പണിമുടക്കുന്നവര്‍ അറിഞ്ഞിരിക്കാന്‍

Tuesday 8 January 2019 4:50 am IST
സര്‍ക്കാര്‍ നീക്കത്തോടുള്ള വിമുഖസമീപനത്തിനപ്പുറം തൊഴില്‍ മേഖലയോടോ തൊഴിലാളി ക്ഷേമത്തോടോ ഉള്ള താത്പര്യമല്ല ഇതിനുപിന്നില്‍ എന്നതിന് വ്യക്തമായ തെളിവാണല്ലോ ഇത്. ആധാറിനോടും ജിഎസ്ടിയോടും മറ്റും പുലര്‍ത്തിയ അതേ നിഷേധാത്മക സമീപനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് ഇക്കാര്യത്തിലും ഉണ്ടാകുന്നത്.

എന്തിനേയും ഏതിനേയും എതിര്‍ക്കണമെന്നു ധരിച്ചുവച്ചവരാണ് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. എതിര്‍ത്താലേ പ്രതിപക്ഷമാകൂ എന്നുധരിച്ചവര്‍. നിലപാട് എടുക്കുംമുന്‍പ് കാര്യങ്ങള്‍ അറിയാന്‍ ആരും മിനക്കെടാറില്ല. അത്തരം പാര്‍ട്ടികളുടെ ശൈലി അവരുടെ തൊഴിലാളി സംഘടനകളും തുടരുന്നതില്‍ അത്ഭുതമില്ല. അതിന്റെ കൃത്യമായ പ്രകടനമാണ് ഇന്നും നാളെയുമായി നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ തൊഴില്‍നിയമം തൊഴിലാളി വിരുദ്ധമാണെന്നും ഏകപക്ഷീയമായമാണെന്നും ആരോപിച്ചാണു വിവിധ സംഘടനകള്‍ തൊഴിലാളികളെ സമരരംഗത്തിറക്കിയിരിക്കുന്നത്. പുതിയ ബില്ലില്‍ സര്‍ക്കാര്‍ വിവക്ഷിക്കുന്നത് എന്ത് എന്ന് ഒരു പ്രതിപക്ഷ സംഘടനയും മനസ്സിലാക്കാന്‍ ശ്രമിച്ചതായി അറിവില്ല. 

ബില്ലിന്റെ ഉള്ളടക്കത്തേക്കുറിച്ചും വ്യവസ്ഥകളെക്കുറിച്ചും ചര്‍ച്ചചെയ്യാനും വിശദീകരിക്കാനും നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ ഒന്നിലധികം യോഗം വിളിച്ചിട്ടും, ബിഎംഎസ് ഒഴികെ പ്രമുഖ തൊഴിലാളി സംഘടനകളൊന്നും അതില്‍ പങ്കെടുത്തില്ല. അറിയിക്കാന്‍ വൈകി എന്ന് ആദ്യതവണ വിശദീകരണം നല്‍കി. പക്ഷേ, പിന്നീടും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു.

സര്‍ക്കാര്‍ നീക്കത്തോടുള്ള വിമുഖസമീപനത്തിനപ്പുറം തൊഴില്‍ മേഖലയോടോ തൊഴിലാളി ക്ഷേമത്തോടോ ഉള്ള താത്പര്യമല്ല ഇതിനുപിന്നില്‍ എന്നതിന് വ്യക്തമായ തെളിവാണല്ലോ ഇത്. ആധാറിനോടും ജിഎസ്ടിയോടും മറ്റും പുലര്‍ത്തിയ അതേ നിഷേധാത്മക സമീപനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് ഇക്കാര്യത്തിലും ഉണ്ടാകുന്നത്. 

