ലണ്ടന്‍: ലാ ലിഗയില്‍ നിലവിലെ ടോപ്പ് സ്കോററായ ലയണല്‍ മെസി വീണ്ടും ലക്ഷ്യം കണ്ടതോടെ ബാഴ്സലോണ ജയിച്ചുകയറി. ഗെറ്റാഫെയെ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇതോടെ ബാഴ്സലോണ അഞ്ചു പോയിന്റ് ലീഡില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഇരുപതാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്. പുതുവര്‍ഷത്തില്‍ ഈ അര്‍ജന്റീനിയന്‍ താരത്തിന്റെ ആദ്യ ഗോളും ലാ ലിഗയില്‍ ഈ സീസണിലെ പതിനാറാം ഗോളുമാണിത്. ഇതോടെ ലാ ലിഗയില്‍ മെസിക്ക് മൊത്തം 399 ഗോളുകളായി.
മുപ്പത്തിയൊമ്പതാം മിനിറ്റില്‍ ഉറുഗ്വെ സ്ട്രൈക്കര്‍ ലൂയിസ് സുവാരസ് ബാഴ്സയുടെ ലീഡ് 2-0 ആക്കി. ബോക്സിന് പുറത്ത് നിന്ന് തൊടുത്തുവിട്ട ഷോട്ട് വലയില്‍ കയറുകയായിരുന്നു.ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗറ്റാഫെയുടെ ജെയ്മി മാറ്റ ഒരു ഗോള്‍ മടക്കി.
ലാ ലിഗയില്‍ ബാഴ്സയുടെ പന്ത്രണ്ടാം വിജയമാണിത്. ഇതോടെ അവര്‍ക്ക് പതിനെട്ട് മത്സരങ്ങളില്‍ നാല്‍പ്പത് പോയിന്റായി. അത്ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. പതിനെട്ട് മത്സരങ്ങളില്‍ അവര്ക്ക്് 35 പോയിന്റുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: