വിശ്വം വാഴ്ത്തും വേദവ്യാസന്‍

Tuesday 8 January 2019 2:32 am IST

എല്ലാ ഭാരതീയ ഭാഷകളിലുമുള്ള പ്രഗത്ഭമതികളായ വിദ്വാന്മാരും കവികളും മാത്രമല്ല, ഹസ്ലര്‍, മക്‌ഡൊണാള്‍ഡ്, വിന്‍ടര്‍ നിറ്റ്‌സ് തുടങ്ങിയ പാശ്ചാത്യപണ്ഡിതന്മാരും മഹാഭാരതത്തിന്റെ നാനാ മാഹാത്മ്യങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഭരതന്മാരുടെ ചരിത്രവും ഭാരതീയരുടെ ഇതിഹാസവും അനുപമകാവ്യവുമായ മഹാഭാരതത്തിന്റെ കര്‍ത്താവായ വ്യാസനെപ്പറ്റി അഭിജ്ഞന്മാര്‍ പറഞ്ഞിട്ടുള്ളത് അദ്ദേഹം ഭഗവദവതാരം തന്നെയാണെന്നാണ്.

''കോഹ്യന്യഃ പുണ്ഡരീകാക്ഷാദ് മഹാഭാരതകൃത്ഭവേത്'' പുണ്ഡരീകാക്ഷനായ ഭഗവാനല്ലാതെ മഹാഭാരതം രചിക്കാന്‍ മറ്റാര്‍ക്ക് സാധിക്കും എന്നാണ് പ്രാചീനമായ ഈ ലോകോക്തിയില്‍ ചോദിക്കുന്നത്.  ''ദ്വിബാഹുരപരോഹരിഃ, വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായവിഷ്ണവേ'' ഇങ്ങനെ ഏതെല്ലാം വിധത്തിലാണ് ഈ മഹാത്മാവ് പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളത്? ഇത്തരം അതിശയോക്തികളുടെ പരിവേഷമൊന്നും കൂടാതെ പച്ചമനുഷ്യനെന്ന നിലയില്‍ ആരായിരുന്നു വ്യാസന്‍  എന്ന് നോക്കിക്കാണുന്നതും വിജ്ഞാനപ്രദമാണ്.

പാരാശര്യനായിരുന്നു എന്നുമാത്രം പറഞ്ഞാല്‍ മതിയോ? പോരാ, അല്‍പംകൂടി വിസ്തരിച്ചു പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. യമുനാനദിയിലെ സാധാരണ കടത്തുവഞ്ചിക്കാരിയും കാളി(കറുമ്പി)യെന്നും മത്സ്യഗന്ധിയെന്നും വിളിക്കപ്പെട്ടിരുന്നവളുമായ ഒരു മുക്കുവപ്പെണ്ണില്‍ സ്മൃതികാരനും വിഷ്ണുപുരാണകര്‍ത്താവുമായ പരാശരമഹര്‍ഷിക്ക് പിറന്നവന്‍. വ്യാസന്‍ കാനീനയാണ് ജനിച്ചത്. തന്നെയല്ല  അദ്ദേഹം അനികേതനനും ആയിരുന്നു. ജന്മഗൃഹം ഇല്ലാതിരുന്നതുമൂലം ദ്വീപില്‍ പിറന്നവന്‍ (ദ്വൈപായനന്‍) എന്നും അദ്ദേഹത്തെ വിളിച്ചുവന്നു. നിറം കറുത്തായിരുന്നതുകൊണ്ട് ചിലര്‍ കൃഷ്ണന്‍(കുറുമ്പന്‍) എന്നുകൂടി ചേര്‍ത്ത് കൃഷ്ണദ്വൈപായനന്‍ എന്നും വിളിച്ചു. ജാതിയുടേയും വര്‍ണത്തിന്റെയും നിരര്‍ഥകത ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നില്ലേ.

