ഒളിച്ചോട്ടത്തിനിടെ ലോകം ശ്രദ്ധിച്ച പെണ്‍കുട്ടി ബാങ്കോക്കില്‍ കുടുങ്ങി

Monday 7 January 2019 6:07 pm IST

ബാങ്കോക്ക്: സൗദി അറേബ്യയിലെ സമ്പന്ന കുടുംബത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ പതിനെട്ടുകാരി പെണ്‍കുട്ടി ബാങ്കോക്ക് വിമാനത്താവളത്തില്‍ കുടുങ്ങി. വിമാനത്താവളത്തില്‍ നിന്നു പുറത്തു പോകാന്‍ അധികൃതര്‍ അനുവദിച്ചിട്ടില്ല. തിരിച്ച് നാട്ടിലെത്തിയാല്‍ തന്നെ വീട്ടുകാര്‍ വധിക്കുമെന്ന് പറഞ്ഞ് വിലപിക്കുകയാണ് റഹാഫ് മുഹമ്മദ് അല്‍ഖുനന്‍ എന്ന പെണ്‍കുട്ടി.

കോടീശ്വരനായ അറബ് വ്യവസായി മുഹമ്മദ് മൊത്ത്‌ലാഖ് അല്‍ഖുനനിന്റെ മകളാണ് റഹാഫ്. കുടുംബത്തില്‍ നിന്നു രക്ഷപ്പെട്ട് സ്വയം അധ്വാനിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ട്വിറ്ററില്‍ പോസ്റ്റിട്ടതിനു ശേഷമാണ് സൗദിയില്‍ നിന്ന് റഹാഫ് ഓടിപ്പോന്നത്. ഓസ്‌ട്രേലിയയില്‍ എത്തി  അഭയം തേടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ബാങ്കോക്ക് വിമാനത്താവളത്തില്‍ തടഞ്ഞിരിക്കുകയാണ് പെണ്‍കുട്ടിയെ.

കുടുംബം അവധിക്കാലം ആഘോഷിക്കാന്‍ കുവൈറ്റില്‍ എത്തിയപ്പോള്‍ ഇവിടെ നിന്നാണ് റഹാഫ് അവരുടെ കണ്ണുവെട്ടിച്ച് കടന്നത്. ബാങ്കോക്ക് വഴി ഓസ്‌ട്രേലിയയ്ക്കു പോകാനായിരുന്നു പദ്ധതി.

മുടി താന്‍ ഇഷ്ടപ്പെട്ടതുപോലെ മുറിച്ചതിന് ആറുമാസം ഒരു മുറിയില്‍ പൂട്ടിയിട്ട കുടുംബത്തോടൊപ്പം എങ്ങിനെ ജീവിക്കും എന്നാണ് റഹാഫ് ചോദിക്കുന്നത്. രക്ഷപ്പെടുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. താന്‍ പതിനാറാം വയസ്സ് മുതല്‍ ഇസ്ലാം മതത്തിന്റെ രീതികള്‍ക്ക് അനുസരിച്ചല്ല ജീവിക്കുന്നത്. ഇതറിഞ്ഞാല്‍ വീട്ടുകാര്‍ എന്നെ കൊല്ലും, അവള്‍ പറയുന്നു.

കുവൈറ്റ് എയര്‍ലൈന്‍സില്‍ ബാങ്കോക്കില്‍ എത്തിയ പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ട് വിമാനത്താവള അധികൃതര്‍ പിടിച്ചെടുത്തു. സൗദി പോലീസിന്റെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് കരുതുന്നത്. 

കുവൈറ്റില്‍ നിന്നുള്ള യാത്രയില്‍ ഉടനീളം റഹാഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ ലോകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള ഒരു പതിനെട്ട് വയസ്സുകാരിയുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്‍കണമെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.