പ്രീതിയുടെ വെളിപ്പെടുത്തല്‍; സിപിഎം ചതി തുറന്നുകാട്ടുന്നു

Monday 7 January 2019 3:37 am IST
മുന്‍കാലങ്ങളില്‍ പലവട്ടം ഇത്തരം ചതിപ്രയോഗങ്ങള്‍ സിപിഎമ്മും അതിന്റെ നേതാക്കളും എസ്എന്‍ഡിപിയോട് കാട്ടിയുണ്ട്. അതൊക്കെ തിരിച്ചറിയാന്‍ ഏറെ വൈകിയെങ്കിലും, മതിലിലെ തട്ടിപ്പ് സമുദായവും നേതൃത്വവും വേഗം തിരിച്ചറിഞ്ഞു. മതിലില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരായ വനിതകളുടെ പങ്കാളിത്തം തീരെ കുറവായിരുന്നു.

ആലപ്പുഴ: വനിതാമതില്‍ സംഘടിപ്പിച്ച് വിശ്വാസികളെ വഞ്ചിച്ചുവെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്റെ തുറന്നു പറച്ചില്‍ ഈഴവ സമുദായംഗങ്ങളായ സ്ത്രീകളുടെ ഉറച്ച നിലപാട് വ്യക്തമാക്കുന്നു. എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള നവോത്ഥാന സംഘടനകളെ പോലും സ്വാര്‍ത്ഥ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാന്‍ സിപിഎം മടിക്കില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്. 

മുന്‍കാലങ്ങളില്‍ പലവട്ടം ഇത്തരം ചതിപ്രയോഗങ്ങള്‍ സിപിഎമ്മും അതിന്റെ നേതാക്കളും എസ്എന്‍ഡിപിയോട് കാട്ടിയുണ്ട്. അതൊക്കെ തിരിച്ചറിയാന്‍ ഏറെ വൈകിയെങ്കിലും, മതിലിലെ തട്ടിപ്പ് സമുദായവും നേതൃത്വവും വേഗം തിരിച്ചറിഞ്ഞു. മതിലില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരായ വനിതകളുടെ പങ്കാളിത്തം തീരെ കുറവായിരുന്നു. നേതാക്കള്‍ മാത്രമാണ് ചിലയിടങ്ങളില്‍ പങ്കാളികളായത്. അവര്‍ പോലും പങ്കെടുത്തത് മതില്‍ ശബരിമല വിശ്വാസങ്ങള്‍ക്കെതിരല്ല എന്ന ഉറപ്പ് നല്‍കിയതിനാലാണെന്നും പ്രീതി നടേശന്‍ വ്യക്തമാക്കുന്നു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും സംഘടനയുടെയും നിരവധി സഹായങ്ങള്‍ നേടിയെടുത്ത ശേഷം സമുദായ നേതൃത്വത്തെ കേസില്‍ കുടുക്കാനും, വെള്ളാപ്പള്ളിയെ ജയിലില്‍ അടയ്ക്കാനും മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തുന്ന ശ്രമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടുവര്‍ഷം മുമ്പ് സമത്വമുന്നേറ്റ യാത്ര നടത്തി ഇടതുവലതു മുന്നണികള്‍ നടത്തുന്ന വഞ്ചനയും നായാടി മുതല്‍ നമ്പൂതിരി വരെ ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യകതയും പൊതുസമൂഹത്തില്‍ തുറന്നു കാട്ടിയതിന് എസ്എന്‍ഡിപി നേതൃത്വത്തെ പിണറായി വിജയനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അവഹേളിച്ചതിന് കണക്കില്ല. 

ഒടുവിലാണ് നവോത്ഥാനത്തിന്റെ പേരിലുള്ള വഞ്ചന. സമുദായത്തിലും, എസ്എന്‍ഡിപിയിലും ഭിന്നതയുണ്ടാക്കുക, സമുദായങ്ങള്‍ തമ്മിലുള്ള ചേരിപ്പോരിന് എസ്എന്‍ഡിപി നേതൃത്വത്തെ കരുവാക്കുക തുടങ്ങിയ അജണ്ടകളാണ് മതിലിലൂടെ സിപിഎമ്മും സര്‍ക്കാരും ലക്ഷ്യം വെച്ചത്. ഇതില്‍ ഒരു പരിധി വരെ അവര്‍ക്ക് വിജയിക്കാനും സാധിച്ചു. എസ്എന്‍ഡിപിയെ മറയാക്കി വിശ്വാസിസമൂഹത്തെയും ആചാരങ്ങളെയും തകര്‍ക്കുക എന്ന മാര്‍ക്‌സിസ്റ്റ് അജണ്ട സമുദായം തിരിച്ചറിയുന്നു എന്നതാണ് പ്രീതി നടേശന്റെ നിലപാട് വ്യക്തമാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.