മംഗലപ്പിള്ളി മൂത്തതിന്റെ ജ്യോതിഷവൈഭവം

Tuesday 8 January 2019 2:36 am IST

തിരുവിതാംകൂറില്‍ ആറന്മുള മംഗലപ്പിള്ളിയില്ലത്ത് ജ്യോതിശ്ശാസ്ത്ര പണ്ഡിതനും വിദ്വാനുമായ ഒരു മൂത്തതുണ്ടായിരുന്നു. അദ്ദേഹം കുട്ടമ്പേരൂര്‍ നാലേക്കാട്ടില്‍ ശങ്കരപ്പിള്ളയുടെ പിതാമഹനും പ്രസിദ്ധ ജ്യോത്സ്യനുമായിരുന്ന സമ്പ്രതിപ്പിള്ളയുടെ സഹപാഠിയും സുഹൃത്തുമായിരുന്നു. ഒരിക്കല്‍, മൂത്തത് യാത്രയ്ക്കിടെ തന്റെ സുഹൃത്തിനെ കാണാനായി നാലേക്കാട്ടില്‍ കയറി. ആ സമയം അവിടെയൊരു പോറ്റി തന്റെ ജാതകവുമായി സമ്പ്രതിപ്പിള്ളയെ കാണാനെത്തിയിരുന്നു. വേളികഴിക്കാന്‍  സ്ത്രീജാതകങ്ങളുമായുള്ള പൊരുത്തം നോക്കാനായിരുന്നു അദ്ദേഹം വന്നത്. 

വീട്ടിലെത്തിയ മൂത്തതിനെ സമ്പ്രതിപ്പിള്ള യഥാവിധം സ്വീകരിച്ചിരുത്തി. കുശലസംഭാഷണത്തിനിടെ, പോറ്റിയെ ചൂണ്ടിക്കാണിച്ച്, അദ്ദേഹം കൊണ്ടുവന്ന സ്ത്രീജാതകങ്ങളുമായി വേളിക്ക് ചേര്‍ച്ചയുള്ളവ പരിശോധിക്കണമെന്ന് മൂത്തതിനോട് സമ്പ്രതിപ്പിള്ള ആവശ്യപ്പെട്ടു. മൂത്തതിന് ജാതക പരിശോധനയ്ക്ക് ഏറെ സമയം ആവശ്യമില്ലെന്നും തനിക്കതിന് ഏറെനാള്‍ വേണ്ടിവരുമെന്നും സമ്പ്രതിപ്പിള്ള പറഞ്ഞതോടെ മൂത്തത് ജാതകങ്ങളെല്ലാം വാങ്ങി തിരിച്ചും മറിച്ചും നോക്കി. ഇതു കൊള്ളുകയില്ലെന്ന് പറഞ്ഞ് അദ്ദേഹം ജാതകങ്ങള്‍ ഓരോന്നായി പരിശോധിച്ച് താഴെയിട്ടു തുടങ്ങി. ഒടുവില്‍ ഒരു ജാതകം മാത്രം കൈയില്‍ പിടിച്ചുകൊണ്ട്, ശാസ്ത്രപ്രകാരം ഈ ജാതകം ഇദ്ദേഹത്തിന് ചേരുമെന്നും പക്ഷേ, ഈ കന്യകയെ ഇദ്ദേഹത്തിന് വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും മൂത്തത് അറിയിച്ചു. 

അതുകേട്ട പോറ്റി, ജാതകം ഏത് പെണ്‍കുട്ടിയുടേതാണെന്ന് നോക്കിയ ശേഷം ആ കന്യകയെ തനിക്ക് കിട്ടാതിരിക്കില്ലെന്നും ആ ഇല്ലക്കാര്‍ തന്റെ കുടുംബത്തിന്റെ ചാര്‍ച്ചക്കാരാണെന്നും പറഞ്ഞു. 

