ഉപാസിക്കുന്നത് ഏകമായ ബ്രഹ്മത്തെ

Wednesday 9 January 2019 2:45 am IST

അധ്യായം-4

ഗഹനമായ പരമാത്മജ്ഞാനത്തെ വീണ്ടും വിവരിക്കുന്നു.

യ ഏകോളവര്‍ണോ ബഹുധാ ശക്തിയോഗാദ്

വര്‍ണാ നനേകാന്‍ നിഹിതാര്‍ഥോ ദധാതി

വി ചൈതി ചാന്തേ വിശ്വമാദൗ ച ദേവഃ

സ നോ ബുദ്ധ്യാ ശുഭയാ സംയുനക്തു

ഏകനും വര്‍ണങ്ങളില്ലാത്തവനുമാണെങ്കിലും ആദിയില്‍ തന്റെ ശക്തിയോട് ചേര്‍ന്ന് അനേകം വര്‍ണങ്ങളെ പ്രയോജനത്തിനനുസരിച്ച് പല തരത്തില്‍ സൃഷ്ടിക്കുന്നു. അവസാനകാലത്ത് എല്ലാത്തിനേയും തന്നിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്നു. ആ ദേവന്‍ നമുക്ക് വളരെ നല്ല ബുദ്ധിയെ നല്‍കട്ടെ.

 ഏകനായ പരമാത്മാവ് മാത്രമാണ് ആദ്യമുണ്ടായിരുന്നത്. ആ ഒന്ന് മാത്രമാണ് പലതായി മാറിയത്. നിറമില്ലാതിരുന്ന അഥവാ എല്ലാ നിറങ്ങള്‍ക്കും അപ്പുറമുള്ള അത് തന്നെയാണ് പല നിറങ്ങളായിത്തീര്‍ന്നത്.

പല നിറങ്ങളോടുകൂടിയ ജീവജാലങ്ങള്‍ ഉള്‍പ്പെട്ട പ്രപഞ്ചമായത് പരമാത്മാവ് തന്നെ.

 വര്‍ണമെന്ന് മന്ത്രത്തില്‍ പറഞ്ഞതിനാല്‍ ചാതുര്‍വര്‍ണ്യത്തിലെ വര്‍ണമെന്നും അര്‍ഥമെടുക്കാം.

 പ്രത്യേകിച്ച് നിറമില്ലാത്ത പ്രകാശരശ്മി ഒരു പ്രിസത്തില്‍ കൂടി കടത്തിവിട്ടാല്‍ പല നിറങ്ങളായിത്തീരുന്നത് കാണാം. ഇത് പോ

ലെയാണ് നാനാത്വമായിട്ടുള്ള ഈ ലോകം സൃഷ്ടിച്ചിരിക്കുന്നതും. ഏകനും നിര്‍ഗുണ നുമായ പരമാത്മാവാണ് മായയിലൂടെ ഈ പ്രപഞ്ചമായി അനേക രൂപത്തിലായി മാറിയത്.

ഈ ലോകം നിലനില്‍ക്കുന്നതും ലയിക്കുന്നതും ആ പരമാത്മാവില്‍ തന്നെയാണ്.

 ആത്മസാക്ഷാത്കാരം നേടുന്നതിന് നമ്മുടെ ബുദ്ധി വേണ്ട വിധത്തില്‍ തെളിയാന്‍ ആ ദേവന്‍ നമ്മെ  അനുഗ്രഹിക്കണമെന്നാണ് പ്രാര്‍ഥന.

തദേവാഗ്‌നി സ്തദാദിത്യ 

സ്തദ്വായുസ്തദു ചന്ദ്രമാഃ

തദേവ ശുക്രം തദ്ബ്രഹ്മ

തദാപസ്തത്പ്രജാപതിഃ

അഗ്നിയും സൂര്യനും വായുവും ചന്ദ്രനും പ്രകാശമാനങ്ങളായ നക്ഷത്രങ്ങളും ഹിരണ്യഗര്‍ഭനും വെള്ളവും പ്രജാപതിയും ആ ബ്രഹ്മം തന്നെയാണ്. വിവിധ ദേവതകളായി നാം ആരാധിക്കുന്നവയെല്ലാം ഒരേ ബ്രഹ്മം തന്നെയെന്ന് ഈ മന്ത്രത്തില്‍ വ്യക്തമാക്കുന്നു. ബഹു ദേവ ആരാധനയല്ല, ഏകമായ ബ്രഹ്മത്തെയാണ് ഉപാസിക്കുന്നത്. തത് എന്ന വാക്കിനാലാണ് ഇവിടെ ബ്രഹ്മത്തെ പറഞ്ഞത്. 'തത്' നപുംസക ലിംഗമായതിനാല്‍ രൂപങ്ങള്‍ക്കും ലിംഗത്തിനുമപ്പുറമാണ് ബ്രഹ്മം എന്നറിയണം. 'ബ്രഹ്മം' എന്നതുകൊണ്ട് ഹിരണ്യഗര്‍ഭനെയാണ് ഉദ്ദേശിച്ചത്.

ത്വം സ്ത്രീ ത്വം പുമാനസി

ത്വം കുമാര ഉത വാ കുമാരീ

ത്വം ജീര്‍ണോ ദണ്ഡേന വഞ്ചസി

ത്വം ജാതോ ഭവസി വിശ്വതോമുഖഃ

നീ സ്ത്രീയും പുരുഷനും കുമാരനും കുമാരിയുമാണ്. പ്രായമേറുമ്പോള്‍ വടികുത്തിപ്പിടിച്ച് നടക്കുന്നതും നീ തന്നെ. നീ എല്ലായിടത്തും മുഖമുള്ളവനായി ജനിച്ചവനാണ്. ബ്രഹ്മമല്ലാതെ മറ്റൊന്നില്ല എന്നതിനാല്‍ എല്ലാം അതു തന്നെയാണ്. കൗമാരം വാര്‍ധക്യം തുടങ്ങിയ അവസ്ഥകളില്‍ പല രൂപത്തിലായിരിക്കുന്ന ആണും പെണ്ണും എല്ലാം ഏകനായ ബ്രഹ്മം തന്നെയാണ്. ഉണ്ടായതായ എല്ലാ രൂപങ്ങളും ആത്മാവാണെന്ന് ഉറപ്പിക്കണം. എങ്ങും നിറഞ്ഞിരിക്കുന്നതിനാലാണ് വിശ്വതോമുഖനെന്ന് വിശേഷിപ്പിച്ചത്. ഓരോന്നിനെ കാണുമ്പോഴും ആ പരമാത്മതത്ത്വത്തെയാണ് അറിയേണ്ടതും അനുഭവമാക്കേണ്ടതും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.