ഋഗ്വേദമന്ത്രങ്ങളുടെ ക്രമീകരണവും വിഷയങ്ങളും

Thursday 10 January 2019 2:25 am IST

ഋഗ്വേദത്തിന്റെ ശാകല ശാഖയില്‍ 397265 അക്ഷരങ്ങള്‍ ചേര്‍ത്ത് 193816 പദങ്ങളാണുള്ളത്. ഈ പദങ്ങള്‍, 10552 ഋക്കുകള്‍ അഥവാ മന്ത്രങ്ങളില്‍ അടുക്കിയിരിക്കുന്നു. ഇത്രയും ഋക്കുകളെ 2024 വര്‍ഗങ്ങളായും, വര്‍ഗങ്ങളെ 64 അധ്യായങ്ങളായും, 8 അധ്യായങ്ങള്‍ വീതം ചേര്‍ത്ത് എട്ട് അഷ്ടകങ്ങളായും വിഭജിച്ചിരിക്കുന്നു.

ഋഗ്വേദത്തിലെ ഇത്രയും മന്ത്രങ്ങളെ പത്തു മണ്ഡലങ്ങളായും വിഭജിച്ചിട്ടുണ്ട്. ഒന്നാം മണ്ഡലത്തില്‍ 2006 ഋക്കുകളെ 191 സൂക്തങ്ങളിലും, രണ്ടാം മണ്ഡലത്തില്‍ 429 ഋക്കുകളെ  43 സൂക്തങ്ങളിലും, മണ്ഡലം മൂന്നില്‍ 617 ഋക്കുകളെ 62 സൂക്തങ്ങളിലും, നാലാം മണ്ഡലത്തില്‍ 589 ഋക്കുകളെ 58 സൂക്തങ്ങളിലും അടുക്കിയിരിക്കുന്നു. അഞ്ചും ആറും മണ്ഡലങ്ങളിലുള്ള 727 ഉം 765 ഉം ഋക്കുകളെ യഥാക്രമം 87, 75  സൂക്തങ്ങളിലായും ക്രമീകരിച്ചിരിക്കുന്നു. ഏഴ്, എട്ട് മണ്ഡലങ്ങളില്‍ യഥാക്രമം 841, 1716 ഋക്കുകളാണ് 104, 103 സൂക്തങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നത്. വാലഖില്യമന്ത്രങ്ങള്‍ എട്ടാം മണ്ഡലത്തിലാണ് വരുന്നത്. തുടര്‍ന്നുള്ള രണ്ട് മണ്ഡലങ്ങളിലെ ഋക് സംഖ്യ യഥാക്രമം 1108, 1754 ആകുന്നു. ഈ ഋക്കുകള്‍ 114 ഉം, 191 ഉം സൂക്തങ്ങളിലാണുള്ളത്.

മണ്ഡലക്രമത്തിലുള്ള ഋഗ്വേദമന്ത്രങ്ങളുടെ ക്രമീകരണമാണ് കൂടുതല്‍ പുരാതനം. ഈ ക്രമീകരണം ശാകലശാഖക്കാര്‍ അനുശാസിച്ചുപോരുന്നു. എന്നാല്‍, അഷ്ടകക്രമത്തിലുള്ള ക്രമീകരണത്തിന്റെ പ്രോക്താക്കള്‍ ബാഷ്‌കല ഋഗ്വേദ ശാഖക്കാരാണ്. പത്താം മണ്ഡലത്തിലെ മന്ത്രങ്ങളില്‍ കൂടുതല്‍ നൂതനമായ സംസ്‌കൃതഭാഷയാണ് പ്രയത്‌നിച്ചിരിക്കുന്നത്. അതിനാല്‍ ആ ഭാഗം പിന്നീട് എഴുതിച്ചേര്‍ക്കപ്പെട്ടതാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലക്രമീകരണത്തിന് പുരാതനത്വം എന്ന് വിശ്വസിക്കപ്പെടുന്നത്.

ഋഗ്വേദത്തിന് ആദിഭൗതീകം, ആദി ദൈവീകം, ആധ്യാത്മികം എന്നിങ്ങനെ വ്യത്യസ്ത വീക്ഷണത്തോടുകൂടിയ വ്യാഖ്യാനങ്ങളും അര്‍ഥങ്ങളും ഉണ്ട്. ചിലരുടെ അഭിപ്രായം വേദത്തിന് പ്രത്യേകിച്ച് ഒരര്‍ഥവുമില്ല എന്നതാണ്. യാസ്‌കന്റെ വിവരണപ്രകാരം യാജ്ഞികം, ദൈവതം, ആത്മീയം എന്നിങ്ങനെയാണ് വേദാര്‍ഥങ്ങള്‍.