അതു കേട്ട്, താങ്കള്‍ പരീക്ഷിച്ചു നോക്കൂ, എങ്കിലും ഫലം ഞാന്‍ പറഞ്ഞതു പോലെയിരിക്കുമെന്നും വിവാഹം കഴിക്കുന്നത് വേറെ കന്യകയെ ആയിരിക്കുമെന്നും മൂത്തത് ഓര്‍മിപ്പിച്ചു. പക്ഷേ, ആ വേളി കൊണ്ടും ഫലമുണ്ടാകില്ലെന്നും പ്രസവിക്കുന്നതിനു മുമ്പ് ആ സ്ത്രീ  മരിച്ചു പോ

കുമെന്നും സന്തതികളുണ്ടാകണമെങ്കില്‍ വീണ്ടും വേളി കഴിക്കേണ്ടി വരുമെന്നും മൂത്തത് പ്രവചിച്ചു. പോറ്റിക്ക് അതുകേട്ടിട്ട് ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല. ഞാനൊന്നു പരീക്ഷിച്ചു നോക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ജാതകങ്ങളുമായി തിരിച്ചു പോയി. സമ്പ്രതിപ്പിള്ളയുമായി സംസാരിച്ചിരുന്നതിനു ശേഷം മൂത്തതും അവിടെ നിന്ന് തിരിച്ചു.

തനിക്ക് ജാതകം ചേരുമെന്നു പറഞ്ഞ കന്യകയുടെ ഇല്ലത്തെത്തിയ പോറ്റി, അവിടെയുള്ളവരെ വിവരം അറിയിച്ചു. കന്യകയെ വിവാഹം ചെയ്തു നല്‍കാമെന്ന് അവര്‍ സസന്തോഷം അറിയിച്ചു. സ്വജനങ്ങളുടെ സഹായത്തോടെ സ്ത്രീധനത്തുകയും മറ്റും തീര്‍ച്ചപ്പെടുത്തി. മുഹൂര്‍ത്തവും നിശ്ചയിച്ചു. പെണ്‍കിടാവിന്റെ ഇല്ലത്ത് വേളിക്കുവേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുഹൂര്‍ത്ത ദിവസം ആളുകളെല്ലാം അവിടെയെത്തി. വേളി കഴിക്കുന്ന പോറ്റി, അയനിയൂണ്‍ മുതലായവ കഴിച്ച് സമയത്തിന് ഹാജരായി. വൈകാതെ അവിടെ കൂടിയിരുന്ന സ്വജനങ്ങള്‍ തമ്മില്‍ എന്തോ കാരണത്താല്‍ വഴക്കുണ്ടായി.

അതോടെ പോറ്റിമാര്‍ രണ്ട് കക്ഷികളായി പിരിഞ്ഞു. ഒരു കൂട്ടര്‍, ഇയാള്‍ക്ക് പെണ്ണിനെ കൊടുത്താല്‍ ഞങ്ങളിവിടെ ഒന്നിനും കൂടുകയില്ലെന്നും മറ്റൊരു കൂട്ടര്‍ ഇയാള്‍ക്ക് പെണ്ണിനെ കൊടുത്തില്ലെങ്കില്‍ ഞങ്ങളിവിടെ ഒന്നിലും പങ്കെടുക്കില്ലെന്നും പറഞ്ഞതോടെ വഴക്ക് മൂര്‍ച്ഛിച്ചു. ഇരുപക്ഷത്തും തന്റെ ബന്ധുക്കളും ചാര്‍ച്ചക്കാരും ഉള്ളതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ പെണ്ണിന്റെ പിതാവ് വിഷമിച്ചു. 

ഉടനെ ഒരു പോറ്റി, ഈ കന്യകയെ ഇയാള്‍ക്ക് കൊടുക്കേണ്ടെന്നും അങ്ങേയ്ക്ക് സമ്മതമെങ്കില്‍ സ്ത്രീധനമായി ഒരു കാശുപോലും വാങ്ങാതെ ഞാന്‍ വേളി കഴിക്കാമെന്നും പെണ്‍കുട്ടിയുടെ പിതാവിനോട് പറഞ്ഞു. അതു കേട്ട അച്ഛന്‍ പോറ്റി സന്തോഷത്തോടെ കന്യാദാനം നടത്തി. മുന്‍പേ വേളി നിശ്ചയിച്ച പോറ്റിയാകട്ടെ രുഗ്മിണീ സ്വയംവരത്തിലെ ശിശുപാ

ലനെ പോലെ വിഷണ്ണനായി. ഇതുകണ്ട  മറുചേരിയിലുള്ള ഒരു പോറ്റി. അങ്ങ് ഒട്ടും വിഷമിക്കേണ്ട, ഈ മുഹൂര്‍ത്തത്തില്‍ തന്നെ അങ്ങയെക്കൊണ്ട് ഞാന്‍ വേളി കഴിപ്പിക്കാം, ഇവിടെ നിന്ന് തരാമെന്ന് പറഞ്ഞതിന്റെ ഇരട്ടി സ്ത്രീധനത്തോടെ എന്റെ മകളെ ഞാന്‍ അങ്ങേക്ക് തരാമെന്നു പറഞ്ഞു. ഉടനെ ആ കക്ഷിയിലുള്ളവരെല്ലാം ഒത്തു ചേര്‍ന്ന് വേളി ഗംഭീരമായി അതേ മുഹൂര്‍ത്തത്തില്‍ തന്നെ നടത്തി. 

