കനത്ത സുരക്ഷാ വീഴ്ച: ആര്‍ക്കും വേഷം മാറിയെത്താം

Thursday 10 January 2019 6:50 am IST

സന്നിധാനം: ശബരിമലയില്‍ വേഷപ്രച്ഛന്നയായി ദര്‍ശനം നടത്തിയെന്ന അവകാശവാദം ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നത് പോലീസിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി. 

പോലീസിനെ അറിയിക്കാതെയാണ് താന്‍ വന്നതെന്നാണ് മഞ്ജു എന്ന യുവതി പറയുന്നത്. ഇതു സത്യമെങ്കില്‍ ശബരിമലയില്‍ വന്‍ സുരക്ഷാപാളിച്ച സംഭവിച്ചെന്നു വ്യക്തം. എന്നാല്‍ മഞ്ജുവിന്റെ വരവിനു പിന്നിലും പോലീസിന്റെ ഗൂഢാലോചനയുണ്ടെന്ന വാദം ശക്തിപ്പെട്ടു. 

അറുപതിന് മുകളില്‍ പ്രായമുള്ള സ്ത്രീയുടെ വേഷത്തിലാണ് മഞ്ജു ശബരിമലയില്‍ എത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചിത്തിര ആട്ട വിശേഷത്തിന് പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുമ്പോള്‍ താന്‍ തിരികെ വരും എന്ന് അറിയിച്ചിരുന്നതാണ്. എന്നിട്ടും മഞ്ജു വരുന്ന കാര്യം സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അറിഞ്ഞില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. ഫേസ് ഡിറ്റക്ഷന്‍ ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നും കുറ്റവാളികളെയും ക്രിമിനലുകളെയും പ്രശ്‌നം ഉണ്ടാക്കാന്‍ വരുന്നവരെയും തിരിച്ചറിയും എന്നുമൊക്കെയുള്ള വീരവാദങ്ങളും പോലീസ് ഉന്നയിച്ചിരുന്നു.

ശബരിമലയുടെ പ്രവേശന കവാടമായ പമ്പയിലെ പരിശോധന പ്രഹസനം മാത്രമായി മാറുകയാണ്. ആര്‍ക്കും എങ്ങനെയും എത്താം. വെര്‍ച്വല്‍ ക്യൂ സംവിധാനം പോലും സുരക്ഷിതമല്ലെന്ന് ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വൃദ്ധയുടെ വേഷത്തില്‍ അയ്യായിരത്തിലധികം പോലീസിനെയും ഇന്റലിജന്‍സിനേയും ഷാഡോ പോലീസിനെയും വെട്ടിച്ച് ശബരിമലയില്‍ എത്തിയെന്ന് മഞ്ജു അവകാശപ്പെടുന്നത്. 

 എന്നാല്‍, മഞ്ജു എത്തിയെങ്കില്‍ അത് പോലീസിന്റെ ഒത്താശയോടെയാണെന്ന ആരോപണവും ഉയരുന്നുണ്ട്. പമ്പയില്‍ കുളിച്ചെന്നും അതിന് ശേഷമാണ് ശബരിമലയില്‍ എത്തിയത് എന്നുമാണ് മഞ്ജു വീഡിയോയില്‍ പറയുന്നത്. എന്നാല്‍, പമ്പയില്‍ കുളിച്ചശേഷം ഇത്തരത്തില്‍ വേഷം മാറുക അസാധ്യമാണ്. ഭക്തര്‍ക്ക് എളുപ്പം തിരിച്ചറിയാനാകും. അതുകൊണ്ട് തന്നെ പോലീസിന്റെ അറിവോടെ വേഷം മാറ്റി, മഫ്തി പോലീസ് അകമ്പടിയില്‍ ശബരിമലയില്‍ എത്തിച്ചതാണെന്ന വാദവും ശക്തമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.