ഇടത് 'നവോത്ഥാനം'- സ്ത്രീവിവേചനത്തിലൂടെ

Wednesday 9 January 2019 2:36 am IST
തങ്ങളെ വഞ്ചിച്ച ഇടതു ട്രേഡ് യൂണിയനുകളെ മാറ്റി നിര്‍ത്തി, മൂന്നാറിലെ സ്ത്രീ കൂട്ടായ്മയായ പെമ്പിളൈ ഒരുമ കൂലി വര്‍ദ്ധനവിനായി നടത്തിയ സമരത്തെ സംസ്ഥാനത്തെ ഒരു മന്ത്രി എത്ര അശ്ലീലമായ പദപ്രയോഗത്തിലൂടെയാണ് അപമാനിച്ചത്. നീതിക്കുവേണ്ടി സമരം ചെയ്ത കന്യാസ്ത്രീകളെയും ഭരണകൂടം അപമാനിച്ചു. ഇത്തരത്തില്‍ സ്ത്രീകളുടെ അടിസ്ഥാന വിഷയങ്ങളില്‍ നിസ്സംഗത പാലിച്ച് കുറേ പേര്‍ അമ്പലത്തിലും പള്ളിയിലും കയറി നിരങ്ങിയിട്ട് എന്ത് കാര്യം?

സ്ത്രീകള്‍ക്കുള്ള മുന്‍ഗണനാ ആവശ്യങ്ങള്‍ കേരളത്തിലെ ചുറ്റുപാടില്‍ പ്രധാനപ്പെട്ടവ എന്തെല്ലാമാണ്? 

സുപ്രീം കോടതി വിധിയിലൂടെ രാജ്യത്ത് ഉറപ്പിക്കപ്പെട്ട ഒരു നിയമമാണ് തുല്യജോലിക്ക് തുല്യവേതനം. ഇത് കേരളത്തില്‍ നടപ്പിലായില്ല. കൂലിപ്പണി മുതല്‍ തുണിക്കടയിലും വന്‍മാളിലും സ്ത്രീകള്‍ക്ക് കൂലിയുടെ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നു.

പ്രീ പ്രൈമറി ടീച്ചര്‍, അങ്കണവാടി ആയമാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്കെല്ലാം സംസ്ഥാനത്ത് വേതന വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നു.

തമിള്‍നാട്ടില്‍ 'അമ്മ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ' പൊതു ഇടങ്ങളില്‍ നിറയെ കാണാം. കേരളത്തിന്റെ പൊതു ഇടങ്ങളില്‍ അതിനുള്ള സൗകര്യം പരിമിതമാണ്. ഇത് തന്നെയാണ് പൊതുടോയ്‌ലറ്റുകളുടെ കാര്യവും. നരേന്ദ്രമോദി കക്കൂസ് നിര്‍മിക്കുന്നു എന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം കളിയാക്കുന്നവര്‍ ഇതിന് ഉത്തരം പറയണം. സ്ത്രീകളെകൂട്ടി കേരളത്തില്‍ എവിടെ യാത്ര ചെയ്താലും വസ്തുതകള്‍ മനസിലാകും. മിക്ക സ്ഥലത്തും ശുചി മുറികള്‍ ഇല്ല. ഉള്ളവ പ്രവര്‍ത്തിക്കുന്നില്ല, പ്രവര്‍ത്തിക്കുന്നവയ്ക്ക് വൃത്തിയില്ല. പ്രാഥമികകാര്യം നടത്തണമെങ്കില്‍  ഹോട്ടലില്‍ കയറി ചായയും വടയും കഴിക്കലാണ് പോംവഴി.

കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്രയം ഹോട്ടലും പെട്രോള്‍ പമ്പുകളും മാത്രം. തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീ പ്രാതിനിത്യം വന്നെങ്കിലും പബ്ലിക്ക് ടോയിലറ്റിന്റെ ഈ ദുരവസ്ഥ മാറിയിട്ടില്ല. മെയിന്റനന്‍സ് ഫണ്ട് ഇല്ലാതെ മിക്ക ഇ ടോയിലറ്റും ഷീ ടോയിലറ്റും പൂട്ടി.

പീരീയഡ് ഫ്രണ്ട്‌ലി, പ്രഗ്‌നന്‍സി ഫ്രണ്ട്‌ലി തൊഴില്‍ സംസ്‌കാരം കേരളത്തില്‍ ഇല്ല. നമുക്ക് ഉള്ളത് കമ്പനി പൂട്ടിക്കുന്ന സമരചരിത്രം മാത്രം. വിദേശത്ത് ധാരാളം സ്വകാര്യകമ്പനികള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവിടെയൊക്കെ പ്രഗ്‌നന്‍സി ഫ്രണ്ട്‌ലി ജോബ് ഡസ്‌കുകള്‍ നിര്‍ബന്ധമാണ്. ഗര്‍ഭിണികള്‍ക്ക് ആയാസരഹിതമായി, അവര്‍ക്കു പറ്റുന്ന ജോലിചെയ്യാനുള്ള സൗകര്യങ്ങള്‍ കമ്പനികള്‍ ഒരുക്കുന്നു.

കേരളത്തില്‍ സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളുടെ പൊതു ചിത്രമെന്താണ്?

സ്ത്രികള്‍ക്ക് ഉള്ള സാമൂഹ്യ സുരക്ഷ എന്തെന്ന് വിനീതാകോട്ടായി, ചിത്രലേഖ, ജസീറ തുടങ്ങിയവര്‍ നമുക്ക് പറഞ്ഞ് തരും. സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന ടി.പി. ചന്ദ്രശേഖരന്റെ വിധവ രമയെ എന്തൊക്കെ പറഞ്ഞാണ് അവര്‍ അധിക്ഷേപിച്ചത്. സി.കെ. ജാനു ഒരു കാറ് വാങ്ങിയപ്പോള്‍, 900 സ്‌ക്വയര്‍ ഫീറ്റ് വീട് വച്ചപ്പോള്‍ ഇടതു നവോത്ഥാനക്കാരുടെ അസഹിഷ്ണുത കേരളം കണ്ടു. മകനെ നഷ്ട്ടപ്പെട്ട മഹിജക്കുണ്ടായ നീതി നിഷേധം എങ്ങനെ മറക്കും. നെയ്യാറ്റിന്‍കരയില്‍ കേരളപോലീസ്‌കൊന്ന സനലിന്റെ വിധവയെ ഒരു മന്ത്രി അധിക്ഷേപിച്ചത് ഒരു വിധവയെന്ന പരിഗണനപോലും നല്‍കാതെയാണ്.

 തങ്ങളെ വഞ്ചിച്ച ഇടതുട്രേഡ് യൂണിയനുകളെ മാറ്റി നിറുത്തി മൂന്നാറിലെ സ്ത്രീ കൂട്ടായ്മയായ പെമ്പിളൈ ഒരുമ കൂലി വര്‍ദ്ധനവിനായി സമരം നടത്തി. ഈ സമരത്തെ സംസ്ഥാനത്തെ ഒരു മന്ത്രി എത്ര അശ്ലീലമായ പദപ്രയോഗത്തിലൂടെയാണ് അപമാനിച്ചത്. നീതിക്കുവേണ്ടി സമരം ചെയ്ത കന്യാസ്ത്രീകളെയും ഭരണകൂടം അപമാനിച്ചു. ഇത്തരത്തില്‍ സ്ത്രീകളുടെ അടിസ്ഥാന വിഷയങ്ങളില്‍ നിസ്സംഗത പാലിച്ച്  കുറേപേര്‍ അമ്പലത്തിലും പള്ളിയിലും കയറി നിരങ്ങിയിട്ട് എന്ത് കാര്യം?

മുത്തലാക്കിന്റെ  കാര്യവും  33 ശതമാനം സ്ത്രീ പ്രാതിനിധ്യ ബില്‍  അട്ടിമറിക്കുന്നതും  മാത്രം മതി  നവോത്ഥാനത്തിലെ ഇടത് പൊള്ളത്തരം മനസിലാക്കാന്‍.

മുസ്ലീം സ്ത്രികളെ പള്ളിയില്‍ കയറ്റിയാല്‍ നവോത്ഥാനമാകുമോ? ഇസ്ലാം നിഷ്‌കര്‍ഷിക്കുന്ന നിസ്‌കാരം പുരുഷന്‍ന്മാരോട് ചേര്‍ന്നുനിന്ന് സ്ത്രീക്ക് നടത്താന്‍ പറ്റുമോ? ഭരണകൂടം നിര്‍ബന്ധിച്ച് നിസ്‌കരിപ്പിച്ചാല്‍ അത് ആചാരപ്രകാരമുള്ള നിസ്‌കാരമാകുമോ?

മേല്‍ സൂചിപ്പിച്ച മിനിമം കാര്യങ്ങള്‍ ശരിയാക്കാന്‍ ഉള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്ത ഭരണകൂടമാണിത്.

പ്രളയാനന്തര നവകേരളപദ്ധതി പൂര്‍ണ്ണമായും പാളിയത് വസ്തുതയാണ്. ഇത് മറച്ച് പിടിക്കാന്‍ വനിതാമതില്‍ കൊണ്ടോ ശബരിമലയിലെ യുവതികയറ്റം കൊണ്ടോ സാധ്യമല്ല. നവോത്ഥാനം നടന്നു എന്ന് പറഞ്ഞ് പിണറായിയെ നവോത്ഥാന നായകനാക്കി  കമ്യൂണിസ്റ്റുകള്‍ക്ക് നിര്‍വൃതി അടയാമെന്ന് മാത്രം!

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.