിയുടെ ഉടമസ്ഥത നഷ്ടപ്പെടുന്നത് അസഹനീയമാണ്.  മല്യയുടെ മുന്നില്‍ ഇനി പരിമിതമായ മാര്‍ഗ്ഗങ്ങളെയുള്ളു. വാങ്ങിയ കടം പലിശയും പിഴയുമുള്‍പ്പടെ തിരിച്ചടക്കുക. അല്ലെങ്കില്‍ കീഴടങ്ങി നിയമ നടപടി നേരിടുക. നിയമത്തെ ഭയന്ന് ഓടിയ മല്യ, മുഴുവന്‍ പലിശയും പിഴയുമുള്‍പ്പടെ കടം തിരിച്ച് നല്‍കി പ്രശ്നം പരിഹരിക്കാനാണ് സാധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.