കാഴ്ചയിലും വ്യാസന്‍ വളരെ അനാകര്‍ഷകനായിരുന്നു. വിരൂപനും ജടിലനും ദുര്‍വര്‍ണനും കൃശഗാത്രനും സുഗന്ധേതരഗന്ധ(ദുര്‍ഗന്ധ)മുള്ളവനും  സര്‍വഥാ ദുഷ്ടപ്രധര്‍ഷണനും (ആക്രമണത്തിനു വഴങ്ങാത്തവനും) ആയിരുന്നു.

''വിരുപോ ഹി ജടീ വാപി ദുര്‍വര്‍ണഃ പുരുഷഃ കൃശഃ

സുഗമന്ധേതരഗന്ധശ്ച സര്‍വഥാ ദുഷ്ടപ്രധര്‍ഷണഃ''

ഞാനെന്ന ഭാവത്തെ അടക്കി ഇല്ലായ്മ ചെയ്ത ഒരു വ്യക്തിക്കു മാത്രമേ തന്നെപ്പറ്റി ഇങ്ങനൊരു അഭിപ്രായം പുറപ്പെടുവിക്കാന്‍ കഴിയൂ. (ഇത് പ്രത്യക്ഷസത്യം തന്നെ ആയിരുന്നല്ലോ. അതാണല്ലോ മാതാവായ സത്യവതിയുടെ നിര്‍ബന്ധത്തിനുവഴങ്ങി പുത്രോല്‍പാ

ദനാര്‍ഥം അദ്ദേഹവുമായി സംഗമിച്ചപ്പോള്‍ അംബിക കണ്ണുകള്‍ അടച്ചത്.)

''തസ്യ കൃഷ്ണസ്യ കപിലാം ജടാം ദീപ്‌തേ ച ലോചനേ

ബഭ്രൂണിചെവ ശ്രമശ്രുണി ദൃഷ്ട്വാ ദേവീ ന്യമീലയത്''

അംബാലികയാണെങ്കില്‍ അദ്ദേഹത്തെ കണ്ടമാത്രയില്‍ വിവര്‍ണയായി ''പാണ്ഡുസങ്കാശയായ്'' അതുകൊണ്ടാണല്ലോ പാണ്ടുപിടിച്ച മകന്‍ ജനിച്ചത്.

ചുരുക്കത്തില്‍ മുക്കുവജാതിയില്‍ കാനീനായി പിറക്കുകയും അനികേതനനും നിരാശ്രയവും അനാകര്‍ഷകനും ഒന്നിമില്ലായ്മയില്‍നിന്ന് സ്വജീവിതം കെട്ടിപ്പടുത്തവനുമായിരുന്നിട്ടും സ്വന്തം സാധനകൊണ്ടും മഹാത്മാക്കളുമായുള്ള സംസര്‍ഗംകൊണ്ടും തപസ്സുകൊണ്ടും വിശ്വം മുഴുവന്‍ വളര്‍ന്ന ഒരു ഹൃദയത്തിന്റെ ഉടമയായി. സര്‍വാരാധ്യനായ മഹര്‍ഷീശ്വരനായി.

തന്റെ വിശ്വബന്ധുത്വഭാവനകൊണ്ടും അനുദ്ധതമായ വ്യക്തിത്വംകൊണ്ടും ക്രാന്തദര്‍ശിത്വംകൊണ്ടും മഹാഭാരതമെന്ന അനുപമ വിശ്വമഹാകാവ്യത്തിന്റെ കര്‍ത്താവായി. അതിലൂടെ ഈ നാടിന്റെ ധര്‍മഭാവനയ്ക്കു പോഷണവും കരുത്തും നല്‍കി. സഹസ്രാബ്ദങ്ങള്‍ പലതുകഴിഞ്ഞിട്ടും ഇന്നും ജനഹൃദയങ്ങളില്‍ അദ്ഭുതഭക്തികളോടെ വേദവ്യാസനും അദ്ദേഹത്തിന്റെ മാഹാത്മ്യങ്ങളും സ്മരിക്കപ്പെട്ടുവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.