മഞ്ഞുപാതയിലൂടെ സുഖയാത്ര

Wednesday 9 January 2019 2:39 am IST

മൂന്നാറില്‍നിന്ന് 42 കിലോമീറ്റര്‍ അകലെയാണു വട്ടവട. മഞ്ഞുനിറഞ്ഞ വഴിയിലൂടെ 1.5 മണിക്കൂര്‍ വാഹനമോടിച്ചാല്‍ ഇവിടെയെത്താം. മാട്ടുപ്പെട്ടി ഡാം, എക്കോപോയിന്റ്, ഫോട്ടോ പോയിന്റ് എന്നിവ കടന്ന് കുണ്ടളയും പിന്നിട്ടാണ് വട്ടവടയ്ക്ക് പോകാനാവുക. ഒരുദിവസത്തെ മുഴുവന്‍ കാഴ്ചയും രാത്രി ഉറക്കവും ഇവിടെ ആകാം. കുണ്ടളയ്ക്ക് ശേഷം മീശപുലിമലയുടെ ചിലഭാഗങ്ങള്‍ മഞ്ഞില്ലെങ്കിലും ദൂരത്ത് കാണാനാകും. ഇതിന് ശേഷം എപ്പോഴും മഞ്ഞ് നിറഞ്ഞ ടോപ്പ് സ്‌റ്റേഷനും (തമിഴ്‌നാട് മേഖല) കടന്ന് പാമ്പാടും ഷോലയിലെത്തും. വലിപ്പം കുറഞ്ഞ ഈ ദേശീയോദ്ധ്യാനം കടന്നുവേണം വട്ടവടയാത്ര. 

ഇതൊരു വല്ലാത്ത അനുഭവമാകും സഞ്ചാരികള്‍ക്ക് പകര്‍ന്ന് നല്‍കുക. ഓരോ സ്ഥലത്തും കാഴ്ചകള്‍കണ്ട് ആസ്വദിച്ച് ഹരിതഭംഗി നുകര്‍ന്ന് മഞ്ഞില്‍കുളിച്ചുള്ള യാത്ര. വടയിലെത്തിയാല്‍ ഏറ്റവും ആകര്‍ഷകം കോവിലൂര്‍ ഗ്രാമമാണ്. വടപോലെ ചുറ്റും മലനിറഞ്ഞ പ്രദേശമാണ് വട്ടവട. തനി തമിഴ്‌നാടന്‍ ഗ്രാമമെങ്കിലും പൂര്‍ണ്ണമായും കേരളത്തിലാണ് ഈ മേഖല. സൂര്യാസ്തമയവും സൂര്യോദയവും കോലിലൂര്‍ ഗ്രാമത്തില്‍നിന്ന് വളരെ വ്യത്യസ്തമായി കണ്ട് ആസ്വദിക്കാം. സമീപ പ്രദേശങ്ങളായ കൊട്ടാക്കമ്പൂര്‍, പഴത്തോട്ടം, ചിലന്തിയാര്‍, കൂടല്ലാര്‍കുടി, സ്വാമിയാര്‍ വിള എന്നിവിടങ്ങളും കൃഷി തോട്ടങ്ങളും മനംമയക്കുന്ന കാഴ്ചയാണ്. 3000 ഹെക്ടര്‍ മേഖലയാണ് വട്ടവട. 

കോവീലൂരിലാണ് മേഖലയില്‍ ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ചയുള്ളത്. സ്‌ട്രോബറി കൃഷിയാണ് ഇവിടുത്തെ ഏറ്റവും ആകര്‍ഷണം. ക്യാരറ്റ്, ക്യാബേജ്, ബീന്‍സ്, കിഴങ്ങ്, വെളുത്തുള്ളി, മുളക് എന്നിവയാണ് പ്രധാന കൃഷി. വര്‍ഷത്തില്‍ മൂന്ന് തവണയും ഇവ കൃഷിയിറക്കുന്നവരാണ് ഇവിടെ അധികവും. മുന്‍വര്‍ഷവും മേഖലയില്‍ മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും തണുപ്പ് ഈ വര്‍ഷം വളരെ കൂടുതലാണ്. വെയില്‍ വന്ന് എട്ട് മണിയോടെയാണ് ഇവിടെ ആളുകള്‍ വീടിന് പുറത്ത് പോലും ഇറങ്ങുന്നത്. അതേസമയം ഉച്ചയോടെ നല്ലച്ചൂടും ഇവിടങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. 

