കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല തീര്‍ഥാടകന്‍ മരിച്ചു

Wednesday 9 January 2019 10:04 am IST

ശബരിമല: കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല തീര്‍ഥാടകന്‍ മരിച്ചു. എരുമേലി മുക്കുഴിക്കടുത്തു വള്ളിത്തോടാണ് സംഭവം. സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്. കാനന പാതയിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു തീര്‍ത്ഥാടകന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 

കഴിഞ്ഞ ദിവസം രാത്രിയില്‍ പരമശിവന്‍ ഉള്‍പ്പെടുന്ന സംഘം വിശ്രമിച്ചിരുന്ന കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ രക്ഷപ്പെട്ട് മറ്റൊരു കടയുടെ ഭാഗത്തേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ഉടന്‍ തന്നെ വനപാലകരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് പരമശിവത്തെ ചുമന്ന് മുക്കുഴില്‍ എത്തിച്ചു. അവിടെ നിന്നും മുണ്ടക്കയത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എരുമേലിയില്‍ പേട്ടതുള്ളി അയ്യപ്പന്മാര്‍ കരിമല വഴി സന്നിധാനത്തേക്ക് കാല്‍നടയായി വരുന്ന പാതയാണിത്. ഇവിടെ കാട്ടാനയുടെ സാന്നിധ്യം പതിവാണ്. മകരവിളക്കിനോട് അനുബന്ധിച്ച്‌ ആയിരക്കണക്കിന് അയ്യപ്പന്മാരാണ് ഇതുവഴി കടന്ന് പോകുന്നത്. തീര്‍ഥാടനം തുടങ്ങിയ ശേഷം എല്ലാ ദിവസവും കാട്ടാന ഇറങ്ങാറുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത്തവണ ഇതാദ്യമായാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.