യജ്ഞപരമായ അര്‍ഥം സ്വീകരിക്കുമ്പോള്‍, ഓരോ മന്ത്രത്തിലൂടെയും സ്വന്തമായതെല്ലാം ഈ പ്രപഞ്ചശക്തിക്ക് അര്‍പ്പിക്കുന്നു എന്നും അതിലൂടെ ത്യാഗഭാഗം പൂകുന്നു എന്നും അര്‍ത്ഥമാക്കുന്നു. ദേവന്മാരെ സ്തുതിക്കുകയും അവരിലെ ഏക ചൈതന്യം

ദര്‍ശിക്കുകയും, ദേവപ്രീതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് വേദത്തിന്റെ ദൈവതാര്‍ഥം. ആത്മ-പരമാത്മ ബന്ധവും, അവയുടെ ചൈതന്യദര്‍ശനവുമാണ് ആത്മീയം. അഗ്നി, ആദിത്യന്‍, വരുണന്‍ തുടങ്ങിയ വൈദീകദേവന്മാര്‍ പ്രപഞ്ചശക്തിയുടെയും അതിലൂടെ പരമാത്മാവിന്റെയും മൂര്‍ത്തിമത് ഭാവമായി വേദങ്ങളില്‍ സ്തുതിക്കപ്പെടുന്നു. വിവിധ വീക്ഷണത്തോടെ വേദാര്‍ഥം ഗ്രഹിക്കുമ്പോള്‍ ഓരോ കര്‍മത്തിന്റെ ഭാവാര്‍ഥവും മാറുന്നു. യാഗാഗ്നിയില്‍ ഹോമിക്കുന്ന പശുവിനെ, മനുഷ്യന്റെ അഹങ്കാരമോ, ഭൗതിക സുഖ മോഹമോ ആയി വിവരിക്കാം. പശുവിനെ അഗ്നിദേവന് ഹവിസുപോലെ നിവേദ്യമായി അര്‍പ്പിക്കുന്നു എന്നും കരുതാം. പശു എന്നത് മൃഗജന്യമായ മൂഢത്വം അല്ലെങ്കില്‍ അജ്ഞാനം ആണെന്നും അതിനെ നശിപ്പിക്കുന്നതായും വിവരിക്കാം. ആത്മീയാര്‍ഥത്തില്‍ പശുവിലെ ജീവാത്മാവ്, പരിശുദ്ധമായ യാഗാഗ്നിയിലൂടെ പ്രപഞ്ചശക്തിയായ പരമാത്മാവിലലിയുന്നു എന്നും വ്യാഖ്യാനിക്കാം. തികച്ചും വ്യത്യസ്തമായ ദൃഷ്ടിയിലൂടെ വീക്ഷിച്ചാല്‍ ശുദ്ധ ഭൗതീകസുഖത്തിനുവേണ്ടി മനുഷ്യന്‍, ദേവപ്രീതിക്കായി നടത്തുന്ന കുരുതിയാണ് ഈ കര്‍മമെന്ന് വര്‍ണിക്കുകയുമാകാമല്ലൊ?

ദേവവിജയങ്ങളുടെയും അസുരപരാജയങ്ങളുടെയും കഥകളും രാജചരിതങ്ങളുടെ സൂചനകളും മുതല്‍ കൃഷിയും കന്നുകാലി വളര്‍ത്തലും സദ്കര്‍മങ്ങളും സമൃദ്ധിയിലേക്കുള്ള മാര്‍ഗങ്ങളും ഋഗ്വേദത്തില്‍ വിവരിക്കുന്ന അനേകം വിഷയങ്ങളില്‍ ചിലതാണ്. വൈദീകകാലത്തെ സാമൂഹിക സ്ഥിതിവിവരങ്ങളും വ്യക്തിയുടേയും കുടുംബത്തിന്റെയും ദേശത്തിന്റെയും സാമൂഹ്യസാംസ്‌കാരിക വിവരങ്ങളും ഋഗ്വേദത്തില്‍ അങ്ങിങ്ങായി വിവരിക്കുന്നുണ്ട്. ചുരുക്കത്തില്‍ പുരാതന ഭാരതത്തിലെ അധ്യാത്മികതയുടെയും, ഭൗതികതയുടെയും ഒരു വിജ്ഞാനധാരയായി ഋഗ്വേദത്തെ കരുതാവുന്നതാണ്. 

 

(വേദപരിചയം എന്ന

പുസ്തകത്തില്‍ നിന്ന്)

 

ഡോ.എന്‍.ഗോപാലകൃഷ്ണന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.