തണുപ്പ് കൂടിയതിന് അനുസരിച്ച് ചൂടും കൂടിയതായി കണക്കുകളും വ്യക്തമാക്കുന്നു. കൊളുക്കുമല കാണാന്‍ പോകുന്നതിന് മൂന്നാരില്‍ 34 കിലോമീറ്ററോളം സഞ്ചരിക്കണം. ഒരു ദിവസം രാവിലെ തിരിച്ചാല്‍ ഉച്ചയോടെ കൊളുക്കുമല കണ്ടിറങ്ങാം. ഓഫ് റോഡ് ജീപ്പുകളാണ് പ്രധാന ആശ്രയം. 

പ്രളയത്തില്‍ നിന്നുള്ള തിരിച്ചുകയറ്റം

ലക്ഷങ്ങളും കോടികളും മുടക്കി നീലക്കുറിഞ്ഞി സീസണെ വരവേല്‍ക്കാന്‍ കാത്തിരുന്ന വനം വന്യജീവി വകുപ്പിനും ഹോട്ടല്‍ വ്യാപാര മേഖലയ്ക്കും നഷ്ടങ്ങളുടെ സീസണാണ് പ്രളയത്തില്‍ മുങ്ങി കടന്ന് പോയത്. പ്രളയവും തുടര്‍ന്നുണ്ടായ കാലാവസ്ഥ മുന്നറിയിപ്പും ഗജ ചുഴലിക്കാറ്റും ഇങ്ങോട്ടുള്ള സഞ്ചാരികളുടെ വരവിനെ ഗണ്യമായി ബാധിച്ചു. കുറിഞ്ഞി പൂക്കാലത്ത് ഒരുദിവസം 4000 പേരെ കയറ്റണമെന്ന് കണക്ക് കൂട്ടി രാജമലയില്‍ ടിക്കറ്റുകള്‍ വിറ്റിരുന്നു. 75 ശതമാനം ടിക്കറ്റും ഓണ്‍ലൈന്‍വഴി വില്‍ക്കാന്‍ നോക്കിയെങ്കിലും പിന്നീട് വിറ്റ ടിക്കറ്റുകളുടെ പണം തിരികെ നല്‍കേണ്ടി വന്നു. പെരിയവാര പാലം തകര്‍ന്നതാണ് മൂന്നാറിനെ ഒന്നാകെ ബാധിച്ചത്. താല്‍ക്കാലിക പാലം പണിതെങ്കിലും ഇത് ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയില്‍ ഒലിച്ചുപോയത് സഞ്ചാരികളുടെ വരവിനെ പിന്നോട്ടടിച്ചു. പിന്നീട് പാലം പുനഃസ്ഥാപിച്ചെങ്കിലും സഞ്ചാരികള്‍ എത്തിയിരുന്നില്ല. ക്രിസ്തുമസ്-പുതുവത്സരത്തിന്റെ ഭാഗമായി ഡിസംബര്‍ 21 മുതലാണ് സഞ്ചാരികളുടെ വരവേറിയത്. ഇതിനൊപ്പം തണുപ്പും കൂടിയതോടെ മൂന്നാറിലെ ടൂറിസ്റ്റ് മേഖലയ്ക്ക് പുത്തന്‍ ഉണര്‍വായി അത് മാറുകയാണ്. സഞ്ചാരികള്‍ തണുത്ത് വിറയ്ക്കുമ്പോളും കച്ചവടക്കാര്‍ക്കും പ്രദേശവാസികള്‍ക്കും മനസ് നിറയ്ക്കുന്ന ഓര്‍മ്മകള്‍ നല്‍കി. 

ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തണുപ്പ് രേഖപ്പെടുത്തിയത് തിങ്കളാഴ്ച പുലര്‍ച്ചെ സെവന്‍വാലിയിലാണ്, മൈനസ് നാല് ഡിഗ്രി. ഇതിന് മുമ്പ് 2009ലെ പുതവര്‍ഷ പുലരിയിലാണ് ഇത്തരത്തില്‍ താപനില താഴ്ന്നത്. നാല് ഡിഗ്രിയിലും താഴെ തണുപ്പെത്തിയതായി നിലവില്‍ കണക്കുകളില്ല. നല്ലതണ്ണിയില്‍ പ്രവര്‍ത്തിക്കുന്ന ഉപാസിയെന്ന സംഘടനാണ് തെര്‍മോമീറ്റര്‍ (മെര്‍ക്കുറി) ഉപയോഗിച്ച് ഇത്തരം കണക്കുകള്‍ ശേഖരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.