നിര്‍വികാരനും നിരാകാരനും

Thursday 10 January 2019 2:38 am IST

ദേവഹൂതിയുടെ ഗര്‍ഭത്തില്‍ തന്റെ വീര്യത്തിലൂടെ ചൈതന്യമായി പ്രവേശിച്ച് ഭഗവാന്‍ മഹാവിഷ്ണു അവതാരമെടുത്തതായി കര്‍ദ്ദമഹര്‍ഷി തിരിച്ചറിഞ്ഞു. തന്റെ ഹൃദയചൈതന്യം

ദേവിയുടെ ഗര്‍ഭപാത്രത്തില്‍ കണ്ട് കര്‍ദ്ദമന്‍ വന്ദിച്ചു. പല ജന്മത്തിലെ സഞ്ചിതങ്ങളായ കര്‍മദോഷങ്ങള്‍ ദുരിതഫലങ്ങള്‍ നല്‍കി നില്‍ക്കുമ്പോള്‍ത്തന്നെ ദേവതകള്‍ എന്നില്‍ പ്രസാദിച്ചിരിക്കുന്നു. (കാലേന ഭൂയസാന്ദനം പ്രസീദന്തീഹ ദേവതാഃ)

യോഗിമാര്‍ അനേക ജന്മങ്ങള്‍ ചെയ്ത അധ്വാനത്തിലൂടെ ആരുടെ തൃപ്പാദങ്ങളെ ആശ്രയിക്കുന്നുവോ ആ ഭഗവാന്‍ സ്വയം എന്റെ സന്താനമായി അവതരിച്ചിരിക്കുന്നു.

താനേളവ തേളഭിരൂപാണി രൂപാണിഭഗവംസ്തവ

യാനിയാനി ച രോചന്തേ സ്വജനാനാമരൂപിണഃ

ഹേ ഭഗവന്‍, സ്വജനങ്ങള്‍ക്ക്, സ്വഭക്തന്മാര്‍ക്ക് ഏതേതു രൂപങ്ങളിലാണോ അഭിരുചി തോന്നുന്നത് അതതു രൂപങ്ങള്‍ അവിടുന്നു സ്വീകരിക്കുന്നു. വാസ്തവത്തില്‍ അങ്ങ് അരൂപിതന്നെയാണ്. എന്നാല്‍, ഏതു രൂപവും അങ്ങേക്ക് യോജിച്ചതുതന്നെ. ചിലര്‍ അങ്ങയെ അനന്തപത്മനാഭനായിക്കാണുന്നു, ചതുര്‍ബാഹുവായിക്കാണുന്നു. ചിലര്‍ക്ക് അങ്ങ് പുല്ലാങ്കുഴലൂതി നില്‍ക്കുന്ന ശ്രീകൃഷ്ണനാണ്. ചിലര്‍ക്ക് വെണ്ണക്കണ്ണനാണ്. ചില മഹത്തുക്കള്‍ അങ്ങയെ രാധാകൃഷ്ണനായിക്കാണുന്നു. ചിലര്‍ അങ്ങയെ പാര്‍ഥസാരഥിയായിക്കാണുന്നു.

ചിലരുടെ ദൃഷ്ടിയില്‍ ബ്രഹ്മാവും ശ്രീപരമേശ്വരനും മുരുകനും ഗണേശനുമെല്ലാം അങ്ങുതന്നെ. ശ്രീരാമചന്ദ്ര പ്രഭുവും രാമദാസഹനുമാനും

അങ്ങുതന്നെ. അരുണനും സൂര്യനും ഗരുഡനുമെല്ലാം അവിടുന്നുതന്നെ. 

ഓച്ചിറ പരബ്രഹ്മത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന ഐതിഹ്യങ്ങളില്‍ പ്രമുഖമായ ഒന്ന് പാക്കനാര്‍ക്കു ദര്‍ശനം നല്‍കിയ രൂപമാണത് എന്നുള്ളതാണ്. പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാര്‍പോലുംഭഗവാന്‍ തന്നെയാണെന്ന് പലരും വിശ്വസിക്കുന്നു. ഒരിക്കല്‍ പാക്കനാര്‍ സേവിച്ചിരുന്ന ബ്രാഹ്മണന്‍, ഭഗവാനെ ദര്‍ശിക്കാനുള്ള ഭാഗ്യത്തിനായി തപസ്സും വ്രതങ്ങളും ആയിക്കഴിയുകയായിരുന്നു. തന്റെ യജമാനന്‍ ഉപവാസത്താലും മറ്റും ഏറെ ക്ഷീണിതനാണെന്നു കണ്ട പാക്കനാര്‍ കാര്യമന്വേഷിച്ചു.

അങ്ങ് എന്തിനുവേണ്ടിയാണ് ഇങ്ങനെ കഠിന വ്രതങ്ങള്‍ അനുഷ്ഠിക്കുന്നത്.

ഭഗവാനെ ദര്‍ശിക്കാന്‍.

ആരാണീ ഭഗവാന്‍? എന്താണീ ഭഗവാന്റെ രൂപം? 

കാണാന്‍ എങ്ങനെയിരിക്കും? 

അതൊന്നും പറഞ്ഞാല്‍ നിനക്കു മനസ്സിലാകില്ല.

സിംഹത്തിന്റെ പോലെയാണോ അതോ പശുവിന്റെ രൂപത്തിലാണോ? അതോ മനുഷ്യരൂപം തന്നെയോ? പുല്ലാണോ പുഴുവാണോ? ഏതു രൂപത്തിലായാലും ശരി അങ്ങേക്കുവേണ്ടി ഞാന്‍ ആ  ഭഗവാനെ കണ്ടെത്തും. ഭഗവാന്‍ എവിടെയുണ്ടെങ്കിലും ഞാന്‍ പിടിച്ചുകെട്ടി അങ്ങയുടെ മുന്‍പില്‍ കൊണ്ടുവന്നു നിര്‍ത്തും.

ഭഗവാന് നീ ഇപ്പറഞ്ഞതുപോലെയൊന്നുമല്ല രൂപം.

പിന്നെ? ഏതു രൂപത്തിലാണെന്നു പറഞ്ഞാലും.

കാട്ടുപോത്തിതനെപ്പോലെയെന്നു കരുതിക്കോ. മനുഷ്യന്റെയും സിംഹത്തിന്റെയും എല്ലാം ചേര്‍ന്ന  ഒരു രൂപം.

മതി. ഇപ്പറഞ്ഞ ഭഗവാന്‍ എവിടെയുണ്ടെങ്കിലും ഞാന്‍ കണ്ടെത്തി അങ്ങയെ ഏല്‍പ്പിക്കും. അതിനായി ഞാന്‍ യാത്രയാവുകയാണ്. ഇതും പറഞ്ഞുപോയ പാക്കനാര്‍ ഏറെ അലഞ്ഞുതിരിഞ്ഞ് വളരെ പരിശ്രമത്തിനുശേഷം ആ രൂപത്തില്‍ ഒരു ചൈതന്യത്തെ കണ്ടെത്തി. തനിക്കുവേണ്ടിയല്ലാതെ മറ്റൊരാള്‍ക്ക് വേണ്ടി മാത്രമായുള്ള ഈ അധ്വാനത്തിന്റെ ഫലമായി, ആശിച്ച രൂപത്തില്‍ തന്നെ ഭഗവാന്‍ ദര്‍ശനം നല്‍കുകയായിരുന്നു. പരബ്രഹ്മമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.