കിം ജോങ് ഉന്‍ ചൈനയില്‍; സുപ്രധാന ചര്‍ച്ചകള്‍ നടത്തി

Tuesday 8 January 2019 12:45 pm IST

ബീജിങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിന്റെ ക്ഷണപ്രകാരമാണ് ഉന്‍ ചൈനയിലെത്തിയത്. ഇക്കാര്യം ഇരു രാജ്യങ്ങളിലേയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈനയിലെത്തിയതെന്നാണ് കൊറിയന്‍ വര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉന്നിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ റീ-സോള്‍- ജു ഉം ഉണ്ട്. ഇത് നാലാം തവണയാണ് ഉത്തരകൊറിയന്‍ ഭരണാധികാരി ചൈന സന്ദര്‍ശിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായുള്ള കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചയില്‍ സുപ്രധാനമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകും.

പ്രധാനമായും അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായിരിക്കും ചൈനയില്‍ നടക്കുക. കാരണം, അമേരിക്ക-ഉത്തരകൊറിയ സംഘര്‍ഷങ്ങളില്‍ മികച്ച നയതന്ത്രജ്ഞനായി ചൈന ഏറെ നാളായി പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും കിം ജോങ് ഉന്നും ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കൂടിയാണ് കിമ്മിന്റെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. 

ആണവ, മിസൈല്‍ പരീക്ഷണങ്ങളെ ചൊല്ലി അമേരിക്കയും ഉത്തരകൊറിയയും തമ്മിലെ ബന്ധം വഷളായിരുന്നു. അതിനെതുടര്‍ന്ന് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു അമേരിക്ക. ഈ ഉപരോധം എങ്ങനെയും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉത്തരകൊറിയ. കഴിഞ്ഞ ജൂണിലാണ് അമേരിക്ക-ചൈന-ഉത്തരകൊറിയന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.