സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ പുറത്താക്കി

Thursday 10 January 2019 7:35 pm IST
കേന്ദ്രസര്‍ക്കാരിന് വലിയ വിജയമാണ് ഉന്നതാധികാരസമിതിയുടെ ഈ തീരുമാനം. കേന്ദ്രം നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടി രണ്ടുദിവസം മുമ്പാണ് സുപ്രീംകോടതി അലോക് വര്‍മയ്ക്ക് സിബിഐ മേധാവിയായി പുനര്‍നിയമനം നല്‍കിയത്.

ന്യൂദല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ ഉന്നതാധികാര സമിതി പുറത്താക്കി. പ്രധാനമന്ത്രിയും സുപ്രീംകോടതി ജഡ്ജിയും പ്രതിപക്ഷ നേതാവും അടങ്ങിയ സമിതിയാണ് നടപടിയെടുത്തത്. രണ്ടര മണിക്കൂര്‍ നീണ്ട യോഗത്തില്‍ അലോക് വര്‍മയ്‌ക്കെതിരായ കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 

കേന്ദ്രസര്‍ക്കാരിന് വലിയ വിജയമാണ് ഉന്നതാധികാരസമിതിയുടെ ഈ തീരുമാനം. കേന്ദ്രം നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടി രണ്ടുദിവസം മുമ്പാണ് സുപ്രീംകോടതി അലോക് വര്‍മയ്ക്ക് സിബിഐ മേധാവിയായി പുനര്‍നിയമനം നല്‍കിയത്. എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് നടന്ന നിര്‍ണായക യോഗമാണ് അലോക് വര്‍മ്മയെ നീക്കിയത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ച ജസ്റ്റിസ് എ.കെ സിക്രി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഗുരുതരമായ ആരോപണങ്ങള്‍ ഉള്ളതിനാല്‍ വര്‍മ സിബിഐ ഡയറക്ടര്‍ പദവിയില്‍ തുടരേണ്ടതില്ലെന്ന നിലപാടാണ് പ്രധാനമന്ത്രിയും ജസ്റ്റിസ് സിക്രിയും കൈക്കൊണ്ടത്. എന്നാല്‍ വര്‍മയ്ക്ക് അനുകൂലമായ നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്താണ് വര്‍മ്മയെ നീക്കിയത്. 

കേന്ദ്രതീരുമാനത്തിന് അനുകൂലമായി സുപ്രീംകോടതി ജഡ്ജി നിലകൊണ്ടത് കേന്ദ്രത്തിന്റെ വാദങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കി. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള പടലപ്പിണക്കത്തെ തുടര്‍ന്നാണ് കേന്ദ്രം ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കി നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്. 

ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച വര്‍മയ്ക്ക്, വാദങ്ങള്‍ക്ക് ശേഷം ഡയറക്ടര്‍ പദവി തിരികെ നല്‍കുകയായിരുന്നു. രണ്ടുവര്‍ഷം കാലാവധിയുള്ള ഡയറക്ടര്‍ പദവിയില്‍ നിന്ന് വര്‍മ്മയെ മാറ്റുന്നതിന് പ്രധാനമന്ത്രിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും പ്രതിപക്ഷനേതാവും അടങ്ങിയ ഉന്നതാധികാര സമിതിയുടെ തീരുമാനം വേണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. 

സമിതി യോഗം ചേര്‍ന്ന് ഉചിതമായ നടപടി എടുക്കാമെന്നും അതുവരെ വര്‍മ്മ ഡയറക്ടര്‍ പദവിയില്‍ തുടരട്ടെയെന്നുമായിരുന്നു സുപ്രീംകോടതി വിധി. നയപരമായ തീരുമാനം എടുക്കാനും അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍ സ്ഥാനത്ത്‌നിന്ന് നീക്കിയ ശേഷം സിബിഐയില്‍ നടന്ന സ്ഥലംമാറ്റ ഉത്തരവുകളെല്ലാം വര്‍മ റദ്ദാക്കിയത് വിവാദമായിരുന്നു.

അഴിമതി, കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നിവയടക്കമുള്ള കുറ്റങ്ങള്‍ക്ക് പുറത്താക്കുന്ന ആദ്യ സിബിഐ മേധാവിയാണ് വര്‍മ. വര്‍മയെ അവധിക്കയച്ച സമയത്ത് ഡയറക്ടറുടെ ചുമതല വഹിച്ച നാഗേശ്വര റാവുവാണ് താല്‍ക്കാലിക ഡയറക്ടര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.