കാലവും രാജ്യവും സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കും. അതിനനുസരിച്ചു തൊഴില്‍മേഖലയിലും മാറ്റം സ്വാഭാവികവും അനിവാര്യവുമാണ്. സാങ്കേതികമേഖലയുടെ വളര്‍ച്ച കണാതിരിക്കാനാവില്ല. കാലത്തിനൊപ്പം മാറാതെ ഒരു രാഷ്ട്രത്തിനും ജനതയ്ക്കും മുന്നോട്ടുപോകാനുമാവില്ല. എല്ലാ മേഖലകളിലേയും കാലികമായ മാറ്റവും വരാനിരിക്കുന്ന വികസനവും അതു തൊഴില്‍ മേഖലയിലുണ്ടാക്കാവുന്ന മാറ്റങ്ങളും മുന്നില്‍ക്കണ്ടുകൊണ്ടു വിഭാവനം ചെയ്തതാണ് പുതിയ തൊഴില്‍ ബില്‍.

നിലവിലുള്ള 44 തൊഴില്‍ നിയമങ്ങളെ ക്രോഡീകരിച്ച് സമഗ്രമായ നിയമം കൊണ്ടുവരുകയാണു ലക്ഷ്യം. നാലരക്കോടിയോളം വരുന്ന തൊഴിലാളികളുടെ ക്ഷേമം, വേതനം, ആരോഗ്യം, സമൂഹ്യസുരക്ഷ തുടങ്ങിയവയില്‍ ഊന്നി എല്ലാ മേഖലയിലേയും തൊഴില്‍ സുരക്ഷയാണു വിഭാവനം ചെയ്യുന്നത്. 

വിവിധ കോഡുകളാക്കി തിരിച്ചാണു നിയമഭേദഗതി. കോഡ് ഓഫ് വേജസ് ബില്‍ 2017, കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ബില്‍, ലേബര്‍ കോഡ് ഓണ്‍ സോഷ്യല്‍ സെക്യുരിറ്റ് ആന്‍ഡ് വെല്‍ഫെയര്‍ എന്നിവയാണു പ്രധാന കോഡുകള്‍. കോര്‍പ്പറേറ്റ് മേഖല മുതല്‍ താഴേത്തട്ടില്‍വരെയുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും ചികിത്സ, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളോടെ സുരക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യം. പെന്‍ഷന്‍, അപകട ഇന്‍ഷുറന്‍സ് എന്നിവയില്‍ ചിലവിഭാഗം തൊഴിലാളികള്‍ക്കു സൗജന്യം ലഭ്യമാക്കുന്നതും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തൊഴിലാളികളുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നതും പരിഗണനയിലുണ്ട്. 

ഏറെ സങ്കീര്‍ണമായ നിലവിലെ അവസ്ഥ, നിയമങ്ങളുടെ ക്രോഡീകരണത്തിലൂടെ ലളിതവും സുതാര്യവുമാക്കുകയും കൂടുതല്‍ ആനുകൂല്യത്തിനുള്ള സാധ്യത ആരായുകയുമാണു ലക്ഷ്യം. കരാര്‍ത്തൊഴിലാളികളടക്കം ബില്ലിലെ പരിരക്ഷയുടെ പരിധിയില്‍ വരും. ചില തൊഴില്‍ മേഖലകളില്‍ നേരത്തേ പ്രഖ്യാപിച്ച ചികിത്സ, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളുടെ തുടര്‍ച്ചയായി ഈ നീക്കത്തെ കണക്കാക്കാം.

താത്ക്കാലിക നടപടികളിലൂടെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു മുന്നോട്ടുപോകുന്ന പതിവുശൈലിയില്‍ നിന്നുമാറി വിദൂരഭാവി മുന്നില്‍ക്കണ്ടുള്ള വ്യക്തമായ കാഴ്ചപ്പാടാണ് നിയമഭേദഗതിയില്‍ ഉടനീളം പ്രകടമാകുന്നത്. തൊഴിലാളികളാണ് രാഷ്ട്രത്തിന്റെ നട്ടെല്ല് എന്ന കാഴ്ചപ്പാടിന് യോജിച്ചനീക്കം. അതിനെ അറിയണമെങ്കില്‍ ആത്മാര്‍ഥമായി അതു മനസ്സിലാക്കാനുള്ള ശ്രമം വേണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.