'ഞാന്‍ തെറ്റുകാരിയല്ല; ആലുവയില്‍ പോയി വിശദീകരണം നല്‍കില്ല'

Thursday 10 January 2019 7:00 am IST

കൊച്ചി: ഞാന്‍ ആലുവയില്‍ പോയി വിശദീകരണം നല്‍കില്ല. ഞാനല്ല തെറ്റുകാരി, ബിഷപ്പ് ഫ്രാങ്കോയാണ് തെറ്റുകാരന്‍. ഇത്ര കാലം ഇവരോടൊപ്പം ചെലവഴിച്ചതിലാണ് എനിക്ക്  ഖേദം.. പറയുന്നത് സിസ്റ്റര്‍ ലൂസി കളപ്പുര. തനിക്ക് ലഭിച്ച കാരണംകാണിക്കല്‍ നോട്ടീസിനെപ്പറ്റി ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഫ്രാങ്കോയ്ക്ക് എതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തത് തെറ്റായ നടപടിയായി ഞാന്‍ കാണുന്നില്ല; അത് ശരിയായ നടപടി തന്നെയാണ്. തിരുവസ്ത്രത്തിനുള്ളില്‍ കന്യാസ്ത്രീ അനേകം തവണ ആക്രമിക്കപ്പട്ടപ്പോള്‍ അവര്‍ എന്തുകൊണ്ട് തിരുവസ്ത്രത്തിന് വിലകൊടുത്തില്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് തിരുവസ്ത്രത്തിന് വിലകൊടുക്കാന്‍ അവര്‍ക്ക് തോന്നുന്നത്. പീഡിപ്പിക്കപ്പെട്ട സിസ്റ്റര്‍ നീതിക്ക് വേണ്ടി കത്തോലിക്ക സഭയിലെ മേലധ്യക്ഷന്മാരെ സമീപിച്ചപ്പോള്‍ അവിടെയെല്ലാം നിരാകരിക്കപ്പെട്ടു. അങ്ങനെ വന്നപ്പോഴാണ് അഞ്ച് സിസ്റ്റര്‍മാരോടൊപ്പം നീതിക്ക് വേണ്ടി ഞാന്‍ വാദിച്ചത്. ഇത് അഭിമാനമായാണ് താന്‍ കാണുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ബിഷപ്പ്  ഫ്രാങ്കോയ്‌ക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് കഴിഞ്ഞ ദിവസമാണ് സഭ നോട്ടീസ് നല്‍കിയത്. സിസ്റ്റര്‍ അംഗമായ, ആലുവയിലെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കുമെന്നാണ് ഭീഷണി. ചുരിദാര്‍ ധരിച്ച് സിസ്റ്റര്‍ ലൂസി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്തത് സഭയെ ചൊടിപ്പിച്ചിരുന്നു. 

കന്യാസ്ത്രീകള്‍ ഹൈക്കോടതിക്കു സമീപത്തെ വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് മാനന്തവാടി രൂപതയില്‍പെട്ട കാരക്കാമല സെന്റ് മേരീസ് ഇടവക, സിസ്റ്റര്‍ ലൂസിക്ക് ശുശ്രൂഷാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇടവകക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വിലക്ക് പിന്‍വലിച്ചു.

കുറ്റങ്ങള്‍ അഞ്ച്

മുമ്പും സഭയുടെ നോട്ടപ്പുള്ളിയായിരുന്ന സിസ്റ്റര്‍ക്കെതിരെ  2015 മെയ് മുതല്‍ തുടങ്ങിയ നടപടികളുടെ അന്തിമഘട്ടമാണ് കാരണംകാണിക്കല്‍ നോട്ടീസ്. 

ലൂസി അധ്യാപികയായ മാനന്തവാടി സ്‌കൂളില്‍നിന്ന് സ്ഥലം മാറ്റിയിട്ട് അതനുസരിച്ചില്ല. സ്വന്തം കവിതകള്‍ സ്‌നേഹമഴ എന്ന പേരില്‍ സഭയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു. അതിനുപയോഗിച്ച അര ലക്ഷം രൂപ, അവര്‍ക്ക് അനുവദിച്ചിരിക്കുന്ന അനാമത്ത് ചെലവു തുകയില്‍നിന്നാണ് എടുത്തത്. വായ്പയെടുത്ത് നാലുലക്ഷം രൂപ വിലയുള്ള ആള്‍ട്ടോ കാര്‍ വാങ്ങി, അതിനു വേണ്ടി ഡ്രൈവിങ് പഠിച്ചു. ഇതിനൊന്നും സഭയുടെയോ മേലധികാരികളുടെയോ സമ്മതം ഉണ്ടായിരുന്നില്ല. ബിഷപ്പ്  ഫ്രാങ്കോയ്‌ക്കെതിരെ എറണാകുളത്തുനടന്ന സമരത്തില്‍ പങ്കെടുത്തു. സഭയുടെ സമ്മതമില്ലാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുത്തു, അവരോട് സംസാരിച്ചു, സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതി. തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 

ഇക്കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടും സിസ്റ്റര്‍ മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ഹാജരായി വിശദീകരണം നല്‍കാന്‍ നോട്ടീസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.