വിമര്‍ശിക്കരുത്, മുഖ്യമന്ത്രി കോപിക്കും;ഇതുവരെ കേസെടുത്തത് 129 ജീവനക്കാര്‍ക്കെതിരെ

Wednesday 9 January 2019 6:50 am IST

കൊല്ലം: മുഖ്യമന്ത്രിയെ കളിയാക്കിയാല്‍ സസ്‌പെന്‍ഷന്‍, പോലീസ് കേസ്, അറസ്റ്റ്.... കേന്ദ്ര സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നു എന്ന് ആവര്‍ത്തിച്ചു പ്രസംഗിക്കുന്നവരുടെ നാട്ടിലാണ് കളിയാക്കുന്നവരെ തേടി പോലീസും സര്‍ക്കാരും പരക്കം പായുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള പരിഹാസം പോലും മുഖ്യമന്ത്രി താങ്ങില്ല. അങ്ങനെ പരിഹസിച്ചവര്‍ക്ക് സസ്‌പെന്‍ഷന്‍ അപ്പോള്‍ത്തന്നെ അടിച്ചുനല്‍കാനാണ് ഉത്തരവ്. 

മലപ്പുറം മംഗലം പഞ്ചായത്ത് കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് സിന്ധു കെ.എസ്. ആണ് ഒടുവിലത്തെ ഇര. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് സിന്ധു മുഖ്യമന്ത്രിയുടെ 'കോപ'ത്തിനിരയായത്. സിന്ധുവിനെതിരെ ചട്ടപ്രകാരം നടപടിയെടുത്ത് അച്ചടക്കനടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കൃഷി ഡയറക്ടര്‍ക്ക് നല്‍കിയ 'ഉത്തരവ്.'

ആഗസ്ത് വരെയുള്ള കണക്ക് അനുസരിച്ച് പിണറായി വിജയനെ ട്രോളിയതിന് മാത്രം ഇത്തരത്തില്‍ വകുപ്പ് തല ശിക്ഷ ഏറ്റുവാങ്ങിയ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 129 ആണെന്ന് വിവരാവകാശരേഖകള്‍ പറയുന്നു. സോഷ്യല്‍മീഡിയ വഴി ഏറ്റവും കൂടുതല്‍ ആക്ഷേപത്തിനിരയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ ഏഴ് നടപടി മാത്രം ഉണ്ടായിടത്താണ് ഇത്.

ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താലും മുഖ്യമന്ത്രി കോപിക്കും. ശബരിമല വിഷയത്തില്‍ ഇത്തരത്തില്‍ പോസ്റ്റ് ഷെയര്‍ ചെയ്ത കൊല്ലം പോലീസ് കമ്മീഷണര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എസ്. ഷിബുവിനെതിരെ ഈസ്റ്റ് പോലീസാണ് കഴിഞ്ഞ ദിവസം കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് ഐപിസി 409, അപകീര്‍ത്തിപ്പെടുത്തിയതിന് ഐപിസി 500, പോലീസ് ആക്ടിലെ 120 ഒ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പോലീസിലെ മറ്റ് ചില ഉദ്യോഗസ്ഥരുടെ പരാതിയിലാണ് നടപടി.

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടും ഒന്നില്‍ പോലും കേസെടുക്കാത്തവരാണ് പിണറായിഭക്തി മൂത്ത് കേരളത്തില്‍ നടപടികള്‍ സ്വീകരിക്കുന്നത്. വാട്‌സാപ്പ്, ഫേസ്ബുക്ക് വഴി മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് അഞ്ച് കേസുകളാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.