ന്യൂദല്‍ഹി:പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെതിരെ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷന് നോട്ടീസയച്ചു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം സ്ത്രീ വിരുദ്ധവും കുറ്റകരവും അസാന്മാര്ഗികവുമാണ്. പൊതുവായി സ്ത്രീകളുടെ അന്തസ്സിനെ അങ്ങേയറ്റം അവഹേളിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് രാഹുല്‍ നടത്തിയതെന്നും ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ വ്യക്തമാക്കി.
പ്രധാന സ്ഥാനങ്ങളിലുള്ളവര്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ വനിതാ കമ്മീഷന് അപലപിക്കുന്നതായും നോട്ടിസില്‍ ഉണ്ട്. വിഷയത്തില്‍ രാഹുല്‍ വിശദീകരണം നല്‍കണമെന്നും വനിതാ കമ്മീഷന് ആവശ്യപ്പെട്ടു.
ഒരു ‘മഹിള’യെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ ഏല്പിച്ചു പ്രധാനമന്ത്രി മോദി ഓടിപ്പോയെന്ന രാഹുലിന്റെ പരാമര്‍ശമാണു വിവാദത്തിലായത്. രാഹുലിന്റെ പ്രസ്താവന രാജ്യത്തെ സ്ത്രീകള്ക്കെതിരെയുള്ളതാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണു വനിതാ കമ്മീഷന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: