സത്യവും ബ്രഹ്മവും ഒന്നുതന്നെ

Wednesday 9 January 2019 2:30 am IST

പശ്ചാത്താപമൊരെള്ളോളമില്ലാതെ

വിശ്വാസപാതകത്തെക്കരുതുന്നു

വിത്തത്തിലാശ പറ്റുക ഹേതുവായ്

സത്യത്തെ ത്യജിക്കുന്നു ചിലരഹോ!

സത്യമെന്നതു ബ്രഹ്മമതുതന്നെ

സത്യമെന്നു കരുതുന്നു സത്തുക്കള്‍.

വിദ്യകൊണ്ടറിയേണ്ടതറിയാതെ

വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍;

കുങ്കുമത്തിന്റെ ഗന്ധമറിയാതെ

കുങ്കുമം ചുമക്കുംപോലെ ഗര്‍ദ്ദഭം.

കൃഷ്ണ കൃഷ്ണ! നിരൂപിച്ചു കാണുമ്പോള്‍

തൃഷ്ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും.

 

വിശ്വസിക്കുന്നവരെ ചതിക്കാന്‍ ഒരു മടിയുമില്ലാത്ത അത്യാഗ്രഹികളായ ചില മനുഷ്യര്‍, തങ്ങളുടെ പ്രവൃത്തിയെക്കുറിച്ച് അല്‍പംപോലും പശ്ചാത്തപിക്കുന്നില്ല. ധനത്തോടുള്ള ആര്‍ത്തികൊണ്ട്, അക്കൂട്ടര്‍ സത്യത്തെ ഉപേക്ഷിക്കുന്നു. എന്നാല്‍, സജ്ജനങ്ങളും ജ്ഞാനികളുമൊക്കെ സത്യത്തെ ബ്രഹ്മമായി, ഈശ്വരനായി കരുതുന്നു. വിദ്യാഭ്യാസത്തിലൂടെ നേടേണ്ടതായ അറിവും വിവേകവുമൊന്നും ആര്‍ജിക്കാതെ, തങ്ങള്‍ പണ്ഡിതന്മാരാണെന്ന് അഹങ്കരിക്കുകയാണ്. അറിവിന്റെ മഹത്വമെന്തെന്നു മനസ്സിലാക്കിയവരല്ല അവര്‍. വിദ്യകൊണ്ട് ആത്മജ്ഞാനം നേടാനോ, അതുവഴി കര്‍മപാശത്തില്‍നിന്ന് മോചനം നേടാനോ അവര്‍ യത്‌നിക്കുന്നില്ല. കുങ്കുമം ചുമന്നുകൊണ്ട് നടക്കുന്നതല്ലാതെ, അതിന്റെ മണമോ ഗുണമോ, കഴുത അറിയുന്നില്ലല്ലോ. പല പല തൃഷ്ണകള്‍(ആഗ്രഹങ്ങള്‍) കൊണ്ട് ഭ്രമിച്ച്, സ്വാര്‍ഥലാഭങ്ങള്‍ക്കായി അന്യരെ ചതിച്ചും ഉപദ്രവിച്ചും അവഗണിച്ചുമൊക്കെ കഴിയുന്നവരാണ് പലരും. അക്കൂട്ടരുടെ മോഹങ്ങള്‍ ഒന്നിനൊന്ന് വര്‍ധിച്ചുകൊണ്ടേയിരിക്കും. വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന പലര്‍ക്കും വിവേകം അല്‍പം പോലുമില്ല. അവരൊക്കെ, നേരത്തെ പറഞ്ഞ കഴുതയുടെ അവസ്ഥയിലാണ്. സമകാലിക സാമൂഹ്യാവസ്ഥയിലും ഇതൊക്കെത്തന്നെയല്ലേ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് ചിന്തിക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.