വൈരാഗ്യം

Thursday 10 January 2019 2:32 am IST

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും

മണ്ടിമണ്ടിക്കരേറുന്നു മോഹവും

വന്നുവോണം, കഴിഞ്ഞു വിഷുവെന്നും,

വന്നില്ലല്ലോ തിരുവാതിരയെന്നും,

കുംഭമാസത്തിലാകുന്നു നമ്മുടെ

ജന്മനക്ഷത്ര, മശ്വതി നാളെന്നും

ശ്രാദ്ധമുണ്ടഹോ വൃശ്ചികമാസത്തില്‍

സദ്യയൊന്നുമെളുതല്ലിനിയെന്നും

ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു

ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും

കോണിക്കല്‍ത്തന്നെ വന്ന നിലമിനി-

ക്കാണമന്യന്നെടുപ്പിക്കരുതെന്നും

ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ

ചത്തുപോകുന്നു പാവം, ശിവ ശിവ!

ഓരോരോ മോഹങ്ങളില്‍പ്പെട്ട് നിത്യേന വ്യാകുലപ്പെടുന്നതിനിടയില്‍, ആയുസ്സ് കുറഞ്ഞു കുറഞ്ഞുപോകുന്നത് നാം അറിയുന്നില്ല. ഓണാഘോഷം കഴിഞ്ഞു; വിഷു വന്നു; ഇനി തിരുവാതിരയുണ്ടല്ലോ. കുംഭമാസത്തില്‍ അശ്വതി എന്റെ പിറന്നാളാണല്ലോ; വൃശ്ചികമാസത്തില്‍ ഒരു ശ്രാദ്ധമുണ്ട്; അതു കഴിഞ്ഞാല്‍ സദ്യയുണ്ണാന്‍ സാധ്യതയൊന്നും കാണുന്നില്ല. ഒരു മകനുണ്ടാവണം; അവനെ വലുതാക്കി വിവാഹം കഴിപ്പിക്കണം; അവന് ഒരുണ്ണിയുണ്ടായിക്കാണണം. കോണിക്കലുള്ള കൃഷി ഭൂമി ഇനി അന്യന് കൊടുക്കാതെ സ്വന്തമാക്കണം-ഇങ്ങനെ അന്തമില്ലാത്ത ലൗകികഭോഗങ്ങളെക്കുറിച്ച് ചിന്തിച്ചു ചിന്തിച്ചിരിക്കുമ്പോഴായിരിക്കും മരണം നമ്മെ മാടി വിളിക്കുക!

ബുദ്ധിയുറയ്ക്കുന്ന സമയം മുതല്‍ മനുഷ്യന്‍ മേല്‍പ്പറഞ്ഞ വേവലാതികള്‍കൊണ്ട് ഉഴലുകയാണ്. മക്കളും പേരക്കുട്ടികളുമൊക്കെ വളര്‍ന്ന് സ്വന്തം കാര്യങ്ങള്‍ നോക്കി നടത്താന്‍ ത്രാണിയുള്ളവരായിക്കഴിഞ്ഞു; എന്നിട്ടും അവരുടെ ഭാവിയെപ്പറ്റി നിരന്തരം ആവലാതിപ്പെടുന്നവര്‍ ധാരാളമുണ്ട്. അവരുടെ പഠിപ്പ്, ജോലി, സ്ഥലം മാറ്റം, യാത്രകള്‍ തുടങ്ങി സര്‍വകാര്യങ്ങളിലും പ്രായമായവര്‍ ഇടപെടാന്‍ ശ്രമിക്കാറുണ്ട്. ഇത്തരം പ്രവൃത്തികളൊക്കെ, വാര്‍ധക്യത്തിലെങ്കിലും നമുക്ക് ലഭിക്കേണ്ടതായ മനശ്ശാന്തിയെ ഇല്ലാതാക്കുന്നു. ഈശ്വരചിന്തയിലേക്ക് ശ്രദ്ധ പതിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ശ്രീശങ്കരന്‍ പറഞ്ഞിട്ടുണ്ടല്ലോ, ''വൃദ്ധസ്താവല്‍ ചിന്താസക്ത'' എന്ന്, അതിന്റെ പൊരുളും ഇതുതന്നെ. 

''ശൈശവേളഭ്യസ്തവിദ്യാനാം

 യൗവനേവിഷയൈഷിണാം

 വാര്‍ദ്ധകേ മുനിവൃത്തീനാം

 യോഗേനാന്തേ തനുത്യജാം'' എന്ന്, ഉത്തമന്മാരായ രഘുവംശ രാജാക്കന്മാരെപ്പറ്റി കാളിദാസന്‍ പറഞ്ഞതും മറ്റൊന്നല്ല. ആ രാജവംശത്തില്‍ പിറന്നവര്‍ ശൈശവത്തില്‍ വിദ്യാഭ്യാസം ചെയ്യുന്നു; യൗവനത്തില്‍ ലൗകിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നു; വാര്‍ദ്ധക്യത്തില്‍ ഋഷിതുല്യമായ ജീവിതം നയിക്കുന്നു; ഒടുവില്‍ ഈ ശരീരത്തെത്തന്നെ ഉപേക്ഷിക്കുന്നു- മനുഷ്യജീവിതചര്യ ഇപ്രകാരമാണ് ചിട്ടപ്പെടുത്തേണ്ടത് എന്നര്‍ഥം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.