പണിമുടക്കിന് സര്‍ക്കാര്‍ ഒത്താശ നല്‍കി: എന്‍ജിഒ സംഘ്

Thursday 10 January 2019 2:43 am IST

തിരുവനന്തപുരം: ഒരു വിഭാഗം തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശീയ പണിമുടക്ക് കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തന്നെ ഒത്താശചെയ്‌തെന്ന് കേരളാ എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടു ദിവസവും ജനങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്ന നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ ജനദ്രോഹ സര്‍ക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണ്.

എന്‍ജിഒ സംഘിന്റേയും ഫെറ്റോയുടേയും പ്രവര്‍ത്തകരായ ജീവനക്കാരും അധ്യാപകരും ഓഫീസുകളില്‍ ഹാജരായെങ്കിലും അവര്‍ക്ക് സ്വതന്ത്രമായി പണിയെടുക്കാനുള്ള സാഹചര്യം പലയിടങ്ങളിലും ഉണ്ടായില്ല. ഇടതു സംഘടനാ നേതാക്കള്‍ ഓഫീസ് മേധാവികളായിട്ടുള്ള ഇടങ്ങളില്‍  ഓഫീസുകള്‍ പൂട്ടി താക്കോലുമായി അവര്‍ സ്ഥലം വിട്ടതിനാല്‍ പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് ഓഫീസില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. ഓഫീസ് മേധാവികള്‍ പണിമുടക്ക് നടത്തിയാല്‍ പകരം സംവിധാനമുണ്ടാകണമെന്ന നിയമത്തെ അട്ടിമറിക്കുകയാണ് ഇവര്‍ ചെയ്തത്. 

പല സ്ഥലങ്ങളിലും ഓഫീസില്‍ ഹാജരായ എന്‍ജിഒ സംഘ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ആക്രമിച്ച് ഓഫീസുകള്‍ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിലെ മുണ്ടക്കല്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരനും എന്‍ജിഒ സംഘ് കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സ്രോതസിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഹര്‍ഷന്റെ നേതൃത്വത്തില്‍ ഓഫീസില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ച് ഓഫീസ് അടപ്പിക്കുകയും ചെയ്തു. ഈ കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റു ചെയ്യണമെന്നും എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു. 

പണിമുടക്കുമായി സഹകരിച്ച ജീവനക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.