ഈ ഭവിഷ്യത്തെല്ലാം മംഗലപ്പിള്ളി മൂത്തത് നേരത്തേ പറഞ്ഞതായിരുന്നുവെന്ന് പോറ്റിക്ക് ഓര്‍മവന്നു. അദ്ദേഹത്തോട് വളരെയേറെ ബഹുമാനവും തോന്നി. ആറുമാസം കഴിഞ്ഞപ്പോള്‍ മൂത്തത് പറഞ്ഞതു പോലെ അദ്ദേഹത്തിന്റെ അന്തര്‍ജനം മരിച്ചു.വീണ്ടും വേളി കഴിക്കണമെന്ന് ആലോചിച്ച് പോറ്റി, കുറച്ച് സ്ത്രീജാതകങ്ങളുമായി മംഗലപ്പിള്ളി മൂത്തതിന്റെ ഇല്ലത്തെത്തി. ആ സമയം, മൂത്തത് ക്ഷേത്രദര്‍ശനത്തിന് പോയിരിക്കുകയായിരുന്നു. തിരികെയെത്തിയപ്പോള്‍ ജാതകക്കെട്ടുമായി പോറ്റി വന്നു നില്‍ക്കുന്നതു കണ്ടു. താന്‍ പറഞ്ഞതെല്ലാം ശരിയായി വന്നില്ലേ, ഇനിയൊന്നുകൂടി വേളി കഴിക്കണം അല്ലേ, എന്ന് മൂത്തത് ചോദിച്ചു. 

പറഞ്ഞതെല്ലാം സംഭവിച്ചു. പത്തുമുപ്പത് സ്ത്രീജാതകങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. ഇനിയുള്ളതും അങ്ങുതന്നെ പറഞ്ഞു തരണമെന്ന് പോറ്റി അപേക്ഷിച്ചു. 

പരിശോധിക്കാനൊന്നുമില്ല. മനസ്സിലുള്ളത് പറയാമെന്ന്  അറിയിച്ച മൂത്തത് ആ ജാതകക്കെട്ടില്‍ നിന്ന് രണ്ടെണ്ണം മാറ്റിയിട്ട് മൂന്നാമത്തേത് എടുക്കാന്‍ പറഞ്ഞു. അത് കാര്‍ത്തിക നക്ഷത്രത്തിലുള്ള കന്യകയുടേതാകുമെന്നും ആ കന്യകയെ വിവാഹം ചെയ്യണമെന്നും പറഞ്ഞു. ആ ഭാര്യയില്‍ രണ്ടുണ്ണികളും ഒരു പെണ്‍കിടാവും ഉണ്ടാകുമെന്നും നാലാമത്തെ ഗര്‍ഭം അലസിപ്പോകുമെന്നും പിന്നെ അന്തര്‍ജനം പ്രസവിക്കുകയില്ലെന്നുമെല്ലാം മൂത്തത് പ്രവചിച്ചു. 

പോറ്റി അതേ കന്യകയെ വേളി കഴിച്ചു. ആ ബന്ധത്തില്‍ രണ്ടുണ്ണികളും ഒരു പെണ്‍കിടാവും ഉണ്ടാകുകയും ചെയ്തു. നാലാമത്തെ ഗര്‍ഭം അലസിപ്പോയി. മൂത്തത് പറഞ്ഞതെല്ലാം അക്ഷരം പ്രതി സംഭവിച്ചതോടെ പോറ്റിക്ക് അദ്ദേഹത്തോടുള്ള ആദരവ് പരകോടിയിലെത്തി. അദ്ദേഹം ഒരു സദ്യയ്ക്കു വേണ്ട സാധനങ്ങളും വസ്ത്രവും പണവുമൊക്കെയായി മൂത്തതിന്റെ ഇല്ലത്തെത്തി. അതിനടുത്ത ദിവസം മൂത്തതിനെ സത്ക്കരിക്കാന്‍ അതികേമമായൊരു സദ്യയും ഇല്ലത്തൊരുക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.