വിവേകി യഥാര്‍ഥ സ്വരൂപത്തെ സാക്ഷാത്കരിക്കും

Thursday 10 January 2019 2:29 am IST

പലതായി കാണുന്ന ഈ പ്രപഞ്ചം ഒന്ന് തന്നെയായ ബ്രഹ്മമാണെന്ന് വിവരിക്കുന്നു.

നീലഃ പതംഗോ ഹരിതോ ലോഹിതാക്ഷഃ

തടിര്‍ഗര്‍ഭ ഋതവഃ സമുദ്രാഃ

അനാദിമത് ത്വം വിഭുത്വേന  വര്‍ത്തസേ

യതോ ജാതാനി ഭുവനാനി വിശ്വാ

നീല നിറമുള്ള വണ്ടും പച്ചത്തത്തയും മേഘവും ഋതുക്കളും സമുദ്രങ്ങളും അനാദിയായ അങ്ങ് തന്നെയാണ്. ഈ ലോകം മുഴുവന്‍ ഉണ്ടാക്കിയ അങ്ങ് സര്‍വവ്യാപിയായി നിലകൊള്ളുന്നു. പക്ഷികളും മേഘങ്ങളും കാലഭേദങ്ങളും സമുദ്രങ്ങളും തുടങ്ങി എന്തൊക്കെ വൈവിധ്യങ്ങളും കേമത്തങ്ങളും ഈ ലോകത്തിലുണ്ടോ അതെല്ലാം ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായതാണ് അഥവാ ബ്രഹ്മം തന്നെയാണ്.

എല്ലാം പല തരത്തില്‍ പല സമയത്ത് ഉണ്ടാകുന്നതും പലതു പോലെ നില്‍ക്കുന്നതും പലപ്പോഴായി ലയിച്ചുചേരുന്നതും ബ്രഹ്മത്തിലാണ്. ഇവയെല്ലാം ഇല്ലാതായാലും ഇതിനൊക്കെ ആധാരമായ ബ്രഹ്മം നിലനില്‍ക്കും. സകല വര്‍ണങ്ങളിലും ഭാവങ്ങളിലും ഉള്ളതെല്ലാം ആ പരാമാത്മാ സ്വരൂപം തന്നെ. അതിനാല്‍ അത് സര്‍വവ്യാപിയെന്നറിയണം.

അജാമേകാം ലോഹിതശുക്ലകൃഷ്ണാം

ബഹ്വീഃ പ്രജാഃ സൃജമാനാം സരൂപാഃ

അജോഹ്യേകോ ജുഷമാണോനുശേതേ

ജഹാത്യേനാം ഭുക്ത ഭോഗാമജോന്യഃ

തന്നെ പോലെ ഒരേ രൂപത്തോടു കൂടിയ വളരെയേറെ ജീവജാലങ്ങളെ സൃഷ്ടിക്കുന്നതും, ചുവപ്പും വെള്ളയും കറുത്തതുമായതിനോട് ചേര്‍ന്ന് കിടക്കുന്നതുമായ ഒരു ജന്മമില്ലാത്തവനുണ്ട്. മറ്റൊരു ജന്മമില്ലാത്തവന്‍ ഭോഗങ്ങളനുഭവിച്ചു തീര്‍ന്ന് ഇവളെ  ഉപേക്ഷിച്ച് പോകുന്നു. ചുവപ്പ്, വെളുപ്പ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങള്‍ പറഞ്ഞത് ക്രമത്തില്‍ രജസ്, സത്യം, തമസ്സ് എന്ന ത്രിഗുണങ്ങളെ സൂചിപ്പിക്കാനാണ്. ത്രിഗുണാത്മികയായ പ്രകൃതിയുമായി ഇഴുകി ചേര്‍ന്നിരിക്കുന്ന ബദ്ധനായ ജീവനെയാണ് ആദ്യം ജന്മമില്ലാത്തവന്‍ എന്ന് പറഞ്ഞത്. പുരുഷനും പ്രകൃതിയും തമ്മിലുള്ള സംയോജനത്തിലൂടെയാണ് സൃഷ്ടിയുണ്ടാകുന്നത്. ആ പുരുഷന്‍ തന്നെ ജീവനായിത്തീരുമ്പോള്‍ ലൗകിക വിഷയങ്ങളില്‍ കെട്ടിയിടപ്പെട്ടവനാകുന്നു.

രണ്ടാമത് ജന്മരഹിതനായി പറഞ്ഞത് മുക്തനായ ജീവനെയാണ്. ഭോഗങ്ങള്‍ അനുഭവിച്ചപ്പോള്‍ അതിലെ നിസ്സാരത മനസ്സിലാക്കി വിരക്തി വന്ന ജീവന്‍ പ്രകൃതിയെ ഉപേക്ഷിച്ച് സ്വതന്ത്രനാകുന്നു.മൂന്ന് നിറങ്ങളെ പറഞ്ഞത് അഗ്നി, ജലം, ഭൂമി എന്നിവയെ ഉദ്ദേശിച്ചാണ് എന്നും പറയാം. പ്രകൃതി നടത്തുന്ന സൃഷ്ടിക്ക് വേണ്ടതായ മൂന്ന് അടിസ്ഥാന ഭൂതങ്ങളാണ് ഇവ.

ഭൂമി തത്ത്വത്തെ കൊണ്ടാണ് രൂപമുണ്ടാക്കുന്നത്. ജലം, അഗ്നി എന്നിവയാല്‍ ശീതോഷ്ണ സമ്മര്‍ദ്ദം കൊണ്ട് സൃഷ്ടിജാലങ്ങളെ നിലനിര്‍ത്തുന്നു. ഇവ മൂന്നും പ്രകൃതിയുടെ അംശങ്ങള്‍ തന്നെയാണ്. ഇവകൊണ്ട് ഉണ്ടാകുന്നവയും പ്രകൃതി തന്നെ. ഇതിനോടൊക്കെ ചേര്‍ന്നിരിക്കുന്ന ജീവന്‍മാര്‍ പ്രകൃതി പാശത്താല്‍ ബന്ധിതരാകുന്നു. സുഖദുഃഖങ്ങളും ജരാനരകളും ജനന മരണങ്ങളും മൂലം ഇവര്‍ ശരിക്കും വലയും.

എന്നാല്‍, വിവേകവും വൈരാഗ്യവും സമ്പാദിക്കുന്ന ജീവന്‍മാര്‍ക്ക് ഈ കെട്ടുപാടുകളില്‍ നിന്ന് മുക്തരാകാന്‍ കഴിയും. അവര്‍ പ്രകൃതിയുടെ കുരുക്കുകളില്‍ നിന്ന് ഊരി തന്റെ യഥാര്‍ഥ സ്വരൂപത്തെ സാക്ഷാത്കരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.